തിരുവനന്തപുരം: കൊവിഡ് പോസിറ്റീവാണെന്ന് അറിയിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ അശാസ്ത്രീയമായ വാദമുയര്‍ത്തിയെന്ന് വട്ടിയൂര്‍ക്കാവ് എം.എല്‍.എ. വി.കെ. പ്രശാന്തിനെതിരെ വിമര്‍ശനം. കഴിഞ്ഞ ആഴ്ചയിലാണ് കൊവാക്‌സിന്‍ രണ്ടാം ഡോസ് എടുത്തതെന്നും അതുവരെ പിടിച്ചു നില്‍ക്കാനായത് ഹോമിയോ പ്രതിരോധ മരുന്നാണെന്നുമുള്ള പ്രശാന്തിന്റെ പോസ്റ്റിലെ പരാമര്‍ശമാണ് വിമര്‍ശനത്തിനിടയാക്കിയത്.
‘കൊവിഡ് തുടക്കം മുതല്‍ ഇന്നുവരെ പൊതുസമൂഹത്തില്‍ തന്നെ ആയിരുന്നു. 15 തവണയിലധികം ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റുകള്‍ നടത്തി. കഴിഞ്ഞ ആഴ്ചയിലാണ് കൊവാക്‌സിന്‍ രണ്ടാം ഡോസ് എടുത്തത്.
അതുവരെ പിടിച്ച് നില്‍ക്കാനായത് ഹോമിയോ പ്രതിരോധ മരുന്നുകൊണ്ടാണ് എന്നതാണ് എന്റെ ധാരണ,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇതിനുപിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ വിമര്‍ശനവുമായി എത്തുന്നത്. എം.എല്‍.എ. അശാസ്ത്രീയതയെ പ്രത്സാഹിപ്പിക്കുന്നു എന്നാണ് വിമര്‍ശനം.
ഹോമിയോ കൊവിഡിനെ പ്രതിരോധിക്കും എന്നത് അശാസ്ത്രീയമാണെന്നും ഇതുവരെ തെളിയിക്കപ്പെടാത്ത അവകാശവാദം മാത്രമാണെന്നും ഡോ. ജിനീഷ് പി.എസ്. പ്രശാന്തിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തു.
‘കൊവിഡിന് എതിരെ ഇതുവരെ ലഭ്യമായ ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗ്ഗം വാക്‌സിന്‍ തന്നെയാണ്. പിന്നെയുള്ളത് മാസ്‌കും ശാരീരിക അകലവും ഹാന്‍ഡ് സാനിറ്റൈസറും.
ഒരു വ്യക്തിയുടെ ധാരണ എങ്ങനെ വേണമെങ്കിലും ആവാം. അത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. പക്ഷേ, ജനപ്രതിനിധിയായ, നിരവധി വ്യക്തികളെ സ്വാധീനിക്കാന്‍ സാധിക്കുന്ന താങ്കളെ പോലെ ഒരാള്‍ ഇങ്ങനെ പറയുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കും എന്ന് പറയാതെ വയ്യ.
താങ്കള്‍ക്ക് സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എങ്കിലും താങ്കളുടെ അഭിപ്രായത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു. തികഞ്ഞ അശാസ്ത്രീയമായ നിലപാടാണിത്,’ ജിനീഷ് പി.എസ്. പറഞ്ഞു.
വളരെയധികം ആളുകള്‍ ഫോളോ ചെയ്യുന്ന ഒരു ജനപ്രതിനിധി ആണ് താങ്കള്‍. അവസാന വരി വേണ്ടിയിരുന്നില്ല എന്നായിരുന്നു മറ്റൊരു കമന്റ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Criticism of VK Prashant’s a FACEBOOK post as unscientific