ശീതകാല സമ്മേളനം നീട്ടിയത് ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്, സിറ്റിങ്ങ് 17യാക്കി കുറച്ചു; കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം
national news
ശീതകാല സമ്മേളനം നീട്ടിയത് ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്, സിറ്റിങ്ങ് 17യാക്കി കുറച്ചു; കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th November 2022, 10:16 pm
ഏറ്റവും വലിയ ജനാധിപത്യ രാജ്യം നഗ്നനായ ഒരു ചക്രവര്‍ത്തിയുടെ കൈകളിലെ തെരഞ്ഞെടുപ്പ് ഉപകരണമായി ചുരുങ്ങിയെന്ന് മഹുവ മൊയ്ത്ര

ന്യൂദല്‍ഹി: പാര്‍ലമെന്റ് ശീതകാല സമ്മേളനം കേന്ദ്രസര്‍ക്കാര്‍ വെട്ടിച്ചുരിക്കിയെന്ന് വിമര്‍ശനം. ഡിസംബര്‍ ഏഴ് മുതല്‍ 29 വരെ നടക്കുന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനം ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നീട്ടിയെന്നും വിമര്‍ശനമുണ്ട്.

നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിട്ടാണ് സാധാരണ ശീതകാല സമ്മേളനം നടക്കാറുള്ളത്. എന്നാല്‍ ഇത് ഗുജറാത്ത് തെരഞ്ഞെടുപ്പ് കാരണം ഡിസംബറിലേക്ക് നീട്ടിയെന്നും വെറും 17 സിറ്റിങ് ആക്കി സമ്മേളനം കുറച്ചുവെന്നും പ്രതിപക്ഷ എം.പിമാര്‍ പറഞ്ഞു.

 

ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം. ഡിസംബറില്‍ സമ്മേളനം ചേരുന്നത് തങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തടസ്സമാകുമെന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ എം.പിമാര്‍ പരാതിപ്പെട്ടു.

‘ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷമേ പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കൂ. 17 സിറ്റിങ്ങുകള്‍ മാത്രമാകും പ്രവര്‍ത്തിക്കുക. ഏറ്റവും വലിയ ജനാധിപത്യ രാജ്യം, നഗ്‌നനായ ഒരു ചക്രവര്‍ത്തിയുടെ കൈകളിലെ തെരഞ്ഞെടുപ്പ് ഉപകരണമായി ചുരുങ്ങി,’ എന്നാണ് വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര ട്വിറ്ററിലൂടെ പ്രതികരിച്ചത്.

ഡിസംബര്‍ ഏഴ് മുതല്‍ 29 വരെയാണ് പാര്‍ലമെന്റ് സമ്മേളനം. 23 ദിവസങ്ങളിലായി 17 സിറ്റിങ്ങുകള്‍ ഉണ്ടാകുമെന്നാണ് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചത്.

കൊവിഡ് വെല്ലുവിളികളെ അതിജീവിച്ച സാഹചര്യത്തില്‍ ശീതകാലസമ്മേളനത്തില്‍ കാര്യമായ നിയന്ത്രണങ്ങള്‍ ഉണ്ടാകാനിടയില്ല. ആദ്യ ദിനത്തില്‍ അന്തരിച്ച സിറ്റിങ്ങ് എം.പിമാര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കും.