Kerala News
'പിന്നെ എന്തിനാണ് നിയമവ്യവസ്ഥ, ആരെയെങ്കിലും തല്ലണമെന്ന് തോന്നിയാല്‍ ഒ.പി ടിക്കെറ്റെടുത്താല്‍ പോരെ'; ഗണേഷ് കുമാറിനെതിരെ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 14, 06:17 pm
Tuesday, 14th March 2023, 11:47 pm

കോഴിക്കോട്: ചില ഡോക്ടര്‍മാര്‍ തല്ലുകൊള്ളേണ്ടവരാണെന്നുള്ള കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പ്രസ്താവനക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം. ആരോഗ്യപ്രവര്‍ത്തകരെ കായികമായി അക്രമിക്കുകയെന്ന സാഹചര്യമാണുള്ളതെങ്കില്‍ എന്തിനാണ് കോടതിയും നിയമവാഴ്ചയുമെന്ന് ലിസി ആശുപത്രിയിലെ
ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ ചോദിച്ചു.

ഡോക്ടര്‍മാരെ അക്രമിക്കണമെന്ന് പ്രചോദിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ എം.എല്‍.എമാര്‍ നിയമസഭയില്‍ നടത്തുന്നത് കോടതിയലക്ഷ്യത്തിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കഴിഞ്ഞ വര്‍ഷം കേരളത്തിലെ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും എതിരെ 137 ആക്രമണങ്ങളുണ്ടായി. ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണങ്ങളില്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എം.എല്‍.എ തന്റെ പ്രസ്താവന പിന്‍വലിക്കണം,’ ജോസ് ചാക്കോ പറഞ്ഞു.

ഇന്നുവരെ കേരളത്തില്‍ ഒരു ആശുപത്രി അക്രമ കേസിലും ആരെയും ശിക്ഷിച്ചിട്ടില്ലെന്ന് കെ. വിശ്വനാഥന്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലും പ്രതികരിച്ചു.

‘ആരെയെങ്കിലും തല്ലണം എന്ന് തോന്നിയാല്‍ രണ്ടെണ്ണം അടിച്ച്, ഒരു ഒ.പി ടിക്കറ്റ് എടുത്ത് അടുത്തുള്ള ആശുപത്രിയില്‍ പോയി കിട്ടുന്ന ഡോക്ടറെ തല്ലുക. ആള് കൂടുമ്പോള്‍ മരുന്നുമാറി തന്നെന്നുപറഞ്ഞാല്‍ മതി.

ഇന്നുവരെ കേരളത്തില്‍ ഒരു ആശുപത്രി അക്രമ കേസിലും ആരെയും ശിക്ഷിച്ചിട്ടില്ല. വളരെ സേഫ് ആയിട്ട് അടിക്കാം, തല്ലി പൊട്ടിക്കാം, ഇറങ്ങി പോകാം. ആരും ഒന്നും ചെയ്യില്ല,’ കെ. വിശ്വനാഥന്‍ എഴുതി.

അതേസമയം, തന്റെ മണ്ഡലത്തിലെ ഒരു രോഗിയുടെ അനുഭവം വിവരിച്ചായിരുന്നു എം.എല്‍.എയുടെ നിയമസഭയിലെ വിവാദ പരാമര്‍ശം. രോഗികളും കൂട്ടിയിരിപ്പികാരും ഡോക്ടര്‍മാരെ തല്ലുന്നതിനോട് യോജിപ്പില്ലെങ്കിലും ചില ഡോക്ടര്‍മാര്‍ തല്ലുകൊള്ളേണ്ടവരാണെന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞിരുന്നത്.