നിര്‍മാതാവും പൃഥ്വിരാജിന്റെ പങ്കാളിയുമായ സുപ്രിയ മേനോനോടുള്ള ഓണ്‍ലൈന്‍ അവതാരകന്റെ ചോദ്യങ്ങള്‍ക്ക് വിമര്‍ശനം. സലാര്‍ സിനിമ കണ്ടിറങ്ങിയ സുപ്രിയയോടുള്ള അവതാരകന്റെ പല ചോദ്യങ്ങളും അനാവശ്യവും നിലവാരം കുറഞ്ഞതുമാണെന്നാണ് ഉയരുന്ന വിമര്‍ശനം.
എമ്പുരാന് സലാറിനെക്കാളും വലിയ ചിത്രമാണോ, സലാറില്‍ പൃഥ്വിരാജിനെയാണോ പ്രഭാസിനെയാണോ ഇഷ്ടമായത്, സലാറിന് ഭീഷണിയായിട്ട് നേരിനെ തോന്നുന്നുണ്ടോ, തുടങ്ങിയ ചോദ്യങ്ങളാണ് അവതാരകന് ചോദിച്ചത്.
എമ്പുരാന്റെ കാര്യം അതിന്റെ സംവിധായകനോട് ചോദിക്കണമെന്നായിരുന്നു സുപ്രിയയുടെ മറുപടി. ‘ഇത് എമ്പുരാന്റെ ഡയറക്ടറോട് ചോദിക്കണം. ഞാനൊരു പ്രേക്ഷയായി വന്ന് സിനിമ കണ്ടതാണ്. ആന്റണി പെരുമ്പാവൂരിനെയോ മോഹന്‍ലാല്‍ സാറിനെയോ നേരില്‍ കാണുമ്പോള്‍ ചോദിക്കുക. ഇത് എന്നോട് ചോദിക്കേണ്ട ചോദ്യമല്ല,’ സുപ്രിയ പറഞ്ഞു.
നേര് കാണുന്നവര്‍ സലാറും കാണാന്‍ വരുന്നുണ്ടെന്നും സുപ്രിയ പറഞ്ഞിരുന്നു. ‘എത്രയോ സിനിമ എല്ലാവരും കാണുന്നുണ്ട്. സലാര്‍ കണ്ടവര്‍ നേര് കാണില്ല എന്ന് ഉണ്ടോ. ആളുകള്‍ അവര്‍ക്ക് എന്താണ് ഇഷ്ടം, അത് അവര്‍ വന്ന് കാണുന്നു. ചിലപ്പോള്‍ എല്ലാം കാണും. ഞാന്‍ നേര് കണ്ടിട്ടില്ല.
പക്ഷേ ഞാന്‍ നല്ല റെസ്പോണ്‍സ് ആണ് ചിത്രത്തിന് കേള്‍ക്കുന്നത്. അത് കേള്‍ക്കുമ്പോള്‍ എനിക്ക് നല്ല സന്തോഷമുണ്ട്. ഇതെല്ലാം നമ്മുടെ ഫാമിലിയാണ്, മോഹന്‍ലാല്‍ സാര്‍ ആണെങ്കിലും ജീത്തുവാണെങ്കിലും എല്ലാം. ഒരു സിനിമ നല്ല രീതിയിലേക്ക് മുന്നോട്ടുപോകുന്നത് കാണുമ്പോള്‍ വളരെയധികം സന്തോഷമുണ്ട്,’ സുപ്രിയ പറഞ്ഞു.
സുപ്രിയ അവതാരകന് നല്കിയ മറുപടികള്‍ക്കും കയ്യടി ഉയരുന്നുണ്ട്. ബി.ബി.സിയില്‍ മാധ്യമ പ്രവര്‍ത്തകയായിരുന്ന സുപ്രിയയോടാണ് ഇത്തരം നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും ചൂണ്ടിക്കാണിക്കുന്നവരുണ്ട്. യൂട്യൂബില്‍ ഈ വീഡിയോ ഉപയോഗിച്ച് അവതാരകനെ പരിഹസിച്ച് ട്രോള്‍ വീഡിയോകളും പ്രചരിക്കുന്നുണ്ട്.
Content Highlight: Criticism of the online host’s question to Supriya