| Wednesday, 9th November 2022, 11:37 pm

'കേരള സ്റ്റോറി'ക്കെതിരെ പ്രതിഷേധം കനക്കുന്നു; ചിത്രം നിരോധിക്കണമെന്ന് കോണ്‍ഗ്രസ്, നടപടി ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് ബ്രിട്ടാസിന്റെ കത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നെന്നാരോപിച്ച് ഹിന്ദി സിനിമയായ ‘കേരള സ്റ്റോറി’ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വാസ്തവ വിരുദ്ധമായ ഉള്ളടക്കമാണ് ചിത്രത്തിന്റെ പുറത്തിറങ്ങിയ ടീസറിലുള്ളതെന്ന പരാതിയില്‍ ചിത്രത്തിനെതിരെ കേസും എടുത്തിരുന്നു.

ഇതിനെത്തുടര്‍ന്ന് കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും മതവിദ്വേഷം പടര്‍ത്തുന്നതുമായ ‘ദി കേരള സ്റ്റോറി’ സിനിമയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് സിങ് ഠാക്കൂറിനും ജോണ്‍ ബ്രിട്ടാസ് എം.പി കത്തയച്ചു.

‘അടിസ്ഥാനരഹിതമായ ഇത്തരം പ്രചാരണങ്ങള്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുക മാത്രമല്ല സമൂഹത്തില്‍ ഗുരുതര പ്രത്യാഘാതവും സൃഷ്ടിക്കുന്നതാണ്. ദേശീയോദ്ഗ്രഥനത്തിന് തടസ്സമാകുന്നതാണ് ഇത്തരം സൃഷ്ടികള്‍. കേരളത്തിലെ രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ പരാമര്‍ശങ്ങളെയും തെറ്റായി ചിത്രീകരിക്കുന്നത് ബോധപൂര്‍വമാണ്.

ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന നിലപാടുകാരനാണെങ്കിലും വിദ്വേഷം പ്രചരിപ്പിക്കുന്നതും അക്രമം പ്രോത്സാഹിപ്പിക്കുന്നതും അനുവദിക്കാനാകില്ല,’ എന്നാണ് ജോണ്‍ ബ്രിട്ടാസ് അമിത് ഷായ്ക്ക് അയച്ച കത്തില്‍ പറയുന്നത്.

‘ദി കേരള സ്റ്റോറി’യുടെ ടീസര്‍ വിവാദമായതോടെ ചിത്രം നിരോധിക്കണമെന്ന ആവശ്യമായി കോണ്‍ഗ്രസും രംഗത്തെത്തി. ടീസര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തിയത്.

‘ഞാന്‍ സിനിമയുടെ ടീസര്‍ കണ്ടു, ഇത് തെറ്റായ വിവരമാണ്. കേരളത്തില്‍ അങ്ങനെയൊന്നും നടക്കുന്നില്ല. ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ്. ഇത് വിദ്വേഷം പരത്തും, അതിനാല്‍ സിനിമ നിരോധിക്കണം. സാധാരണ ഗതിയില്‍ ഞങ്ങള്‍ സിനിമ നിരോധിക്കുന്നതിന് എതിരാണ്, എന്നാല്‍ ഇത്തരം തെറ്റായ വിവരങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും,’ വി.ഡി സതീശന്‍ പ്രതികരിച്ചു.

‘സംസ്ഥാന പൊലീസിന്റെ പക്കല്‍ രേഖകളൊന്നുമില്ല, ഇന്റലിജന്‍സിന്റെ പക്കല്‍ രേഖകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവരത് പുറത്ത് വിടട്ടെ. ഇതാണ് രേഖകള്‍, ഇതാണ് സ്ത്രീകളുടെ പട്ടിക, ഇതാണ് ഐ.എസില്‍ ചേര്‍ന്ന സ്ത്രീകളുടെ വിലാസം, അവരെ കേരളത്തില്‍ എവിടെ നിന്ന് റിക്രൂട്ട് ചെയ്തു, എന്നിങ്ങനെ പൊതുജനങ്ങളെ അറിയിക്കണം,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫാക്ട് ചെക്കിങ് പോര്‍ട്ടലായ ആള്‍ട്ട് ന്യൂസിലും സിനിമയുടെ ടീസറില്‍ പരാമര്‍ശിക്കുന്ന വിവരങ്ങള്‍ വ്യാജമാണെന്ന റിപ്പോര്‍ട്ട് വന്നിരുന്നു.

അതേസമയം, കേരളത്തെ തീവ്രവാദികളെ പിന്തുണയ്ക്കുന്ന സ്ഥലമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സിനിമക്കെതിരെ സെന്‍സര്‍ ബോര്‍ഡിനും പരാതി ലഭിച്ചിരുന്നു.

തമിഴ്നാട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകനാണ് സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കിയത്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം, സെന്‍സര്‍ ബോര്‍ഡ്, കേരള മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവര്‍ക്കുമാണ് മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍. അരവിന്ദാക്ഷന്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഹൈടെക് സെല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് സിനിമക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിയത്. സിനിമയുടെ ടീസറില്‍ നിയമവിരുദ്ധ ഉള്ളടക്കമുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോടാണ് ഡി.ജി.പി കേസെടുക്കാന്‍ നിര്‍ദേശിച്ചത്.

കേരളത്തില്‍നിന്ന് 32,000 സ്ത്രീകളെ നിര്‍ബന്ധപൂര്‍വം മതംമാറ്റി ഐ.എസില്‍ ചേര്‍ക്കാന്‍ സിറിയയിലേക്കും യമനിലേക്കും അയച്ചെന്ന് ആരോപിച്ചുകൊണ്ടാണ് ‘കേരളാ സ്റ്റോറി’യുടെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. ശാലിനി എന്ന കഥാപാത്രം തീവ്രവാദ സംഘടനകള്‍ നടത്തുന്ന പെണ്‍വാണിഭ സംഘത്തില്‍ എത്തിയതിന് പിന്നാലെ ഫാത്തിമയായി ഐ.എസില്‍ ചേരാന്‍ നിര്‍ബന്ധിതയായെന്നാണ് ടീസര്‍ പറയുന്നത്.

പെണ്‍വാണിഭ സംഘത്തില്‍ പെട്ടതിനെത്തുടര്‍ന്ന് ‘ഫാത്തിമാ ബാ’ ആയി മാറിയ അവര്‍ ഐ.എസില്‍ ചേരാന്‍ നിര്‍ബന്ധിതയായി. ഇപ്പോള്‍ താന്‍ ഐ.എസ് തീവ്രവാദിയായി അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിയുന്നു എന്നും ഈ കഥാപാത്രം ടീസറില്‍ പറയുന്നുണ്ട്. വിപുല്‍ അമൃത് ലാല്‍ നിര്‍മിച്ച ചിത്രം സുദീപ്‌തോ സെന്‍ ആണ് സംവിധാനം ചെയ്തത്. ചിത്രത്തില്‍ ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അദാ ശര്‍മയാണ്.

Content Highlight: Criticisms and Complaints Against ‘The Kerala Story’ Movie

We use cookies to give you the best possible experience. Learn more