താന്തോന്നിയായ ഒരു പൊലീസുകാരന്റെ ജീവചരിത്രം, അതാണ് ക്രിസ്റ്റഫര്‍. ഓരോ കേസിനും തന്റേതായ വഴികളിലൂടെ അന്വേഷണം നടത്തി തന്റേതായ ശരികളിലൂടെ ന്യായം വിധിക്കുന്ന ഒരു ഐ.പി.എസ്. ഓഫീസറാണ് ക്രിസ്റ്റഫര്‍.
സ്ത്രീകള്‍ക്കെതിരായ അതിക്രമം അദ്ദേഹത്തിന് ക്ഷമിക്കാനാവില്ല. ഇത്തരം കേസുകളില്‍ എത്രയും വേഗം അയാള്‍ ‘ന്യായം’ നടപ്പിലാക്കും. സ്ത്രീകള്‍ക്കെതിരായ കേസുകളില്‍ ഇത്രയും ശ്രദ്ധ കാണിക്കുന്നതിന് പിന്നില്‍ അയാള്‍ക്ക് ദുരന്തപൂര്‍ണമായ ഒരു ഫ്‌ളാഷ് ബാക്ക് കൂടി പറയാനുണ്ട്.
എന്തായാലും സ്ത്രീകളെ ഉപദ്രവിക്കുന്നവരുടെ അന്തകനായാണ് ക്രിസ്റ്റഫര്‍ ചിത്രത്തിലെത്തുന്നത്. അതിനയാള്‍ കണ്ടെത്തുന്ന വഴി എന്‍കൗണ്ടര്‍ കില്ലിങ്ങുകളാണ്. ഇരകളായ സ്ത്രീകള്‍ക്ക് കഴിയുന്നത്രയും വേഗത്തില്‍ ക്രിസ്റ്റഫര്‍ ‘നീതി’ നടപ്പാക്കി കൊടുക്കുന്നുണ്ട്.
ഇതിലൂടെ ചിത്രത്തില്‍ ഗ്ലോറിഫൈ ചെയ്യപ്പെടുന്നത് നിയമവിരുദ്ധമായ എന്‍കൗണ്ടര്‍ കില്ലിങ്ങുകളാണ്. ജസ്റ്റിസ് ഡിലെയ്ഡ് ഈസ് ജസ്റ്റിസ് ഡിനെയ്ഡ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ക്രിസ്റ്റഫര്‍ തന്റെ നീതി നടപ്പാക്കുമ്പോള്‍ ആ കൊലപാതകങ്ങള്‍ക്കൊപ്പമാണ് ചിത്രവും നില്‍ക്കുന്നത്.
നിയമവിരുദ്ധമായ ഈ നീതി നടപ്പാക്കലിന് കാരണങ്ങള്‍ നിരത്തി ന്യായീകരിക്കുന്നുമുണ്ട് സിനിമ. പ്രതികളെന്ന് കണ്ടെത്തുമ്പോള്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്ക് പോലും നീങ്ങാതെയാണ് ഈ ‘നീതി നടപ്പാക്കല്‍’. അതിന് മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ജനപിന്തുണ കൂടി ലഭിക്കുന്നത് കൂടി കാണിക്കുമ്പോള്‍ കാണുന്ന പ്രേക്ഷകനേയും ഒപ്പം നില്‍ക്കാന്‍ പ്രേരിക്കുകയാണ് ചിത്രം.
ഒരു എന്‍കൗണ്ടര്‍ കില്ലിങ്ങില്‍ സംഭവിക്കാവുന്ന ചില പ്രശ്‌നങ്ങളുണ്ട്. യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുക, തെളിവുകള്‍ നശിക്കുക, മറ്റ് പ്രതികളെ പിടിക്കാനുള്ള വഴി അടയുക എന്നിങ്ങനെ നിരവധി പിഴവുകള്‍ ഒരു എന്‍കൗണ്ടര്‍ കില്ലിങ്ങില്‍ ഉണ്ടാകാം. അതൊന്നും അഡ്രസ് ചെയ്യാതെ ഈ ‘നീതി നടപ്പാക്കലിനെ’ വാഴ്ത്തുകയാണ് ക്രിസ്റ്റഫര്‍ ചെയ്യുന്നത്.
തന്നെയുമല്ല സമൂഹത്തില്‍ നിന്നും സ്ത്രീകള്‍ അനുഭവിക്കുന്ന മറ്റ് പ്രശ്‌നങ്ങളെ കാണാതെ ക്രൂരമായ ബലാത്സംഗങ്ങളിലൂടെ ഉണ്ടാകുന്ന പൊതുജനവികാരത്തെ അനുകൂലമായി ഉപയോഗിക്കുകയാണ് സിനിമ.
Content Highlight: criticism to christopher’s justice