| Saturday, 15th April 2023, 8:00 pm

'വന്ദേഭാരതില്‍ തൊട്ട കുടുംബത്തെ ഇന്റര്‍വ്യൂ ചെയ്ത് മനോരമ'; ഒരു ട്രെയിന്‍ സര്‍വീസ് തുടങ്ങിയതിലെ മാധ്യമ പ്രഹസനങ്ങള്‍ക്കെതിരെ ട്രോള്‍, വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട സംഭവത്തെ മാധ്യമങ്ങള്‍ പ്രഹസനമായി ആഘോഷിക്കുന്നുവെന്ന് വിമര്‍ശനം. കോട്ടയത്ത് വന്ദേഭാരത് തീവണ്ടിയെ തൊട്ട കുടുംബത്തെ മനോരമ ന്യൂസ് ഇന്റര്‍വ്യൂ ചെയ്ത സംഭവമടക്കം ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനവും ട്രോളുകളും ഉയരുന്നത്.

‘വന്ദേഭാരതിന് കോട്ടയത്ത് സ്റ്റോപ്പില്ല; പക്ഷേ ഈ കോട്ടയംകാര്‍ കണ്ടു, തൊട്ടു’ എന്ന തലക്കെട്ടിലായിരുന്നു, വന്ദേഭാരതില്‍ തൊട്ട കോട്ടയം സ്വദേശികളെ കണ്ടെത്തി മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയിയത്.

വന്ദേഭാരതിനെ മീഡിയയും ബി.ജെ.പി പ്രവര്‍ത്തകരും അതിരുവിട്ട പ്രഹസനങ്ങളിലൂടെ ആഘോഷിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. ‘ഒരു ട്രെയിന്‍ സര്‍വീസ് തുടങ്ങുമ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പ്പ് വിളികളുമായി സ്വീകരിക്കുന്ന മണ്ടന്മാര്‍ ഇപ്പൊ ഇന്ത്യയില്‍ മാത്രമേ കാണുകയുള്ളൂ’ എന്നാണ് വിഷയത്തില്‍ വന്ന ഒരു കമന്റ്.

അതേസമയം, വന്ദേഭാരത് ട്രെയിനിന്റെ ഫ്ളാഗ് ഓഫിനെക്കുറിച്ച് സംസ്ഥാനത്തിന് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കേരളത്തിലെ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്‌മാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു കേരളത്തില്‍ സര്‍വീസ് നടത്താനുള്ള വന്ദേഭാരതിന്റെ റേക്ക് ചെന്നൈയില്‍നിന്ന് കേരളത്തിലെത്തിയത്. 16 കോച്ചുകളാണ് ട്രെയിനിലുള്ളത്. തുടക്കത്തില്‍ ഒരു ട്രെയിനാകും സര്‍വീസ് നടത്തുക. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയോടെ കണ്ണൂരെത്തി അരമണിക്കൂറിന് ശേഷം മടങ്ങുന്ന രീതിയിലാണ് സര്‍വീസ്.

Content Highlight: Criticism that the media is celebrating the incident related to the start of the Vandebharat train in Kerala as a farce

We use cookies to give you the best possible experience. Learn more