ജോലി സ്ഥലങ്ങളില്‍ ബലം പ്രയോഗിച്ച് സ്ത്രീകളെ റേപ്പ് ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന സ്വാസികയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം. നോ പറയേണ്ടയിടത്ത് നോ പറഞ്ഞാല്‍ ഒരാളും ബലം പ്രയോഗിച്ച് ഒന്നും ചെയ്യില്ലെന്നും സമ്മതമില്ലാതെ റൂമിലേക്ക് കയറി റേപ്പ് ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ലെന്നുമാണ് സ്വാസിക പറഞ്ഞത്.
സാര്‍ക്ക് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ ഡബ്ല്യു.സി.സിയുടെ ആവശ്യകത സിനിമയിലുണ്ടോയെന്ന ചോദ്യത്തിനായിരുന്നു സ്വാസിക ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
നിരവധി ആളുകളാണ് സ്വാസികയുടെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. സ്വാസിക വിക്ടിം ബ്ലേമിങ്ങാണ് നടത്തിയതെന്നും റേപ്പ് എന്നൊന്നില്ല എന്ന രീതിയിലാണ് സംസാരിച്ചിരിക്കുന്നതെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.
‘റേപ്പ് ചെയ്യപ്പെട്ട വ്യക്തികളില്‍ ഉണ്ടാകുന്ന മാനസിക ആഘാതത്തെക്കുറിച്ച് യാതൊരു അവബോധവുമില്ലാത്ത ഒരാളോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുന്നതാണ് നല്ലത്’ എന്നായിരുന്നു വീഡിയോയുടെ താഴെയുള്ള ഒരു കമന്റ്.
‘അവള്‍ വെറുതെ ഇരകളെ കുറ്റം പറയുകയാണ്. നോ പറഞ്ഞാല്‍ അത് മനസിലാക്കുന്ന സമൂഹമാണോ നമുക്ക് ചുറ്റുമുള്ളത്? സ്വാസിക തന്നെ മറുപടി പറയണം, ഏത് സ്ത്രീയാണ് ബലാത്സംഗം ചെയ്യ്‌തോളുയെന്ന് പറഞ്ഞ് വാതില്‍ തുറന്ന് കൊടുക്കുന്നത്’ ഒരാള്‍ കുറിച്ചു.
റേപ്പ് ചെയ്യാന്‍ ഒരു സ്ത്രീയും നിന്ന് കൊടുക്കില്ലെന്നും സമൂഹത്തില്‍ നടന്ന റേപ്പ് കേസുകള്‍ ഉദാഹരിച്ച് കൊണ്ട് ചിലര്‍ പ്രതികരിച്ചു.
‘ജിഷ, നിര്‍ഭയ ഇവരെല്ലാം റേപ്പ് ചെയ്യപ്പെട്ടതും കൊല്ലപ്പെട്ടതും എന്തുകൊണ്ടാണ്? നോ പറയാത്തത് കൊണ്ടാണോ? ഇത്രയും തെളിവും സാക്ഷികളും കിട്ടിയിട്ടും നടിയുടെ കേസില്‍ എന്താണ് സംഭവിക്കുന്നത്?
ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടത് അറിഞ്ഞിരുന്നോ. ഇവരെല്ലാം പൊലീസിലും കോടതിയിലും പരാതി പറഞ്ഞവരാണ് ഇവര്‍ക്ക് നീതി കിട്ടിയോ. ഇവിടെ നടക്കുന്ന റേപ്പുകളൊക്കെ ഇരകളുടെയും അതിജീവിതമാരുടെയും സമ്മതപ്രകാരം നടക്കുന്നതാണോ?’ ഒരു വ്യക്തി കുറിച്ചു. ഇത്തരത്തില്‍ നിരവധി വ്യക്തികളാണ് സ്വാസികക്കെതിരെ പ്രതികരിക്കുന്നത്.
സ്വാസിക അഭിമുഖത്തില്‍ പറഞ്ഞത്,
”ഡബ്ല്യു.സി.സിയുടെ പ്രവര്‍ത്തനം എന്താണെന്ന് എനിക്ക് അറിയില്ല. എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ ഞാന്‍ ആദ്യം അവിടെ നിന്ന് റിയാക്ട് ചെയ്യും. അതാണ് ആദ്യം സ്ത്രീകളെ പഠിപ്പിച്ച് കൊടുക്കേണ്ടത്. ധൈര്യം നമ്മുടെ ഉള്ളില്‍ നിന്ന് വരേണ്ടതാണ്.
ഡബ്ല്യു.സി.സിയില്‍ ആണെങ്കിലും മറ്റേതൊരു സംഘടനയിലാണെങ്കിലും നമ്മള്‍ ഒരു പരാതിയുമായി ചെന്നാല്‍ ഉടനെ തന്നെ നീതി കിട്ടുന്നുണ്ടോ? ഡബ്ല്യു.സി.സി പോലൊരു സ്ഥലത്ത് എന്തിനാണ് പോയി പറയുന്നത്? പൊലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പറഞ്ഞൂടേ.
എന്റെ അനുഭവം വെച്ച് പറയുകയാണെങ്കില്‍ നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്ത് വന്ന് നിര്‍ബന്ധിച്ച് ഒന്നും ചെയ്യില്ല. നമ്മള്‍ ലോക്ക് ചെയ്ത മുറി നമ്മള്‍ തന്നെ തുറന്ന് കൊടുക്കാതെ മറ്റൊരാളും അതിനുള്ളിലേക്ക് കടന്നുവരില്ല.
നമ്മളെ ബലപ്രയോഗിച്ച് റൂമിലേക്ക് വലിച്ച് കയറ്റി ഒരാള്‍ റേപ്പ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മളോട് അവര്‍ ചോദിക്കുകയാണ് ചെയ്യുക. അതിനെ എതിര്‍ക്കാനുള്ള കഴിവ് എല്ലാ പെണ്ണുങ്ങള്‍ക്കുമുണ്ട്. വേറെ ഏത് സ്ഥലത്ത് ജോലി ചെയ്യുന്നതിനേക്കാളും ഏറ്റവും സുരക്ഷിതമായി നമുക്ക് ജോലി ചെയ്യാന്‍ സാധിക്കുന്ന സ്ഥലം സിനിമയാണ്,” സ്വാസിക പറഞ്ഞത്.
content highlight: Criticism of Swasika’s remarks