| Tuesday, 15th February 2022, 3:36 pm

'പദ്മശ്രീ മമ്മൂട്ടി'; 'ഭീഷ്മ പര്‍വത്തി'ന്റെ ടീസര്‍ നിയമവിരുദ്ധമെന്ന് വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടി-അമല്‍നീരദ് കൂട്ടുകെട്ടിലെത്തുന്ന ‘ഭീഷ്മ പര്‍വം’. ഫെബ്രുവരി 11ന് വന്ന ചിത്രത്തിന്റെ ടീസര്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ടീസറിലെ മമ്മൂട്ടിയുടെ ലുക്കും, ബി.ജി.എമ്മുമെല്ലാം ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ഇതിലൊന്നായിരുന്നു മമ്മൂട്ടിയുടെ പേരെഴുതി കാണിക്കുന്ന ടൈറ്റില്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി എന്നതിന് പകരം പദ്മശ്രീ മമ്മൂട്ടി എന്നായിരുന്നു ടീസറില്‍ ഉണ്ടായിരുന്നത്. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തു.

എന്നാല്‍ ഇതിനൊപ്പം മറ്റൊരു പ്രശ്‌നം കൂടി ഉടലെടുത്തിരിക്കുകയാണ്. രാജ്യം നല്‍കിയ ബഹുമതി കച്ചവടതാല്‍പര്യത്തോടെ ഉപയോഗിക്കുന്നതിന് നിയമസാധുതയില്ല. ഭാരത രത്‌ന, പത്മ പുരസ്‌കാരങ്ങള്‍ പേരിന് മുമ്പോ ശേഷമോ ഉപയോഗിച്ചാല്‍ അത് പിന്‍വലിക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്.

ഭാരതരത്ന, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ തുടങ്ങിയ ദേശീയ പുരസ്‌കാരങ്ങള്‍ ആര്‍ട്ടിക്കിള്‍ 18(1) ന്റെ അര്‍ത്ഥത്തിലുള്ള പദവികള്‍ക്ക് തുല്യമല്ലെന്ന് 2019ല്‍ ലോക്സഭയില്‍ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് ഗംഗാറാം അഹിര്‍ പറഞ്ഞിരുന്നു.

ഇത്തരത്തില്‍ എന്തെങ്കിലും ദുരുപയോഗം ഉണ്ടായാല്‍, ഭാരത രത്‌ന, പത്മ പുരസ്‌കാരങ്ങളുമായി ബന്ധപ്പെട്ട ചട്ടം 10-ല്‍ പറഞ്ഞിരിക്കുന്നത് പ്രകാരം രാഷ്ട്രപതിക്ക് പുരസ്‌കാരങ്ങള്‍ റദ്ദാക്കുവാനും അസാധുവാക്കാനും കഴിയും.

പദ്മശ്രീ പേരിനൊപ്പം ഉപയോഗിച്ചതിന്റെ പേരില്‍ 2013 ല്‍ തെലുഗു സിനിമ താരവും നിര്‍മാതാവുമായ മോഹന്‍ ബാബുവിനോടും, നടന്‍ ബ്രഹ്മാനന്ദത്തോടും ഭാരതരത്‌നം തിരികെ നല്‍കാന്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

പദ്മശ്രീ ദുരുപയോഗിച്ചു എന്ന് ചൂണ്ടിക്കാണിച്ച് മുന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ എന്‍. ഇന്ദ്രസേന റെഡ്ഡി സമര്‍പ്പിച്ച റിട്ട് ഹരജി പരിഗണിക്കുന്നതിനിടയിലായിരുന്നു ചീഫ്. ജസ്റ്റിസ് കല്യാണ്‍ ജ്യോതി സെന്‍ ഗുപ്ത, ചീഫ്. ജസ്റ്റിസ് പി.വി. സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം പരാമര്‍ശിച്ചത്. ‘ദെനികൈന റെഡ്ഡി’ എന്ന തെലുഗു സിനിമയില്‍ പേരിനൊപ്പം താരങ്ങള്‍ പദ്മശ്രീ ഉപയോഗിച്ചിരുന്നു.

ഇതോടെ ഭീഷ്മപര്‍വം ടീസറിലെ പദ്മശ്രീ മമ്മൂട്ടിയും ചര്‍ച്ചയാവുകയാണ്. മാര്‍ച്ച് മൂന്നിനാണ് ഭീഷ്മ പര്‍വം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.


Content Highlight: Criticism that Bhishma Parvati’s teaser is illegal

We use cookies to give you the best possible experience. Learn more