| Thursday, 4th May 2023, 1:23 pm

ഉദ്ഘാടനം കൊണ്ടാണ് ജീവിക്കുന്നതെന്ന് തങ്കച്ചന്‍; സ്റ്റാര്‍ മാജിക്കിനെതിരെ വിമര്‍ശനം; അധപതിക്കുന്നതിനും പരിധിയില്ലേയെന്ന് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫ്‌ളവേഴ്‌സ് ടി.വിയിലെ റിയാലിറ്റി ഷോയിലെ പുതിയ എപ്പിസോഡിനെതിരെ വിമര്‍ശനം. തങ്കച്ചന്‍ വിതുര, അഖില്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ സ്‌കിറ്റിനെതിരെയാണ് വിമര്‍ശനമുയര്‍ന്നത്.

സ്‌കിറ്റിനിടയില്‍ ‘ഉത്സവ സീസണ്‍ കഴിഞ്ഞാല്‍ പിന്നെ എങ്ങനെയാണ് ജീവിക്കുന്നത്,’ എന്നാണ് അഖില്‍ തങ്കച്ചനോട് ചോദിക്കുന്നത്.

ഇതിന് മറുപടിയായി ‘ഉദ്ഘാടനവും ഇന്നാഗുരേഷനുമാണ്,’ എന്ന് പറഞ്ഞ് തങ്കച്ചന്‍ വിതുര തിരിഞ്ഞ് നടക്കുകയാണ്. പിന്‍ഭാഗത്ത് എന്തോ ഉപയോഗിച്ച് ഫിറ്റ് ചെയ്ത് സൈസ് കൂട്ടി വെച്ചിരിക്കുന്നതും കാണും. ഇത് കാണുന്ന തരത്തിലാണ് തങ്കച്ചന്‍ നടക്കുന്നതും.

‘ഉദ്ഘാടനം ഉള്ളതുകൊണ്ട് കഴിഞ്ഞ് പോകുന്നു. ഇപ്പോള്‍ ഉദ്ഘാടനത്തിന്റെ കാലഘട്ടമാണല്ലോ. അതൊക്കെ ഉള്ളതുകൊണ്ട് അഡ്ജസ്റ്റ് ചെയ്ത് പോകുന്നു,’ എന്നാണ് തുടര്‍ന്ന് തങ്കച്ചന്‍ പറയുന്നത്.

ഈ സ്‌ക്റ്റിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നത്. ലക്ഷകണക്കിന് പ്രേക്ഷകര്‍ കാണുന്ന ഒരു പരിപാടിയില്‍ തമാശ ആവാമെന്നും എന്നാല്‍ അത് മറ്റുള്ളവരെ അധിക്ഷേപിക്കലാകരുതെന്നും വിമര്‍ശനമുയര്‍ന്നു. അധപതിക്കുന്നതിനും ഒരു പരിധിയില്ലേ എന്ന ക്യാപ്ഷനോടെയാണ് ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ വീഡിയോ ക്ലിപ്പ് പങ്കുവെക്കപ്പെട്ടത്.

നേരത്തേയും സ്റ്റാര്‍ മാജിക്കിന്റെ വിവിധ എപ്പിസോഡുകള്‍ക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ബോഡി ഷെയ്മിങ് നടത്തിയും നിറത്തെ പരിഹസിച്ചുകൊണ്ടും ഡബിള്‍ മീനിങ് ജോക്കുകള്‍ പറഞ്ഞുമാണ് സ്റ്റാര്‍ മാജിക്കില്‍ ‘തമാശ’കള്‍ ഉണ്ടാക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ഉയരുന്ന വിമര്‍ശനം.

കുടുംബ പ്രേക്ഷകരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കാണുന്ന എപ്പിസോഡുകള്‍ പലപ്പോഴും പരിധി വിട്ട അശ്ലീല ‘തമാശ’കളിലേക്ക് പോകുന്നുവെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

Content Highlight: Criticism on the new episode of star magic

We use cookies to give you the best possible experience. Learn more