| Thursday, 28th March 2024, 9:52 am

ഇന്ത്യാ മുന്നണിയെ പരിഹസിച്ചുള്ള ബി.ജെ.പിയുടെ പ്രചരണവീഡിയോയില്‍ സ്ത്രീകളെ ചിത്രീകരിച്ച രീതിക്കെതിരെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യാ മുന്നണി നേതാക്കളെ പരിഹസിക്കുന്ന പരസ്യവുമായി ബി.ജെ.പി. ഇതിന് പിന്നാലെ പരസ്യത്തിനെ വിമര്‍ശിച്ചുകൊണ്ട് പ്രതിപക്ഷം രംഗത്തെത്തി. സമൂഹത്തില്‍ സ്ത്രീകളുടെ പങ്ക് കുറയ്ക്കുന്നതാണ് പരസ്യമെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി, ലാലു പ്രസാദ് യാദവ്, അരവിന്ദ് കെജ്രിവാള്‍, ഉദ്ധവ് താക്കറെ എന്നിവരുള്‍പ്പെടെ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ വിവിധ നേതാക്കളെ അഭിനേതാക്കള്‍ പരിഹസിക്കുന്നത് പരസ്യത്തില്‍ കാണിക്കുന്നുണ്ട്.

ഒരു സ്ത്രീയെ വധുവായി അണിയിച്ചൊരുക്കിയിരിക്കുന്നതും ഇന്ത്യാ ബ്ലോക്ക് നേതാക്കള്‍ അവളുടെ വരന്‍ ആരായിരിക്കുമെന്നതിനെച്ചൊല്ലി തര്‍ക്കിക്കുന്നത് കാണിക്കുന്നതുമാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ അനിശ്ചിതത്വത്തെ കളിയാക്കുന്നതാണിത്.

വിവാഹമെന്നത് പവിത്രമായ സംഗതിയാണ്. പരസ്പര വിശ്വാസത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ബന്ധമാണിത്. ജീവിതത്തിലെ മറ്റെല്ലാ ബന്ധങ്ങളുടെയും അടിത്തറയാണിതെന്നും പരസ്യത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.

‘ഇന്ന്, ബി.ജെ.പി.യുടെ ഒരു അശ്ലീല പരസ്യം, അവരുടെ യാഥാസ്ഥിതിക ദൃഷ്ടിയില്‍, ഒരു സ്ത്രീയുടെ അസ്തിത്വം ലെഹങ്ക ധരിക്കലും വധുവായി നിന്ന് വരനെ ആകര്‍ഷിക്കാനുമാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി. എന്നാല്‍ ജനാധിപത്യത്തില്‍ വരനെ കണ്ടെത്തുന്നതും നിങ്ങളുടെ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്,’ സുപ്രിയ എക്സില്‍ കുറിച്ചു.

സമൂഹത്തിലെ സ്ത്രീകളുടെ പങ്കിനെ അവര്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ ദയനീയമായ ഉദാഹരണമാണ് ബി.ജെ.പി.യുടെ ഏറ്റവും പുതിയ പരസ്യമെന്ന് ശിവസേന (യു.ബി.ടി) നേതാവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.

‘നിശ്ചയിച്ച വിവാഹ പശ്ചാത്തലത്തില്‍ വരനെ ആകര്‍ഷിക്കാന്‍ ഒരു സ്ത്രീയുടെ സാധാരണ സ്റ്റീരിയോടൈപ്പ്. ഒരു ഗവണ്‍മെന്റിനെക്കാള്‍ വരനെ അന്വേഷിക്കുന്ന ഒരു സ്ത്രീയെപ്പോലെയാണ് ഒരു ഇന്ത്യന്‍ വോട്ടറെ അവര്‍ കാണുന്നത്. ഈ പരസ്യം ദൗര്‍ഭാഗ്യകരവും, സമൂഹത്തില്‍ സ്ത്രീയുടെ പങ്ക് കുറയ്ക്കുന്നതുമാണ്,’ ഇന്ത്യാ ടുഡേയോട് സംസാരിച്ച പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.

Content Highlight: Criticism over portrayal of women in BJP campaign video mocking India bloc

We use cookies to give you the best possible experience. Learn more