| Thursday, 1st December 2022, 11:51 pm

ഞങ്ങളുടെ അല്‍ഫോണ്‍സ് പുത്രന്‍ ഇങ്ങനെയല്ല; വേവാത്ത കൂട്ടുകള്‍ എണ്ണിപറഞ്ഞ് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലെത്തുന്ന അല്‍ഫോണ്‍സ് പുത്രന്റെ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കി കണ്ടത്. കാരണം നേരവും പ്രേമവും തിയേറ്ററുകളില്‍ ഉണ്ടാക്കിയ ഓളം അത്രയേറെ ആ മനസില്‍ തറച്ചിട്ടുണ്ടായിരുന്നു. മലയാള സിനിമയില്‍ പുതിയ ബെഞ്ച് മാര്‍ക്ക് തന്നെ ഇട്ട രണ്ട് ചിത്രങ്ങളുടെ സംവിധായകന് പൃഥ്വിരാജിനേയും നയന്‍താരയേയും പോലെ രണ്ട് താരങ്ങളെ കൂടെ കിട്ടിയാലോ, പ്രേക്ഷകര്‍ക്ക് പ്രതീക്ഷ വെക്കാന്‍ ഇതില്‍ കൂടുതലൊന്നും വേണ്ട.

ഓണത്തിന് റിലീസുണ്ടാവുമെന്ന് പറഞ്ഞെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നീട്ടിവെക്കുകയായിരുന്നു. ഒടുവില്‍ കാത്തിരുപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഡിസംബര്‍ ഒന്നിന് ഗോള്‍ഡ് റിലീസ് ചെയ്തപ്പോള്‍ ചിത്രമാകെ മാറിയിരിക്കുകയാണ്. അല്‍ഫോണ്‍സ് പുത്രന്‍ മാജിക് പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്ക് കൂട്ടെല്ലാം തെറ്റിപ്പോയൊരു ഗോള്‍ഡാണ് കിട്ടിയത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം.

ലോകസിനിമയില്‍ പ്രത്യേകതകളൊന്നുമില്ലാത്ത മൂന്നാമത്തെ ചിത്രം എന്ന ക്യാപ്ഷന്‍ അച്ചട്ടായെന്നും ആസ്വദിക്കാനൊന്നുമില്ലാത്ത ചിത്രമായി ഗോള്‍ഡ് മാറി എന്നും പ്രേക്ഷകര്‍ പറയുന്നു.

അല്‍ഫോണ്‍സിന്റെ മുന്‍ചിത്രങ്ങളിലേതുപോലെയുള്ള നല്ല പാട്ടുകളോ പ്രണയമോ സൗഹൃദമോ ഒന്നും സിനിമയിലില്ല. ഒരു ഷോട്ട് ഫിലിമിനുള്ള കഥ രണ്ടര മണിക്കൂര്‍ സിനിമയാക്കി പ്രേക്ഷകരെ മടുപ്പിച്ചു. ഫസ്റ്റ് ഹാഫില്‍ നല്ല ലാഗ് ഉണ്ടായിരുന്നുവെന്നും ഇടക്ക് എന്‍ഗേജിങ്ങായി വരുമെങ്കിലും ആ ഫ്‌ളോ പെട്ടെന്ന് തന്നെ പോവുകയാണെന്നും പ്രേക്ഷകര്‍ പറയുന്നു.

നയന്‍താരയുടെ കാര്യത്തിലാണ് ഏറ്റവുമധികം നിരാശപ്പെട്ടതെന്നും ഇത്ര വലിയ താരത്തെ കിട്ടിയിട്ടും അഭിനയസാധ്യതയോ അവരുടെ പെര്‍ഫോമന്‍സോ ഡിമാന്‍ഡ് ചെയ്യന്ന കഥാപാത്രത്തെ നല്‍കിയില്ലെന്നും പ്രേക്ഷകര്‍ പറയുന്നു.

ലാലു അലക്‌സിന്റെ കഥാപാത്രം വെറുപ്പിച്ചുവെന്നും മികച്ചുവെന്നും രണ്ടഭിപ്രായങ്ങളുണ്ട്. പൃഥ്വിരാജിന്റെ അഭിനയവും പോസിറ്റീവായാണ് പ്രേക്ഷകര്‍ പറയുന്നത്. അല്‍ഫോണ്‍സ് പുത്രനിലെ തിരക്കഥാകൃത്തും സംവിധായകനും മോശമായെങ്കിലും എഡിറ്റിങ് പോസിറ്റീവ് ഘടകമായി എടുത്ത് പറയുന്നവരുണ്ട്. ഷമ്മി തിലകന്‍, ബാബുരാജ്, ശബരീഷ് എന്നിവരുടെ പ്രകടനവും മികച്ചതായിരുന്നു എന്നും രാജേഷ് മുരുകേശന്റെ ബി.ജി.എം ആശ്വാസമായെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്.

Content Highlight: criticism on gold movie in social media

We use cookies to give you the best possible experience. Learn more