കൊച്ചി: റിപ്പോർട്ടർ മാധ്യമപ്രവർത്തകക്ക് നേരെ ബി.ജെ.പി നേതാവും മുൻ എം.പിയുമായ സുരേഷ് ഗോപി ആക്രോശിക്കുകയും ദേഷ്യപ്പെടുകയും ചെയ്ത സംഭവത്തിൽ മറ്റ് മാധ്യമപ്രവർത്തകർ പാലിച്ച മൗനത്തിനെതിരെ വിമർശനം. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ ആയിരുന്നു സുരേഷ് ഗോപി റിപ്പോർട്ടർക്കെതിരെ കയർത്തത്.
തന്റെയടുത്ത് ആളാവാൻ വരരുതെന്നും തന്റെ അഭിപ്രായങ്ങൾ കേൾക്കാൻ മാധ്യമപ്രവർത്തകർക്ക് താത്പര്യമുണ്ടോയെന്നും, അവ കേൾക്കണമെങ്കിൽ റിപ്പോട്ടർ മാധ്യമപ്രവർത്തകയെ സ്ഥലത്ത് നിന്ന് മാറ്റണമെന്നും സുരേഷ് ഗോപി പറഞ്ഞപ്പോൾ അതിനെ അംഗീകരിക്കുകയായിരുന്നു മറ്റു മാധ്യമപ്രവർത്തകർ.
സഹപ്രവർത്തകയായ മാധ്യമപ്രവർത്തകയോട് കയർത്ത് സംസാരിച്ചപ്പോഴും അവരെ അവിടെ നിന്ന് മാറ്റണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടപ്പോഴും പ്രതികരിക്കാതിരുന്ന മാധ്യമപ്രവർത്തകർ സുരേഷ് ഗോപിയുടെ താരമൂല്യത്തിന് മുന്നിൽ തലകുനിച്ചെന്ന വിമർശനമാണ് ഉയരുന്നത്.
സുരേഷ് ഗോപിയുടെ നിഷ്കളങ്ക നന്മമുഖം ഒരു ആർച്ച് മാനിപ്പുലേറേറ്ററുടേതാണെന്നും അയാൾ നടത്തിയ അധികാരപ്രയോഗത്തിന്റെ വഷള് സ്വഭാവം വീണ്ടും തികട്ടിവന്ന നാടകത്തിന്റെ ആദ്യഭാഗമാണ് ഇന്ന് കണ്ടതെന്നും മാധ്യമപ്രവർത്തകൻ കെ.ജെ ജേക്കബ് ഫേസ്ബുക്കിൽ കുറിച്ചു. പറയാനുള്ള കാര്യങ്ങൾ പറഞ്ഞുനിന്ന റിപ്പോർട്ടർ മാധ്യമപ്രവർത്തകക്ക് അഭിവാദ്യം നേരുന്നുവെന്നും പിന്നെ ‘യെസ് സാർ’ എന്ന് പറഞ്ഞ മാധ്യമപ്രവർത്തകരോട് ഒന്നും പറയാനില്ലെന്നും കെ.ജെ ജേക്കബ് വ്യക്തമാക്കി.
സുരേഷ് ഗോപിയെ ബി.ജെ.പി നേതൃത്വം ഇടപെട്ട് നിലയ്ക്ക് നിർത്തണമെന്ന് മാധ്യമപ്രവർത്തകൻ സനീഷ് ഇളയടത്ത് ഫേസ്ബുക്കിൽ പറഞ്ഞു. മാധ്യമപ്രവർത്തകക്ക് നേരെയുണ്ടായ വിഷയത്തിന് ശേഷം മീഡിയ വൺ റിപ്പോർട്ടർ ഷിദ ജഗദിനെ ആരും അപമാനിക്കരുതെന്ന് സുരേഷ്‌ഗോപി അയാളുടെ അണികളോട് പറഞ്ഞിരുന്നെങ്കിൽ, ബി.ജെ.പിയുടെ ഫാൻസ് ആൺകൂട്ടം വട്ടമിട്ട് ഷിദയെ ആക്രമിക്കുന്നത് തടയാമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിപ്പോട്ടർ മാധ്യമപ്രവർത്തകയോട് ആക്രോശിച്ചതിൽ സുരേഷ് ഗോപിയെ നിലയ്ക്ക് നിർത്തേണ്ട ഉത്തരവാദിത്തം ബി.ജെ.പിയുടെ നേതൃത്വം സ്വീകരിച്ചാൽ നന്നായിരിക്കുമെന്ന് സനീഷ് ആവശ്യപ്പെട്ടു. പത്ത് കൊല്ലം മുമ്പ് സമാനമായൊരു സന്ദർഭത്തിൽ വയലാർ രവിയെക്കുറിച്ച് ബി.ജെ.പി നേതാവ് സ്മൃതി ഇറാനി പറഞ്ഞതെന്താണെന്ന് ബി.ജെ.പിയും അണികളും കേൾക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ കൂട്ടത്തിൽ ഒരാളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നത് കണ്ടാൽ സാധാരണ മനുഷ്യർ ഒരുമിച്ച് നിന്ന് പ്രതികരിക്കുമെന്നും പക്ഷേ മാധ്യമപ്രവർത്തകർ തിരിച്ചാണെന്നും ഡോ. ജിനേഷ് പി.എസ് ചൂണ്ടിക്കാട്ടി. കൂട്ടത്തിൽ ഒരാളുടെ അഭിമാനത്തിന് ക്ഷതമേറ്റാൽ പോലും താര പ്രഭയ്ക്ക് മുന്നിൽ താണുവണങ്ങി നിൽക്കുന്നതാണ് മാധ്യമധർമ്മമെന്ന് ജിനേഷ് പറഞ്ഞു.
മറ്റേതിനെ പോലെയും ആത്മാഭിമാനം ലഭിക്കേണ്ട ഒന്നാണ് മാധ്യമ ജോലിയെന്നും തട്ടിക്കയറിയ താര രാജാവിനോട് പറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സുരേഷ് ഗോപിക്ക് അത് മനസിലാക്കാൻ കഴിയില്ലെന്നും ജിനേഷ് പറഞ്ഞു. ഒരച്ഛന്റെ ശാസന മനസിലാകാത്തത് തറവാട്ടിൽ പിറക്കാത്തത് കൊണ്ടാണെന്ന് പറഞ്ഞ് ഒരുപാട് കൃഷ്ണകുമാറുമാർ വന്നേക്കുമെന്നും സുരേഷ് ഗോപിയുടെ പരോപകാര – ജീവകാരുണ്യ പ്രവർത്തികളെ മുൻനിർത്തി എല്ലാം നിസാരവൽക്കരിക്കുന്നവ രംഗത്തേക്കെത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ചോദ്യം ഉയർത്തുന്ന ആളെ വെടിവെച്ച് കൊന്നിട്ട് ബാക്കിയുള്ള റിപ്പോർട്ടർ വർഗത്തോട് തുടരട്ടെയെന്ന് ചോദിക്കുന്ന ക്രിമിനലിന് മുന്നിലും ‘യെസ് സർ’ എന്ന് പറഞ്ഞുകൊണ്ട് റിപ്പോട്ടർമാർ നടു കുനിക്കുമെന്ന് മാധ്യമപ്രവർത്തകൻ ശ്രീജിത്ത് ദിവാകരൻ അഭിപ്രായപ്പെട്ടു. കേരള സമൂഹത്തിലും രാഷ്ട്രീയത്തിലും യാതൊരു പ്രസക്തിയുമില്ലാത്ത അറുവഷളനായ ഒരുത്തന് മുന്നിൽ സർ, സർ എന്ന് വിളിച്ച് ക്യാമറയുമായി വളയുന്ന മണിയനീച്ചകളായി റിപ്പോർട്ടർ വർഗത്തിനെ മാറ്റിയ എഡിറ്റർ സമൂഹത്തെ പോലെ വെറുക്കപ്പെടേണ്ടർ വേറെയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സുരേഷ് ഗോപിയുടെ മെഗലോമാനിയാക്ക് ഷോ കണ്ടു. പത്രപവർത്തക ഒരു വിചാരണക്ക് ശ്രമിക്കുന്നതായി തോന്നി. സ്വയം അവർ സാക്ഷിക്കൂട്ടിൽ കയറി നിന്ന് സാക്ഷി പറയുന്നതും പ്രതിയെ വിസ്തരിക്കുന്നതും ഒക്കെ അരോചകമായി. കോലും കൊണ്ട് വരുന്നവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന ബാധ്യതയൊന്നും ഒരു മനുഷ്യനും ഇല്ല. അതിപ്പോൾ ചോദ്യകർത്താവ് സ്ത്രീ ആയാലും പുരുഷനായാലും ഉഭയലിംഗം ആയാലും. അതിലും അരോചകമായത് അവരോട് തമ്പുരാൻ മാറിനിൽക്കാൻ പറയുകയും മാറി നിന്നില്ലെങ്കിൽ താൻ ഉത്തരം പറയില്ല എന്ന് ശാഠ്യം പിടിക്കുകയും ചെയ്തപ്പോൾ തലകുനിച്ച ജീവികളുടെ വർഗബോധമാണ്’, എന്ന രീതിയിലുള്ള വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. വിശ്വാസ വഞ്ചന മാധ്യമപ്രവർത്തകരുടെ രക്തത്തിൽ തന്നെയുണ്ടെന്നുള്ള ആരോപണവും ഉയരുന്നുണ്ട്.
Content Highlight: Criticism of Suresh Gopi’s behavior towards reporters