| Tuesday, 16th May 2023, 1:27 pm

'ആരേയും കിട്ടാതായപ്പോഴാണോ നവ്യയെ നായികയാക്കിയത്'?; അവതാരകയുടെ ചോദ്യത്തിന് വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജാനകി ജാനേ പ്രൊമോഷന്റെ ഭാഗമായി സിനിമയുടെ ടീം നല്‍കിയ അഭിമുഖത്തിലെ അവതാരകയുടെ ചോദ്യങ്ങള്‍ക്കെതിരെ വിമര്‍ശനം. നവ്യ നായര്‍, സൈജു കുറുപ്പ്, കോട്ടയം നസീര്‍, സംവിധായകന്‍ അനീഷ് ഉപാസന എന്നിവര്‍ പങ്കെടുത്ത ബിഹൈന്‍ഡ്‌വുഡ്‌സ് ചാനലിന്റെ അഭിമുഖത്തിലെ അവതാരകയുടെ ചോദ്യത്തിനെതിരെയാണ് വിമര്‍ശനം.

അഭിമുഖത്തിന്റെ തുടക്കത്തില്‍ തന്നെ നവ്യയോട് എയറില്‍ നിന്നും താഴെയിറങ്ങിയോ എന്നാണ് അവതാരക ചോദിച്ചത്. മുനിമാരുടെ കരളും കുടലുമൊക്കെ പുറത്തെടുത്ത് വെച്ച് കഴിഞ്ഞ് ഇത് തീര്‍ന്നുവെന്ന് വിചാരിച്ചു. അപ്പോള്‍ ദാ പോയി ഡാന്‍സ് കളിച്ചു. എന്താ ചേച്ചി ഇതെങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചാണ് അവതാരക അഭിമുഖം ആരംഭിക്കുന്നത്.

ഒന്നിലധികം കാമുകന്മാര്‍ ഒരേസമയം ഉണ്ടായിട്ടുണ്ടോ എന്നും അഭിമുഖത്തില്‍ അവതാരക ചോദിച്ചിരുന്നു. അഭിമുഖത്തിന്റെ കമന്റ് ബോക്‌സില്‍ തന്നെ ചോദ്യങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

അഭിമുഖം തുടങ്ങുമ്പോള്‍ തന്നെ സെലിബ്രിറ്റികളെ എങ്ങനെ അണ്‍കംഫര്‍ട്ടബിള്‍ ആക്കണമെന്ന് ഈ അവതാരകയെ കണ്ട് പഠിക്കണമെന്നാണ് കമന്റില്‍ ആളുകള്‍ പറയുന്നത്.

അതേസമയം, ചോദ്യങ്ങള്‍ക്ക് നവ്യ നല്‍കിയ ഉത്തരങ്ങളും ശ്രദ്ധ നേടുന്നുണ്ട്. ഏറ്റവും ഒടുവിലാണ് നവ്യയെ കാസ്റ്റ് ചെയ്തത് എന്ന് സംവിധായകന്‍ അനീഷ് അഭിമുഖത്തിനിടക്ക് പറയുമ്പോള്‍ ആരേയും കിട്ടാതായപ്പോഴാണോ എന്നായിരുന്നു അവതാരകയുടെ പ്രതികരണം. ആ ചോദ്യത്തിന് റെലവന്‍സ് ഇല്ലാത്തതുകൊണ്ടാണ് ഞാന്‍ അതില്‍ കയറി പിടിക്കാഞ്ഞത്. കാണുന്ന നാട്ടുകാര്‍ക്ക് അറിയാമല്ലോ എന്നായിരുന്നു ഇതിനുള്ള നവ്യയുടെ മറുപടി.

ആളുകളെ മനസിലാക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടല്ലേ എന്ന് അവതാരക ചോദിക്കുമ്പോള്‍ അതെ, അല്ലെങ്കില്‍ ഈ അഭിമുഖത്തിന് വരില്ലായിരുന്നല്ലോ എന്നും നവ്യ പറഞ്ഞു.

നീ ഭൂമിക്ക് ഒരു ഭാരമാണല്ലോടാ എന്ന് ഒരാളോട് പറയാന്‍ അവസരം കിട്ടുകയാണെങ്കില്‍ ആരോട് പറയും എന്ന് ചോദിച്ചപ്പോള്‍ വീണയോട് (അവതാരക) പറയും എന്നാണ് നവ്യ പറഞ്ഞത്.

നവ്യ നായരെന്ന ആര്‍ടിസ്റ്റിനെ മോഡേണ്‍ ആയ ആളായിട്ടാണ് തോന്നിയിട്ടുള്ളത്, പക്ഷേ ഇപ്പോള്‍ ഒരുത്തിയാണെങ്കിലും ജാനകി ജാനേ ആണെങ്കിലും ആ ഒരു മറ്റേ പച്ച മലയാളി ആയിട്ടാണല്ലോ വരുന്നത് എന്ന ചോദ്യത്തിന് അത് പറയുമ്പോള്‍ എന്തൊരു പുച്ഛമാണെന്നായിരുന്നു നവ്യയുടെ മറുപടി. പച്ച മലയാളി ആയിട്ടാണല്ലോ വരുന്നത് എന്നൊക്കെ, പച്ച മലയാളി കൊള്ളൂല്ലേ? എന്നും നവ്യ ചോദിച്ചിരുന്നു. എന്നെ റോസ്റ്റ് ചെയ്യുന്ന പരിപാടി ആണ് ഇവിടെ നടക്കുന്നത് എന്ന് തോന്നുന്നുവെന്നായിരുന്നു ഇതിനോടുള്ള അവതാരകയുടെ പ്രതികരണം.

‘ഒരു റോസ്റ്റ് നീ ആദ്യം ഇങ്ങോട്ട് തന്നില്ലേ? ഇനി ഇത് തീരുന്നത് വരെ നല്ല റോസ്റ്റ് പ്രതീക്ഷിച്ചോ. പിന്നെ എനിക്ക് ഒന്നാമത്തെ കാര്യം അവസരമില്ലല്ലോ. അപ്പോള്‍ കിട്ടുന്നതല്ലേ ചെയ്യാന്‍ പറ്റുകയുള്ളൂ, അത് തന്നെയാണ് കാര്യം. ആരേയും കിട്ടാതായപ്പോഴാണോ എന്നെ വിളിച്ചതെന്നല്ലേ നീ ചോദിച്ചത്. ആരുമില്ലാതെ വന്നിട്ട് വേണമല്ലോ എന്നെ വിളിക്കാന്‍. ആ പറഞ്ഞത് വിട്ടുകളയില്ലെടാ, അത് തങ്കലിപികളില്‍ ഞാന്‍ എഴുതി വെച്ചിരിക്കുന്നു,’ നവ്യ പറഞ്ഞു.

ഇത്രയും നിലവാരമില്ലാത്ത ചോദ്യങ്ങള്‍ എങ്ങനെ ചോദിക്കാന്‍ കഴിയുന്നുവെന്നും 24 മണിക്കൂറും എയറിലിരിക്കുന്ന അവതാരകയാണോ നവ്യയോട് എയറില്‍ പോകുന്ന കാര്യം ചോദിക്കുന്നതെന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.

സെലിബ്രിറ്റികളെ പ്രകോപിപ്പിച്ച് അവതാരകര്‍ക്കെതിരെ തിരിക്കുന്നത് വ്യൂ കൂട്ടാനുള്ള വില കുറഞ്ഞ തന്ത്രമാണെന്നും അതിനാല്‍ മനപ്പൂര്‍വം ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും വിമര്‍ശനമുണ്ട്.

Content Highlight: Criticism of the anchor’s questions in navaya nair’s interview

We use cookies to give you the best possible experience. Learn more