വിരലുയര്‍ത്തി വിജയമാഘോഷിക്കുന്നതെങ്ങനെ ഐ.എസ് ആംഗ്യമാകും; ജര്‍മന്‍ അവതാരകന്റെ വംശീയതക്കെതിരെ പ്രതിഷേധം | D World
ഡൂള്‍ന്യൂസ് ഡെസ്‌ക്

ചരിത്രത്തിലാദ്യമായി ഒരു ആഫ്രിക്കന്‍ അറബ് ടീം ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്നു. യൂറോപ്യന്‍ ലാറ്റിനമേരിക്കന്‍ ടീമുകള്‍ അടക്കിവാണിരുന്ന ഒരു ടൂര്‍ണമെന്റില്‍ അവര്‍ തുടര്‍ച്ചയായി വിജയക്കൊടി പാറിക്കുന്നു. ഒരു മിഡില്‍ ഈസ്റ്റ് രാജ്യത്ത് ആദ്യമായി നടക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ ഫുട്‌ബോളിനപ്പുറം തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ കൂടി പറഞ്ഞുകൊണ്ട് അറബ് രാജ്യങ്ങളുടെ മൊത്തം പ്രതീകമായി ഉയരുന്നു…

മൊറോക്കോയെ പോലെ ഒരു ടീമിന് ആഹ്ലാദിക്കാനും ആഘോഷിക്കാനും ഇത് വലിയ കാരണങ്ങളാണ്, ഫൈനലിലെ ആ സ്വര്‍ണകപ്പാണ് അവര്‍ ലക്ഷ്യമിടുന്നതെങ്കില്‍ പോലും…

എന്നാല്‍ ഈ സന്തോഷങ്ങള്‍ക്കിടയിലും വംശീയമായ ആക്രമണങ്ങള്‍ക്കും അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കും കുറവുണ്ടാകുന്നില്ല എന്നതാണ് അതിശയപ്പെടുത്തുന്ന ഒരു കാര്യം. പോര്‍ച്ചുഗലിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയിച്ച് സെമിയിലേക്കുള്ള ടിക്കറ്റ് നേടിയ മൊറോക്കന്‍ ടീമിലെ ചില കളിക്കാരെ അധിക്ഷേപിച്ചുകൊണ്ട് പരാമര്‍ശം നടത്തിയിരിക്കുന്നത് ജര്‍മനിയില്‍ നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകനാണ്.

ക്വാര്‍ട്ടറിലെ പോര്‍ച്ചുഗലിനെതിരായ വിജയത്തിന് ശേഷം മൊറോക്കന്‍ ടീമിലെ മൂന്ന് താരങ്ങള്‍ ഡ്രസിങ് റൂമില്‍ വെച്ച് തങ്ങളുടെ രാജ്യത്തിന്റെ പതാകക്കൊപ്പം ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുണ്ടായി. തങ്ങളുടെ വലതുകൈയുടെ ചൂണ്ടുവിരല്‍ മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, ദൈവത്തിന് നന്ദി പറയുന്നതിന്റെ പ്രതീകാത്മകമായിട്ടായിരുന്നു ഇവര്‍ പോസ് ചെയ്തത്.

ദൈവത്തിന്റെ ഏകത്വത്തെ സൂചിപ്പിക്കുന്നതിന്റെ ഭാഗമായാണ് കളിക്കാര്‍ അവരുടെ ചൂണ്ടുവിരല്‍ ഉയര്‍ത്തിപ്പിടിച്ചത്. 1400ലധികം വര്‍ഷങ്ങളായി മുസ്‌ലിങ്ങള്‍ ഉപയോഗിക്കുന്ന പ്രതീകാത്മകമായ ഒരു അടയാളമാണിത്. ആഘോഷത്തിന്റെയും വിശ്വാസത്തിന്റെയും കൂടി അടയാളപ്പെടുത്തല്‍.

എന്നാല്‍ ജര്‍മനിയിലെ ഏറ്റവും പോപ്പുലറായ ടെലിവിഷന്‍ ചാനലുകളിലൊന്നായ വെല്‍ടിലെ (Welt) അവതാരകന്‍ മൊറോക്കന്‍ ടീമിന്റെ ആഹ്ലാദപ്രകടനത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ഭീകരസംഘടനയായ ‘ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആംഗ്യത്തോടെ പോസ് ചെയ്യുന്നു,’ എന്നാണ്. മൊറോക്കന്‍ ടീം ഐ.എസിനെ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഇയാള്‍ പറഞ്ഞുവെക്കുന്നത്.

മൊറോക്കന്‍ കളിക്കാര്‍ ചൂണ്ടുവിരല്‍ വായുവിലേക്ക് ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോ തനിക്ക് ‘അലോസര’മുണ്ടാക്കിയെന്നും ഇത് ഇസ്‌ലാമിക് സ്റ്റേറ്റ് ആരെയെങ്കിലും, എന്തിനെയെങ്കിലും കീഴടക്കിയതിന് ശേഷം കാണിക്കുന്ന ‘സല്യൂട്ട്’ സിമ്പല്‍ ആണെന്നും അവതാരകന്‍ പറയുന്നു.

അവതാരകന്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. വലിയ വിമര്‍ശനമാണ് ജര്‍മന്‍ അവതാരകനെതിരെ വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.

ജര്‍മന്‍ അവതാരകന്റെ പരാമര്‍ശം വിദ്വേഷ പ്രസംഗവും ഗൂഢാലോചന സിദ്ധാന്തത്തിന്റെ ക്ലാസിക് ഉദാഹരണമാണെന്നുമാണ് ഒരു പ്രതികരണം.

മത്സരം ജയിക്കുമ്പോഴും ഗോളടിക്കുമ്പോഴും വിരലുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തങ്ങളുടെ വിജയം ദൈവത്തിനും മരിച്ചുപോയ പ്രിയപ്പെട്ടവര്‍ക്കും സമര്‍പ്പിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസിയുമടക്കം ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളെല്ലാം പതിവായി ചെയ്യുന്ന കാര്യമാണെന്നും ഫോട്ടോകള്‍ സഹിതം ആളുകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.

ജര്‍മനിയില്‍ നിന്ന് തന്നെയുള്ള മാധ്യമപ്രവര്‍ത്തകരടക്കം വെല്‍ട് ചാനലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

മൊറോക്കന്‍ ടീമിന്റെ സന്തോഷത്തെ ഐ.എസുമായി ബന്ധപ്പെടുത്തിയത് വെല്‍ട് ചാനല്‍ കെട്ടിച്ചമച്ചതാണെന്നാണ് ജര്‍മന്‍ പത്രപ്രവര്‍ത്തകനായ തരെക് ബേ പറയുന്നത്. മൊറോക്കന്‍ കളിക്കാര്‍ക്ക് അവരുടെ വിശ്വാസത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം അറിയാമെങ്കിലും, ‘ലോകത്തിലെ ചില വംശീയവാദികള്‍ക്ക് അതറിയില്ല,’ എന്നും പ്രസ്തുത പരാമര്‍ശം നടത്തിയ ജര്‍മന്‍ അവതാരകനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഇദ്ദേഹം പറഞ്ഞു.

ജര്‍മന്‍ വംശീയത ലോകകപ്പിന്റെ കവറേജിലൂടെ എത്രത്തോളം വെളിപ്പെടുന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്നാണ് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഹെബ് ജമാല്‍ ട്വീറ്റ് ചെയ്തത്.

വംശീയതയുടെയും മണ്ടത്തരത്തിന്റെയും ഭയത്തിന്റെയും മിശ്രിതമാണ് ജര്‍മന്‍ അവതാരകന്റെ പരാമര്‍ശം എന്നും പ്രതികരണങ്ങളുണ്ട്. നിങ്ങള്‍ ദൈവത്തോട് നന്ദി പറയുന്നു എന്നതിനര്‍ത്ഥം നിങ്ങള്‍ തീവ്രവാദിയാണ് എന്നാണോ എന്നും ചിലര്‍ ചോദ്യമുയര്‍ത്തുന്നു.

മൊറോക്കന്‍ ടീമിനെ മാത്രമല്ല ഖത്തര്‍ ലോകകപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ കൃത്യമായ രാഷ്ട്രീയ സന്ദേശം നല്‍കുന്ന മറ്റ് അറബ് രാജ്യങ്ങളെ കൂടി അപമാനിക്കുന്ന തരത്തിലുള്ളതാണ് ജര്‍മന്‍ അവതാരകന്റെ പരാമര്‍ശം എന്നും ചിലര്‍ പ്രതികരിക്കുന്നുണ്ട്.

നേരത്തെ ഖത്തര്‍ ലോകകപ്പില്‍ ഫലസ്തീന്‍ ഒരു വിഷയമായി ഉയരുന്നതിനെ ജര്‍മന്‍ ദിനപത്രമായ ടാസ് (Die Tageszeitung, Taz) വിമര്‍ശിച്ചിരുന്നു.

ഫലസ്തീന്‍ പതാക ഉയര്‍ത്തിക്കൊണ്ടും ഫലസ്തീനെ ഒരു പ്രതീകമായി മുന്നോട്ടുവെച്ചുമാണ് മൊറോക്കോ തങ്ങളുടെ സെമി പ്രവേശനം ആഘോഷിച്ചിരുന്നത്. സെമിയിലെത്തിയത് മൊറോക്കോയാണെങ്കിലും ഈ ലോകകപ്പിലെ യഥാര്‍ത്ഥ വിജയികള്‍ ഫലസ്തീനാണ് എന്ന തരത്തില്‍ വരെ സോഷ്യല്‍ മീഡിയയില്‍ ഇതേത്തുടര്‍ന്ന് പ്രതികരണങ്ങളുയര്‍ന്നിരുന്നു.

തങ്ങളുടെ സെമി പ്രവേശനത്തിനൊപ്പം, അതിന്റെ ആഘോഷത്തിനൊപ്പം ഫലസ്തീന്‍ ജനത നേരിടുന്ന ഇസ്രഈലി അടിച്ചമര്‍ത്തലുകളെയും നീതി നിഷേധങ്ങളെയും കൂടി ഉയര്‍ത്തിക്കാണിക്കുന്ന മൊറോക്കന്‍ ടീമിനെയാണ് ജര്‍മന്‍ അവതാരകന്‍ ഇത്തരത്തില്‍ അപമാനിച്ചിരിക്കുന്നതെന്ന് കൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

Content Highlight: Criticism over German news outlet’s ‘racist’ Morocco coverage and anchor’s comment on ISIS