'ഇഷ്ടമുള്ള ഭക്ഷണം കഴിച്ചതിന് തല്ലിക്കൊല്ലുന്നവരുടെ നീതി ബോധം'; സന്ദീപ് വാര്യറുടെ 'ഇറാന്‍ പോസ്റ്റി'ന് വിമര്‍ശനം
Kerala News
'ഇഷ്ടമുള്ള ഭക്ഷണം കഴിച്ചതിന് തല്ലിക്കൊല്ലുന്നവരുടെ നീതി ബോധം'; സന്ദീപ് വാര്യറുടെ 'ഇറാന്‍ പോസ്റ്റി'ന് വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd November 2022, 4:47 pm

കോഴിക്കോട്: രാജ്യത്തെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖത്തര്‍ ലോകപ്പില്‍ ഇംഗ്ലണ്ടിനെതിരായ തങ്ങളുടെ ആദ്യ മത്സരത്തില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ ടീം രംഗത്തുവന്നത് വലിയ വാര്‍ത്തയായിരുന്നു.

ഇതിനെ പിന്തുണച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയതിലെ വൈരുദ്ധ്യങ്ങളെ ചൂണ്ടിക്കാണിക്കുകയാണ് സോഷ്യല്‍ മീഡിയ. ലോകകപ്പ് മതഭ്രാന്ത് പ്രചരിപ്പിക്കാനുള്ള വേദിയാക്കി മാറ്റിയവര്‍ക്കിടയില്‍ ഇറാന്‍ ടീം മതഭരണകൂടത്തിനെതിരെയുള്ള സര്‍ഗാത്മക സമരവേദിയാക്കിയെന്നാണ് സന്ദീപ് വാര്യര്‍ എഴുതിയിരുന്നത്.

ഇഷ്ട വസ്ത്രം ധരിച്ചതിന്റെ പേരില്‍ യുവതി കൊല്ലപ്പെട്ട ഇറാനും ഇഷ്ടമുള്ള ഭക്ഷണം കഴിച്ചതിന് ആളുകളെ
തല്ലികൊല്ലുന്ന ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നാണ് പോസ്റ്റിന് കമന്റായി ആളുകള്‍ ചോദിക്കുന്നത്.

‘ആരാ ഇത് പറയുന്നത്. ഇഷ്ടമുള്ള ഭക്ഷണം കഴിച്ചതിന് തല്ലികൊല്ലുന്നവരെ പിന്തുണക്കുന്നവരുടെ നീതി ബോധം. വാര്യരെ ഇന്ത്യയിലും കുറെ കാണാന്‍ കിടക്കുന്നു. ഗുജറാത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ട മുസ്‌ലിം യുവതികള്‍ ഉണ്ട്, താങ്കള്‍ക്ക് അതിനെക്കുറിച്ച് അറിയാമോ,’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

‘പ്രിയ സന്ദീപ് ജി. നല്ല എഴുത്ത് പക്ഷേ, ഈ എഴുത്ത് ഒരു കമ്മ്യൂണിസ്റ്റ്കാരന്റേതുപോലെ തോന്നുന്നു’ എന്നാണ് സാമി സന്ദീപാനന്ദ ഗിരി ഈ പോസ്റ്റിന് കമന്റ് ചെയ്തത്.

ഇറാന്‍ പൊലീസിന്റെ കസ്റ്റഡിയില്‍ മഹ്‌സ അമിനി എന്ന യുവതി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് രണ്ടുമാസത്തോളമായി ഇറാനില്‍ പ്രതിഷേധം നടക്കുകയാണ്. ഈ സമരത്തിനാണ് ഇറാന്‍ താരങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നത്.

ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ചായിരുന്നു സദാചാര പൊലീസ് 22കാരിയായ അമിനിയെ അറസ്റ്റ് ചെയ്തത്. ടെഹ്‌റാനിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 16ന് അമിനി കൊല്ലപ്പെടുകയായിരുന്നു.