| Thursday, 28th September 2023, 3:10 pm

കേരള സർക്കാരിന്റെ വിമൻ സ്റ്റാർട്ടപ്പ് സമ്മിറ്റിൽ 'മോദി ഭക്തയായ' മാധ്യമപ്രവർത്തക മുഖ്യപ്രഭാഷണം; വിമർശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റാർട്ടപ്പ് മിഷൻ നടത്തുന്ന വിമൻ സ്റ്റാർട്ടപ്പ് സമ്മിറ്റിൽ മുഖ്യപ്രഭാഷണം നടത്താൻ ‘മോദി ഭക്തയായ’ മാധ്യമപ്രവർത്തക പൽകി ശർമ ഉപാധ്യായയെ ക്ഷണിച്ചതിൽ വിമർശനം.

മുഖ്യമന്ത്രി ഭരിക്കുന്ന ഐ.ടി വകുപ്പിന്റെ കീഴിൽ നടക്കുന്ന പരിപാടിയിൽ ഒരു സംഘി മാധ്യമപ്രവർത്തക പങ്കെടുക്കുന്നു എന്നാണ് വിമർശനം. രാജ്യാന്തര മാധ്യമമായ ‘ദി ഇക്കണോമിസ്റ്റ്,’ പൽക്കിയെ ഒരു പ്രോ മോദി പണ്ഡിറ്റ്‌ എന്ന് വിശേഷിപ്പിച്ചിരുന്നു.

നെറ്റ്‌വർക്ക് 18, ഫസ്റ്റ് പോസ്റ്റ്‌ തുടങ്ങിയ മാധ്യമങ്ങളുടെ മാനേജിങ് എഡിറ്ററാണ് പൽക്കി. ഇന്ത്യയെയും കേന്ദ്ര സർക്കാരിനെയും പ്രതിരോധിക്കാൻ തന്റെ ചാനൽ ചർച്ചകൾ അവർ ഉപയോഗപ്പെടുത്താറുണ്ട്.

കൊവിഡ് മഹാമാരിയുടെ സമയത്ത് ഇന്ത്യയിലെ ആശുപത്രിയികളിലെയും ശ്മശാനങ്ങളുടെയും ദൃശ്യങ്ങൾ റിപ്പോർട്ട് ചെയ്ത അമേരിക്കൻ മാധ്യമങ്ങളെ പൽക്കി വിമർശിച്ചിരുന്നു. സ്വന്തം രാജ്യത്തെ അവസ്ഥ അവഗണിച്ചാണ് യു.എസ് മാധ്യമങ്ങൾ ഇന്ത്യയെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത് എന്നായിരുന്നു പൽക്കിയുടെ വിമർശനം.

എന്നാൽ പൽക്കിയുടെ വിമർശനത്തെ തള്ളിക്കൊണ്ട് ന്യൂസ്‌ലോണ്ട്രി രംഗത്ത് വന്നിരുന്നു. യു.എസിൽ കൊവിഡ് നിയന്ത്രിക്കുന്ന സംവിധാനങ്ങളുടെ അഭാവത്തെ കുറിച്ച് അമേരിക്കൻ മാധ്യമങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു എന്ന് ന്യൂസ്‌ലോണ്ട്രി ചൂണ്ടിക്കാണിച്ചിരുന്നു.

മുമ്പ് സിന്ധു നദി നിയന്ത്രണത്തിലൂടെ പാകിസ്ഥാനിൽ പ്രളയവും വരൾച്ചയും സൃഷ്ടിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന് പറഞ്ഞ പൽക്കി ഈ അധികാരം ഉപയോഗിക്കുന്നതിന് ഇന്ത്യ മടിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ച് വെട്ടിലായിരുന്നു.

Content Highlight: Criticism on Krynote of Pro Modi journalist Palki sharma in Kerala government’s women startup summit

We use cookies to give you the best possible experience. Learn more