ബില്‍ക്കിസ് ബാനുവിനെക്കുറിച്ച് മൗനം; ഇറാന്‍ പ്രതിഷേധത്തെ പിന്തുണച്ച പ്രിയങ്ക ചോപ്രക്ക് ഇന്ത്യയിലെ സുപ്രധാന വിഷയങ്ങളില്‍ അഭിപ്രായമില്ലെന്ന് വിമര്‍ശനം
national news
ബില്‍ക്കിസ് ബാനുവിനെക്കുറിച്ച് മൗനം; ഇറാന്‍ പ്രതിഷേധത്തെ പിന്തുണച്ച പ്രിയങ്ക ചോപ്രക്ക് ഇന്ത്യയിലെ സുപ്രധാന വിഷയങ്ങളില്‍ അഭിപ്രായമില്ലെന്ന് വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th October 2022, 11:59 pm

ന്യൂദല്‍ഹി: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി നടി പ്രിയങ്ക ചോപ്ര രംഗത്തെത്തിയിരുന്നു.

‘വര്‍ഷങ്ങള്‍ നീണ്ട നിശബ്ദതയെ ഭേദിക്കുന്ന ഈ പ്രതിഷേധശബ്ദം ഒരു അഗ്‌നിപര്‍വതം പോലെ പൊട്ടിത്തെറിക്കും. ഈ പ്രതിഷേധ പ്രവാഹത്തെ തടഞ്ഞുനിര്‍ത്തുക അസാധ്യമാണ്.

നിങ്ങളുടെ ധൈര്യവും നിശ്ചയദാര്‍ഢ്യവും എന്നെ അമ്പരപ്പിച്ചിരിക്കുന്നു. സ്വന്തം ജീവനുതന്നെ ഭീഷണിയാകുന്ന രീതിയില്‍, ഒരു പുരുഷാധിപത്യ വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ട് അവകാശങ്ങള്‍ക്കായി പോരാടുന്നത് ഒരിക്കലും എളുപ്പമല്ല. എന്നാല്‍ നിങ്ങള്‍ ധീരരായ സ്ത്രീകളാണ്,’ എന്നാണ് പ്രിയങ്ക ചോപ്ര വിഷയത്തില്‍ പ്രതികരിച്ചിരുന്നത്.

പ്രിയങ്കയുടെ ഈ നിലപാടിനെ അഭിനന്ദിച്ച് പലരും രംഗത്തെത്തിയിരുന്നു. എന്നാലിപ്പോള്‍ ഇറാനിലെ വിഷയത്തില്‍ പ്രതികരിച്ച പ്രിയങ്ക ചോപ്ര ഇന്ത്യയിലെ ഏതെങ്കിലും സുപ്രധാന വിഷയത്തില്‍ സംസാരിക്കുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ എന്നാണ് ഒരുവിഭാഗം ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചോദിക്കുന്നത്. പ്രിയങ്കയുടേത് സേഫ് സോണിലുള്ള വിമര്‍ശനമാണെന്നാണ് ഇവര്‍ പറയുന്നത്.

ഇറാനിലെ സ്ത്രീകളോടുള്ള പ്രിയങ്ക ചോപ്രയുടെ കരുതല്‍ വിലമതിക്കുന്നുവെന്നും പക്ഷേ ബില്‍ക്കിസ് ബാനുവിനെ ആക്രമിച്ചവരെ ഭരണകൂടം വെറുതെ വിട്ടപ്പോള്‍ പ്രിയങ്ക എവിടെയായിരുന്നുവെന്നും ആളുകള്‍ ചോദിക്കുന്നു.

ഇന്ത്യയിലെ മുസ്‌ലിങ്ങളെ, പ്രത്യേകിച്ച് അവരുടെ മാതൃരാജ്യത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകളെ ഭരണകൂടത്തിന്റെ ആളുകള്‍ ഉപദ്രവിച്ചപ്പോഴുള്ള പ്രിയങ്കയുടെ മൗനം അത്മപരിശോധന നടത്തണമെന്നും വിമര്‍ശനമുണ്ട്.

ശരിയായ രീതിയില്‍ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെയാണ് ഇറാനില്‍ പ്രതിഷേധം കത്തിപ്പടര്‍ന്നത്.

CONTENT HIGHLIGHTS: Criticism Why does Priyanka Chopra who supported the Iran protest not have an opinion on important issues in India