| Tuesday, 31st October 2023, 1:55 pm

റാങ്കിങ്ങില്‍ യാസീന്‍ ബോണോയെക്കാള്‍ പിന്നില്‍; എമി എങ്ങനെ യാഷിന്‍ ട്രോഫിക്ക് അര്‍ഹനായി? റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

2022-23 സീസണിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പറിനുള്ള യാഷിന്‍ ട്രോഫി അര്‍ജന്റൈന്‍ താരം എമിലിയാനോ മാര്‍ട്ടിനെസ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ മൊറോക്കോയുടെ ഗോള്‍ കീപ്പര്‍ യാസീന്‍ ബോണോയാണ് അവാര്‍ഡിന് അര്‍ഹന്‍ എന്നും വോട്ടിങ്ങില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

റാങ്കിങ്ങില്‍ എമിലിയാനോ മാര്‍ട്ടിനെസിനേക്കാള്‍ രണ്ട് സ്ഥാനം മുന്നിലാണ് യാസീന്‍ ബോണോ. യാസീന് 13ഉം എമിക്ക് 15ഉം റാങ്കുകളാണുള്ളത്. എന്നിട്ടും എമിലിയാനോ എങ്ങനെ അവാര്‍ഡിന് അര്‍ഹനായി എന്ന ചോദ്യത്തിന് ഫ്രഞ്ച് മാധ്യമമായ ആര്‍.എം.സി വിശദീകരണം നല്‍കിയിട്ടുണ്ട്.

ഇതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും സാധാരണ രീതിയിലാണ് ഇവിടെ വോട്ടിങ് നടന്നതെന്നുമാണ് ആര്‍.എം.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാലണ്‍ ഡി ഓര്‍ വോട്ടിങ്ങില്‍ നിന്ന് വ്യത്യസ്തമായാണ് യാഷിന്‍ അവാര്‍ഡിനുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

ബാലണ്‍ ഡി ഓര്‍ ജേതാവിനെ തെരഞ്ഞെടുക്കുമ്പോള്‍ 30 പേരുടെ നോമിന് ലിസ്റ്റില്‍ നിന്നും അഞ്ച് പേര്‍ക്കാണ് ജൂറി വോട്ട് ചെയ്യുക. എന്നാല്‍ 10 പേരടങ്ങിയ ഗോള്‍ കീപ്പര്‍മാരുടെ പട്ടികയില്‍ നിന്ന് മൂന്ന് പേര്‍ക്ക് മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ. അതുകൊണ്ട് പ്രയോറിറ്റിയില്‍ മാറ്റം വരുമെന്നും രണ്ട് ലിസ്റ്റിലും വ്യത്യസ്ത റാങ്കുകളാണ് ഗോള്‍ കീപ്പര്‍മാര്‍ക്ക് ലഭിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഫിഫ ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗസും ഫിഫ ദ ബെസ്റ്റ് അവാര്‍ഡും നേടിയതിന് പിന്നാലെയാണ് എമിലിയാനോ മാര്‍ട്ടിനെസ് യാഷിന്‍ ട്രോഫിക്ക് അര്‍ഹനായിരിക്കുന്നത്. ബ്രസീലിന്റെ എഡേഴ്‌സണ്‍ ആണ് യാഷിന്‍ ട്രോഫി റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത്.

Content Highlights: Criticism on Emiliano Martinez’s Yashin Trophy award

We use cookies to give you the best possible experience. Learn more