| Sunday, 19th June 2022, 4:10 pm

യൂസഫലി ആദരണീയനായ വ്യക്തി; ലോക കേരളസഭയില്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം; കെ.എം. ഷാജിയെ തള്ളി മുസ്‌ലിം ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ലുലു ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ എം.എ. യൂസഫലിയെ വിമര്‍ശിച്ച മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിയെ തള്ളി ലീഗ്.

ലോക കേരളസഭ പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചതിനെക്കുറിച്ച് യൂസഫലി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ലീഗ് ലീഗിന്റെ നയം നടപ്പാക്കി എന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

യൂസഫലി ആദരണീയനായ വ്യക്തത്വമാണ്, അദ്ദേഹത്തിന്റെ മാന്യത ഞങ്ങള്‍ അംഗീകരിക്കുന്നു. പ്രവാസി സംഘടനകള്‍ക്ക് ഏറെ സഹായം നല്‍കുന്ന വ്യക്തിയാണ് യൂസഫലിയെന്നും സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവരെല്ലാം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

യൂസഫലി ഒരേസമയം ബിസിനസിനായി മോദിയേയും യോഗിയേയും തൃപ്തിപ്പെടുത്താന്‍ നടക്കുകയാണെന്നും ലീഗിനെ വിമര്‍ശിക്കാന്‍ വരേണ്ടയെന്നുമായിരുന്നു കെ.എം ഷാജിയുടെ വിമര്‍ശനം.

ഞങ്ങളുടെ നേതാക്കള്‍ എവിടെ പോകണം എവിടെ പോകണ്ട എന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ക്ക് നല്ല വ്യവസ്ഥയുണ്ട്.

അത് മുതലാളിമാരുടെ വീട്ടില്‍ പോയി ചീട്ട് വാങ്ങിയിട്ടല്ല പോവുകയും പങ്കെടുക്കുകയും ചെയ്യുന്നതെന്നും കെ.എം ഷാജി പറഞ്ഞിരുന്നു. യൂസഫലിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു  കെ.എം ഷാജിയുടെ വിമര്‍ശനം.

Content Highlights: Criticized by  Lulu Group Chairman and businessman M.A. yoosad ali,The league rejected Muslim League leader K.M. Shaji

  
We use cookies to give you the best possible experience. Learn more