ഇന്നലെ കളിക്കാനിറങ്ങിയവന്‍ വരെ തകര്‍ത്തെറിഞ്ഞു, എന്നിട്ടും ഇവനൊരു മാറ്റവുമില്ലല്ലോ? അടി വാങ്ങാന്‍ മാത്രമായി ഹര്‍ഷലിന്റെ ജീവിതം ഇനിയും ബാക്കി
Sports News
ഇന്നലെ കളിക്കാനിറങ്ങിയവന്‍ വരെ തകര്‍ത്തെറിഞ്ഞു, എന്നിട്ടും ഇവനൊരു മാറ്റവുമില്ലല്ലോ? അടി വാങ്ങാന്‍ മാത്രമായി ഹര്‍ഷലിന്റെ ജീവിതം ഇനിയും ബാക്കി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 4th January 2023, 4:51 pm

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ വാംഖഡെയെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്.

ടീമിലെ പല വമ്പന്‍ പേരുകാരും നിരാശപ്പെടുത്തിയപ്പോള്‍ യുവതാരങ്ങളാണ് ഇന്ത്യയെ തുണച്ചത്. സൂര്യകുമാര്‍ യാദവ് അടക്കമുള്ള സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ പരാജയമായപ്പോള്‍ മിഡില്‍ ഓര്‍ഡറില്‍ ദീപക് ഹൂഡയും അക്‌സര്‍ പട്ടേലും നടത്തിയ ചെറുത്ത് നില്‍പ്പാണ് ഇന്ത്യക്ക് തുണയായത്.

ബൗളിങ്ങിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ചഹല്‍ അടക്കമള്ളവര്‍ നിരാശപ്പെടുത്തിയപ്പോള്‍ യുവതാരം ഉമ്രാന്‍ മാലിക്കും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ശിവം മാവിയും തകര്‍ത്തെറിഞ്ഞു.

സൂപ്പര്‍ താരം ഹര്‍ഷല്‍ പട്ടേലായിരുന്നു ഇന്ത്യന്‍ നിരയില്‍ ഏറെ നിരാശപ്പെടുത്തിയ ബൗളര്‍. നാല് ഓവര്‍ പന്തെറിഞ്ഞ് 41 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ഹര്‍ഷല്‍ നേടിയത്. 10.25 ആണ് എക്കോണമി.

2022ല്‍ ടി-20 ഫോര്‍മാറ്റില്‍ 9.39 എന്ന ഏറ്റവും മോശം എക്കോണമി റേറ്റുള്ള ബൗളറായാണ് ഹര്‍ഷല്‍ തലകുനിച്ചുനിന്നത്. എന്നാല്‍ അതില്‍ നിന്നും ഒരു മാറ്റവും താരത്തിന് വന്നിട്ടില്ല എന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു കഴിഞ്ഞ മത്സരത്തില്‍ ഹര്‍ഷല്‍ നടത്തിയത്.

ഇതിന് പിന്നാലെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഹര്‍ഷല്‍ പട്ടേലിനെതിരെ ഉയരുന്നത്.

 

 

ഹര്‍ഷല്‍ മാത്രമല്ല സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലും നിരാശയാണ് സമ്മാനിച്ചത്. രണ്ട് ഓവറില്‍ 26 റണ്‍സാണ് ചഹല്‍ വഴങ്ങിയത്. 13 ആണ് താരത്തിന്റെ എക്കോണമി. മൂന്ന് ഓവറില്‍ 31 റണ്‍സ് വഴങ്ങിയ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലും മികച്ച രീതിയില്‍ അടിവാങ്ങിക്കൂട്ടിയിരുന്നു.

അതേസമയം, മത്സരത്തിലെ അവസാന പന്തിലായിരുന്നു ഇന്ത്യയുടെ വിജയം. അവസാന ഓവറില്‍ 13 റണ്‍സ് ജയിക്കാന്‍ വേണമെന്നിരിക്കെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ പന്ത് അക്സര്‍ പട്ടേലിനെ ഏല്‍പിക്കുകയായിരുന്നു.

ഇരുപതാം ഓവറിലെ ആദ്യ പന്ത് വൈഡും രണ്ടാം പന്തില്‍ സിംഗിളും പിറന്നപ്പോള്‍ ആരാധകര്‍ അല്‍പം ഭയന്നു. എന്നാല്‍ തൊട്ടടുത്ത പന്ത് ഡോട്ട് ആക്കിക്കൊണ്ട് അക്സര്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കി. എന്നാല്‍ അവരുടെ നെഞ്ചിടിപ്പേറ്റിക്കൊണ്ട് അടുത്ത പന്ത് ഗ്യാലറിയിലെത്തി.

മൂന്ന് പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ തൊട്ടടുത്ത പന്ത് ഡോട്ട് ആക്കുകയും അഞ്ച്, ആറ് പന്തുകളില്‍ രണ്ട് റണ്ണൗട്ടുകളും പിറന്നതോടെ ഇന്ത്യ രണ്ട് റണ്‍സിന് വിജയിക്കുകയായിരുന്നു.

ഫൈനല്‍ സ്‌കോര്‍

ഇന്ത്യ: 162/5 (20)
ശ്രീലങ്ക: 160 (20)

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്ക് സാധിച്ചു. ജനുവരി അഞ്ചിനാണ് പരമ്പരയിലെ അടുത്ത മത്സരം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി.

 

Content highlight: Criticisms against Harshal Patel for bad bowling