കൊച്ചി: കേരളത്തിലെ സ്വര്‍ണക്കള്ളക്കടത്ത് കേസും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നാഷണല്‍ ഹെറാള്‍ഡ് കേസും ഒരേ ഗെയിമാണെന്ന വിമര്‍ശനവുമായി അധ്യാപകനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. അരുണ്‍ കുമാര്‍.
കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ ഒരു വകുപ്പും നിലനില്‍ക്കാത്ത കേസിലാണ് ഇ.ഡിയ്ക്ക് മുന്നില്‍ (ഐ.റ്റി. വകുപ്പിന് മുന്നിലല്ല ) രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് തുടര്‍ച്ചയായി മൂന്നാം ദിനവും ഹാജരാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു പക്ഷേ രാഹുലിന്റെ അറസ്റ്റിലേക്കും നീങ്ങിയേക്കാം. ഇവിടെ സ്വപ്‌നയും എച്ച്.ആര്‍.ഡി.എസും അവിടെ ഇ.ഡിയും എന്ന വ്യത്യാസമേ ഉള്ളു. ഒരേ ഗെയിമാണ്. ഒരൊറ്റ ലക്ഷ്യമാണ്, ഒരൊറ്റ റൂളാണെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രക്രിയ തന്നെ പ്രതികാരവും ശിക്ഷയും എന്ന തലക്കെട്ടോടുകൂടിയായിരുന്നു പോസ്റ്റ്.
രാജ്യമൊട്ടാകെ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് ഈ അതോറിട്ടേറിയന്‍ ഗെയിമിനെ നേരിടേണ്ട സമയമാണ്.
ആരോപണ ശരശയ്യയില്‍ കിടത്തുക. നടപടി തന്നെ ഒരു ശിക്ഷയായി അനുഭവിപ്പിക്കുക. ഇതറിയാത്ത രാഷ്ട്രീയത്തെയോ നേതാക്കളെയോ പിന്‍തുടരുന്നതിലര്‍ത്ഥമില്ലെന്നും അരുണ്‍ കുമാര്‍ ചൂണ്ടിക്കാട്ടി.
അതേസമയം കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇന്നും ഇ.ഡി രാഹുല്‍ ഗാന്ധിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി പതിനെട്ട് മണിക്കൂര്‍ നേരമാണ് രാഹുലിന്റെ ചോദ്യം ചെയ്യല്‍ നീണ്ടത്. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം, അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഉള്‍പ്പെട്ട പ്രത്യേക സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച രേഖകള്‍ ഇ.ഡി രാഹുലിനെ കാണിച്ചിരുന്നു.
രാഹുല്‍ ഗാന്ധിക്കെതിരെ തെളിവുണ്ടെന്നാണ് എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അവകാശപ്പെടുന്നത്. നിഴല്‍ കമ്പനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത് വിശദീകരിക്കാന്‍ രാഹുല്‍ ഗാന്ധിക്കായില്ലെന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡോടെക്‌സ് മെര്‍ക്കന്‍ഡൈസ് എന്ന കമ്പനിക്ക് രാഹുല്‍ ഗാന്ധി ഒരു ലക്ഷം രൂപ കമ്മീഷന്‍ നല്‍കിയെന്നും ഇക്കാര്യത്തില്‍ തെളിവുണ്ടെന്നും ഇ.ഡി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കാനായിരുന്നു കമ്മീഷനെന്നാണ് ആരോപണം.
എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സോണിയ ഗാന്ധി കൂടുതല്‍ സമയം തേടി.
Content Highlights: Criticizing the gold smuggling case and the National Herald case against Rahul Gandhi as the same game Dr. Arun Kumar