| Friday, 26th February 2021, 11:34 am

മോദി സ്റ്റേഡിയത്തെ വിമര്‍ശിച്ചു; ആളുമാറി സ്‌പൈഡര്‍മാന്‍ നായകന്‍ ടോം ഹോളണ്ടിനെതിരെ സൈബര്‍ ആക്രമണം; സിനിമ നിരോധിക്കണമെന്നാവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മോദിയുടെ പേരിലുള്ള സ്റ്റേഡിയത്തെയും വിമര്‍ശിച്ചെന്ന് കാണിച്ച് ആളുമാറി ഹോളിവുഡ് നടന്‍ ടോം ഹോളണ്ടിന് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം.

ടോമിന്റെ പുതിയ സിനിമാ സ്‌പൈഡര്‍മാന്‍ 3 ഇന്ത്യയില്‍ നിരോധിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ട്വിറ്ററില്‍ മോട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തിന് നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് പേര് നല്‍കിയതിനെ കളിയാക്കി നിരവധി പേരാണ് ട്വീറ്റ് ചെയ്തത്.

ക്രിക്കറ്റ് കളിക്കാരനും ഇംഗ്ലീഷ് എഴുത്തുകാരനുമായ ടോം ഹോളണ്ടും തീരുമാനത്തെ കളിയാക്കി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇത് ഹോളിവുഡ് താരമായ ടോം ഹോളണ്ടാണെന്ന് കരുതി താരത്തിനെതിരെ വ്യാപകമായി സൈബര്‍ ആക്രമണം നടത്തുകയായിരുന്നു.

ടോം ഹോളണ്ട് അഭിനയിക്കുന്ന സ്‌പൈഡര്‍മാന്‍ 3 എന്ന സിനിമ ഇന്ത്യയില്‍ നിരോധിക്കണമെന്നും ടോം ഹോളണ്ടിന്റെ വിമര്‍ശനം അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നും ഇവര്‍ ആരോപിച്ചിരുന്നു.

ബോയ്‌കോട്ട് സ്പൈഡര്‍മാന്‍ എന്ന ഹാഷ് ടാഗ് ക്യാംപെയിനും ട്വിറ്ററില്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം സ്റ്റേഡിയത്തിന്റെ പേര് മാറ്റിയതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇന്ത്യയില്‍ ഉയരുന്നത്.

കഴിഞ്ഞ ദിവസമാണ് അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാക്കി മാറ്റിയത്.

1,10,000 പേര്‍ക്കിരിക്കാന്‍ കഴിയുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് മൊട്ടേരയിലേത്. ബുധനാഴ്ചയാണ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: criticizes Modi stadium; Cyberattack on disguised Spider-Man hero Tom Holland

We use cookies to give you the best possible experience. Learn more