| Sunday, 25th February 2024, 3:34 pm

രഥത്തിലേറി പൊങ്കാലക്കിറങ്ങിയ 'തമ്പുരാന്' സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് രഥത്തിലെത്തിയ മുന്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗമായ ആദിത്യവര്‍മക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല. ഈ ജനാധിപത്യ കാലത്തും പൊങ്കാല കാണുന്നതിനായി രഥത്തിലേറി വന്ന മുന്‍ രാജ കുടുംബത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് നിലവില്‍ ഉയരുന്നത്.

ദേശീയ പാതയിലൂടെ ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് മുന്‍ രാജ കുടുംബത്തിലെ അംഗങ്ങള്‍ നടത്തിയ റോഡ് ഷോയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ ഇപ്പോള്‍ പൊങ്കാലയിടുകയാണ്.

പൊങ്കാല വീക്ഷിക്കാന്‍ ഇറങ്ങിയ തമ്പുരാന്റെ തേര് വലിക്കുന്ന ആളുകള്‍ക്ക് ഒന്നുകില്‍ നാണം വേണമെന്നും അല്ലെങ്കില്‍ അതില്‍ കേറി കുത്തിയിരിക്കുന്ന തമ്പുരാനാണ് നാണവും അഭിമാനവും വേണമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

ആദിത്യവര്‍മ നടത്തിയ റോഡ് ഷോയുടെ ചിത്രങ്ങളും മലയാള സിനിമയിലെ കൊച്ചിരാജാവ് എന്ന സിനിമയിലെ രംഗങ്ങളും കൂട്ടിച്ചേര്‍ത്ത് കേരളത്തില്‍ ഉള്ളവര്‍ക്ക് സംസ്ഥാനത്തെ ഏത് രാജാവിനെയാണ് കൂടുതല്‍ ഇഷ്ടമെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

‘ശ്രീ അവിട്ടം തിരുന്നാള്‍ ആദിത്യ വര്‍മ തമ്പുരാന്‍-തിരുവോന്തോരം, കൊച്ചിരാജാവിലെ ശ്രീ മൂലം തിരുന്നാള്‍ ഈശ്വരവര്‍മ തമ്പുരാന്‍-ഫോര്‍ട്ട് കൊച്ചി’, ഇവരില്‍ ആരെയാണ് കേരളത്തിലെ ജനാധിപത്യ വാദികള്‍ക്ക് കൂടുതല്‍ ഇഷ്ടമെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയര്‍ന്നു.

രാജവാഴ്ച്ച മണ്ണടിഞ്ഞിട്ട് കാലമേറെ പിന്നിട്ടിട്ടും മുന്‍ രാജ കുടുംബത്തിലെ അംഗങ്ങള്‍ ഈ ചെയ്തുകൂട്ടുന്നതെല്ലാം കടുത്ത കാര്യങ്ങളാണെന്നും വിമര്‍ശകര്‍ കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യത്തിന്റെ വില അറിയാത്ത ജന്മങ്ങള്‍ ആണ് ആദിത്യവര്‍മയെ നയിക്കുന്നതെന്നും സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശകര്‍ പറയുന്നു. തമ്പുരാനെ നയിക്കുന്നവര്‍ ഇപ്പോഴും ആരുടെയൊക്കെയോ അടിമകളാണെന്നും ജനാതിപത്യം വന്നത് അവര്‍ ഇതുവരെ അറിഞ്ഞിട്ടില്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.

പൊങ്കാലയ്ക്കിടയില്‍ തിരുവനന്തപുരത്ത് റോയല്‍ ഷോ നടക്കുന്നുണ്ടെന്നും ഇയാളിനി തിരുവനന്തപുരത്തെങ്ങാന്‍ മത്സരിക്കാനുള്ള പുറപ്പാടിലാണോ എന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നുണ്ട്.

Content Highlight: Criticism on social media against former Travancore royal family member Aditya Varma who arrived in Rath in connection with Attukal Pongala

We use cookies to give you the best possible experience. Learn more