കോഴിക്കോട്: ലോകത്തിലെ ഏറ്റവും അപകടകരമായ കണ്ടുപിടുത്തം പാദരക്ഷകളാണെന്ന പ്രചരണത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം. കേരളാ കൗമുദി പത്രത്തിലെ ശാസ്ത്രവീഥി എന്ന പംക്തിയില്‍ പ്രൊഫ. ഡോ. വിവേകാനന്ദന്‍ പി. കടവൂര്‍ എഴുതിയ കുറിപ്പിനെതിരെയാണ് വിമര്‍ശനമുയരുന്നത്.
ചെരുപ്പ് ധരിക്കുന്നതോടെ ഭൂമിയില്‍ നിന്ന് ശരീരത്തിന് ലഭിക്കേണ്ട ഗുണങ്ങള്‍ നഷ്ടപ്പെടുമെന്നാണ് ഇദ്ദേഹം കുറിപ്പില്‍ പറയുന്നത്. ചെരുപ്പിടാതെ നടന്നാല്‍ നിരവധി രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ കഴിയുമെന്നും പറയുന്നു. ചെരിപ്പിടാതെ നടന്നാല്‍ ദീര്‍ഘായുസ് ഉണ്ടാകുമെന്നും കുറിപ്പില്‍ പറഞ്ഞുവെക്കുന്നുണ്ട്. മറ്റ് ജീവജാലങ്ങളില്‍ ഏതെങ്കിലും ചെരിപ്പ് ഉപയോഗിക്കുന്നുണ്ടോ എന്നും ചോദിക്കുന്നുണ്ട്. ശാസ്ത്രം പറയുന്നു എന്ന് പറഞ്ഞാണ് ഈ വാദങ്ങള്‍ അവതരിപ്പിക്കുന്നത്.
പ്രകൃതി ചികിത്സാ ഉഡായിപ്പുകളുടെ അതേ ലൈനിലുള്ള ഒന്നാണ് ഈ വാദങ്ങളെന്നാണ് വിമര്‍ശനം. വലിയ ബിസിനസ് താല്‍പര്യങ്ങളാണ് ഇത്തരത്തിലുള്ള പഠനങ്ങളുടെയും വാര്‍ത്തകളുടെയുമൊക്കെ പിറകിലുള്ളതെന്ന് മനസ്സിലാക്കാന്‍ കഴിയുമെന്നും വിമര്‍ശകര്‍ പറയുന്നു.
വിഷയത്തില്‍ സുജിത് കുമാര്‍ എന്ന പ്രൊഫൈല്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വായിക്കാം
ചെരിപ്പിട്ട് നടക്കുന്നതാണ് സകല അസുഖങ്ങളും ഉണ്ടാകാന്‍ കാരണമെന്നും ചെരിപ്പിടാതെ നടന്നാല്‍ ദീര്‍ഘായുസ് ഉണ്ടാകുമെന്നുമൊക്കെയുള്ള തിയറി ഒരു ഫിസിക്‌സ് പ്രൊഫസര്‍ പടച്ച് വിട്ടിരിക്കുന്നത് കണ്ടില്ലേ?
അങ്ങേര്‍ അത് സ്വന്തം കയ്യില്‍ നിന്ന് ഇട്ടതൊന്നുമല്ല. ഇതൊക്കെ കുറേ കാലമായി ഓടിക്കൊണ്ടിരിക്കുന്നതാണ്. അങ്ങേരുടെ ശ്രദ്ധയില്‍ ഇപ്പോഴേ പെട്ടുള്ളൂ എന്നതായിരിക്കാം കാരണം.
ഇന്റര്‍നെറ്റിലൂടെ പ്രചരിക്കപ്പെടുന്ന ഇത്തരം വാര്‍ത്തകളും സിദ്ധാന്തങ്ങളുമൊക്കെ ആരെങ്കിലും വെറുതേ ഒരു തമാശക്ക് പടച്ചുവിടുന്നതാണെന്ന് കരുതിയെങ്കില്‍ തെറ്റി. വ്യക്തമായ ബിസിനസ് താത്പര്യങ്ങളാണ് ഇത്തരത്തിലുള്ള ഉഡായിപ്പ് പഠനങ്ങളുടെയും വാര്‍ത്തകളുടെയുമൊക്കെ പിറകിലുള്ളത് എന്ന് മനസിലാക്കാന്‍ കഴിയും.
ഈ പറഞ്ഞ ബോഡി എര്‍ത്തിങ് തിയറികള്‍ക്കും പഠനങ്ങള്‍ക്കും പിന്നില്‍ ഉള്ളത് എര്‍ത്തിങ് ഇന്‍സ്റ്റിസ്റ്റ്യൂട്ട്
എന്ന ഒരു സ്ഥാപനമാണ്. നമ്മൂടെ പ്രകൃതി ചികിത്സാ ഉഡായിപ്പുകളുടെ അതേ ലൈനിലുള്ള ഒന്നാണ് ഈ എര്‍ത്തിങ് ഇന്‍സ്റ്റിറ്റ്യൂട്ടും.
Clint Ober എന്ന ഭാവനാ സമ്പന്നനായ ഒരു കേബിള്‍ ടി.വി ടെക്‌നീഷ്യന്റെ തലയില്‍ ഉയര്‍ന്ന ബിസിനസ് ബുദ്ധി. അങ്ങേരും അങ്ങേരുടെ സ്ഥാപനവുമാണ് ഗ്രൗണ്ടിങ് മൂവ്‌മെന്റ്, എര്‍ത്ത് തെറാപ്പി എന്നൊക്കെ പറഞ്ഞ് ഈ സ്യൂഡോ സയന്‍സ് പ്രചരിപ്പിക്കുന്നത്. ഈ വിഷയങ്ങളില്‍ പല പ്രിഡേറ്ററി ജേണലുകളിലും വന്ന പഠനങ്ങളുമായൊക്കെ ഈ സ്ഥാപനത്തിനു പ്രത്യക്ഷവും പരോക്ഷവുമായ ബന്ധങ്ങള്‍ കാണാവുന്നതാണ്.
അപ്പോള്‍ സ്വാഭാവികമായും ഒരു സംശയമുണ്ടാകും നിങ്ങള്‍ ചെരിപ്പിടാതെ നടന്നാല്‍ ഇയാള്‍ക്കെന്താ ലാഭം എന്ന്. അവിടെയാണ് ബിസിനസ്. ചെരിപ്പ്, ഷൂ എന്നിവയൊന്നും നമ്മുടെ ജീവിതത്തില്‍ ഒഴിച്ച് കൂടാന്‍ ആവാത്തതാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. പക്ഷേ ചെരിപ്പ് ഇട്ടുകൊണ്ട് തന്നെ ഈ പറയുന്ന ചെരിപ്പിടാത്തതിന്റെ ഗുണങ്ങള്‍ കിട്ടുകയും വേണം.
അതെങ്ങിനെ സാധിക്കും? അതിനായി ഓബറിന്റെ എര്‍ത്തിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് കുറേ പ്രത്യക തരം ചെരിപ്പുകളും ഉപകരണങ്ങളും ഒക്കെ ഇറക്കിയിട്ടുണ്ട്. നിങ്ങള്‍ക്ക് പണം നല്‍കി അത് വാങ്ങാനായി ഓണ്‍ലൈന്‍ സ്റ്റോറും ഒരുക്കിയിരിക്കുന്നു. മൊബൈല്‍ റേഡിയേഷന്‍ ഭീതി പരത്തി ആന്റി റേഡിയേഷന്‍ ചിപ്പുകള്‍ വില്‍ക്കുന്ന കമ്പനികളുടെയും അവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പഠനങ്ങളുടെയും അതേലൈന്‍ തന്നെ.
ഇന്ത്യയില്‍ മൊബൈല്‍ റേഡിയേഷന്‍ ഫോബിയ പരത്തുന്നതില്‍ പ്രധാനകാരണക്കാരനായ മുംബൈ ഐ. ഐ.ടി പ്രൊഫസര്‍ തന്റെ ലേഖനങ്ങളിലൂടെയും പഠനങ്ങളുടെയും പേരില്‍ മകളുടെ ബിസിനസ് ആന്റി റേഡിയേഷന്‍ ഉല്പന്നങ്ങളുടെ ബിസിനസ് പ്രമോട്ട് ചെയ്യുകയായിരുന്നു എന്ന് പിന്നീടാണ് ലോകറിഞ്ഞത്.
ഇതുപോലെയൊക്കെയുള്ള കാര്യങ്ങള്‍ പെട്ടെന്ന് വിശ്വസിക്കുന്ന രീതിയില്‍ ആണ് മനുഷ്യ മസ്തിഷ്‌കത്തിന്റെ സ്ട്രക്ചര്‍ എന്നതിനാല്‍ ലോകത്തെവിടെയും ഇത്തരം തട്ടിപ്പുകള്‍ പല രൂപങ്ങളില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.