ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരക്ക് തുടക്കമായിരിക്കുകയാണ്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ വിന്‍ഡീസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ വിജയം ആഘോഷിച്ചിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 1-0ന് മുമ്പിലാണ്.
ബൗളര്‍മാരുടെ കരുത്തിലാണ് ഇന്ത്യ മത്സരം വിജയിച്ചുകയറിയത്. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഏഴ് വിക്കറ്റ് എറിഞ്ഞിട്ടപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ, മുകേഷ് കുമാര്‍, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യ മത്സരത്തിലെ വിജയത്തേക്കാളും ബൗളര്‍മാരുടെ പ്രകടനത്തേക്കാളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് കഴിഞ്ഞ മത്സരത്തിലെ ഇന്ത്യയുടെ ബാറ്റിങ് ലൈന്‍ അപ്പാണ്. ആദ്യ വിക്കറ്റില്‍ രോഹിത് ശര്‍മ – ശുഭ്മന്‍ ഗില്‍ സഖ്യത്തെ പ്രതീക്ഷിച്ചിരുന്ന വിന്‍ഡീസിനെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് ഗില്ലിനൊപ്പം ഇഷാന്‍ കിഷനാണ് കളത്തിലിറങ്ങിയത്.
ടീം സ്‌കോര്‍ 18ല്‍ നില്‍ക്കവെ ആദ്യ വിക്കറ്റായി ഗില്‍ പുറത്തായതിന് പിന്നാലെ മൂന്നാം നമ്പറില്‍ വിരാട് കോഹ്‌ലിയിറങ്ങുമോ രോഹിത് ശര്‍മ ഇറങ്ങുമോ എന്ന് കണ്‍ഫ്യൂഷനടിച്ച ആരാധകരെ വീണ്ടും കണ്‍ഫ്യൂഷനിലാഴ്ത്തി സൂര്യകുമാര്‍ യാദവാണ് കളത്തിലിറങ്ങിയത്.
തുടര്‍ന്ന് നാലാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യയും അഞ്ചാം നമ്പറില്‍ രവീന്ദ്ര ജഡേജയും ആറാം നമ്പറില്‍ ഷര്‍ദുല്‍ താക്കൂറുമാണ് ക്രീസിലെത്തിയത്.
ഏഴാം നമ്പറിലാണ് രോഹിത് ശര്‍മ ബാറ്റിങ്ങിനിറങ്ങിയത്. ഓപ്പണറായി കളത്തിലിറങ്ങേണ്ടവന്‍ ലോവര്‍ മിഡില്‍ ഓര്‍ഡറിലിറങ്ങിയത് ആരാധകരെയും അമ്പരപ്പിച്ചിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങേണ്ടിയിരുന്ന വിരാട് കോഹ്‌ലിയാകട്ടെ ബാറ്റിങ്ങിന് ഇറങ്ങിയതുമില്ല.
ഇന്ത്യയുടെ ഈ തീരുമാനത്തെ കളിയാക്കിക്കൊണ്ട് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ അടക്കം രംഗത്ത് വന്നിരുന്നു.
ചെറിയ വിജയലക്ഷ്യമാണെങ്കില്‍ കൂടിയും വേള്‍ഡ് കപ്പ് ഇയറില്‍ ഇന്ത്യ ഇത്തരം പരീക്ഷണങ്ങള്‍ക്ക് മുതിരുന്നത് ഇന്ത്യന്‍ ആരാധകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. നിര്‍ണായക ഘട്ടത്തില്‍ പോലും ബാറ്റിങ് ഓര്‍ഡറില്‍ പരീക്ഷണം നടത്തുന്ന ഐ.പി.എല്ലിലെ രാജസ്ഥാന്‍ റോയല്‍സുമായും ഇന്ത്യയുടെ ഈ പരീക്ഷണത്തെ ആരാധകര്‍ ചേര്‍ത്തുകെട്ടുന്നുണ്ട്.
വിന്‍ഡീസിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണ് അവസരം ലഭിച്ചില്ലെങ്കിലും താരം രാജസ്ഥാന്‍ റോയല്‍സില്‍ നടത്തിയ പരീക്ഷണങ്ങളും തന്ത്രങ്ങളും ഇന്ത്യയും പയറ്റുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്ന ആര്‍. അശ്വിനെ ടോപ് ഓര്‍ഡറിലേക്ക് പ്രൊമോഷന്‍ നല്‍കിയും ഓപ്പണറായ ജോസ് ബട്‌ലറിനെ മിഡില്‍ ഓര്‍ഡറിലേക്ക് വലിച്ചുമെല്ലാം പരീക്ഷണങ്ങള്‍ നടത്തിയ രാജസ്ഥാന്‍ റോയല്‍സ് ആരാധകരില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വിന്‍ഡീസിനെ അഞ്ച് വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഇഷാന്‍ കിഷന്റെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
ജൂലൈ 29നാണ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം. കെന്‍സിങ്ടണ്‍ ഓവല്‍ തന്നെയാണ് രണ്ടാം മത്സരത്തിനും വേദിയാകുന്നത്. ഈ ഏകദിനത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കാന്‍ തന്നെയാകും ഇന്ത്യ ഒരുങ്ങുന്നത്.
Content Highlight: Criticisms against India’s batting line-up in the first ODI between India and West Indies