| Thursday, 11th February 2016, 7:21 am

സിയാച്ചിനില്‍ സൈനികരെ വിന്യസിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് വിദേശമാധ്യമങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സിയാച്ചിനില്‍ സൈനികരെ വിന്യസിക്കുന്ന ഇന്ത്യയുടെയും പാകിസ്ഥാന്റെയും നടപടി മനുഷ്യാവകാശ ലംഘനമാണെന്ന വിമര്‍ശനവുമായി വിദേശമാധ്യമങ്ങള്‍. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ യുദ്ധഭൂമിയായ സിയാചിനില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ സൈനികര്‍ മരണപ്പെട്ടത് പ്രതികൂല കാലാവസ്ഥയിലാണ്. തങ്ങളുടെ സൈനികര്‍ കൊല്ലപ്പെടുമ്പോഴും മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കാന്‍ ഇന്ത്യയിലെ സര്‍ക്കാരോ രാഷ്ട്രീയനേതാക്കളോ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള വിദേശമാധ്യമങ്ങള്‍ വിമര്‍ശനം ഉന്നയിക്കുന്നു.

1984 ന് ശേഷം 864 ഇന്ത്യന്‍ സൈനികരാണ് സിയാച്ചിനില്‍ മരണപ്പെട്ടത്. ഇത്ര തന്നെ പാക് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടാവും. കോടികളാണ് ഇരു രാജ്യങ്ങളും സിയാചിനില്‍  ചെലവഴിക്കുന്നത്.

19,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമിയില്‍ സേവനമനുഷ്ഠിക്കുന്ന സൈനികര്‍ അക്ഷരാര്‍ഥത്തില്‍ മരണത്തെ മുന്നില്‍ കാണുന്നവരാണ്. നമുക്കിവിടെ കിട്ടുന്ന ഒക്‌സിജന്റെ 10 ശതമാനം മാത്രമാണ് സിയാചിനില്‍ ലഭിക്കുന്നത്. ശ്വാസതടസ്സവും ആന്തരാവയവങ്ങളുടെ മോശം പ്രവര്‍ത്തനവും ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കവും സൈനികരുടെ മരണത്തിന് കാരണമാകുന്നു.

ഇടിക്കിടെ താഴെ നിന്നെത്തുന്ന സൈനിക ഹെലികോപ്ടര്‍ മാത്രമാണ് പുറം ലോകവുമായുള്ള സിയാചിനിലെ സൈനികരുടെ ഏകബന്ധം. ഇക്കാര്യങ്ങളെല്ലാം ഇരു രാജ്യങ്ങളിലെയും സൈനികരെ തളര്‍ത്തുന്ന ഘടകങ്ങളാണ്.

Latest Stories

We use cookies to give you the best possible experience. Learn more