കൊച്ചി: നടന്‍ വിനായകനോട് അപമര്യാദയോടെ പെരുമാറിയ പൊലീസുകാരനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി എന്നാരോപിച്ച് വിനായകനെ അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പൊലീസ് സ്റ്റേഷനില്‍ വെച്ച് ഉദ്യോഗസ്ഥരിലൊരാള്‍ വിനായകനോട് രൂക്ഷമായി പെരുമാറുന്നത് വീഡിയോയില്‍ കാണാം.
തന്റെ വീട്ടില്‍ കയറി വന്ന സ്ത്രീ ആരായിരുന്നു എന്ന് തനിക്കറിയില്ലായിരുന്നു എന്നും ഐ.ഡി ആവശ്യപ്പെട്ടപ്പോള്‍ അവര്‍ നല്‍കാന്‍ തയ്യാറായില്ലെന്നും വിനായകന്‍ സൗമ്യനായി പറയുമ്പോള്‍ ‘നിന്നെ ഐ.ഡി കാര്‍ഡ് കാണിക്കാന്‍ നീയാരാടാ’ എന്ന് ആക്രോശിച്ചുകൊണ്ട് പൊലീസ് തിരിച്ച് ചോദിക്കുന്നത് വീഡിയോയിലുണ്ട്. അതിന് സാറെന്തിനാണ് ഒച്ചയെടുക്കുന്നതെന്നും താന്‍ കാര്യം പറയുവല്ലേ എന്നും വിനായകന്‍ ചോദിക്കുന്നുണ്ട്.
വനിതാ പോലീസുകാരോട് അപമര്യാദയായി പെരുമാറിയോ എന്ന പൊലീസിന്റെ ആക്രോശിച്ചുകൊണ്ടുള്ള ചോദ്യത്തിന് ‘ഞാനൊന്നും ചെയ്തില്ല സാറേ, അവര് യൂണിഫോം ഒന്നും ഇല്ലാതെയാണ് വന്നത്, അതോണ്ട് നിങ്ങളാരാ, എന്താ കാര്യം, ഐ.ഡി കാര്‍ഡ് വല്ലതും ഉണ്ടോന്ന് ചോദിച്ചു, ഇത്രയേ ഉള്ളൂ, രണ്ട് പെണ്ണുങ്ങള്‍ പെട്ടെന്ന് വീട്ടില്‍ വന്ന് കയറിയാല്‍ ആരാ എന്താ എന്നറിയേണ്ടേ’ എന്ന് വിനായകന്‍ മറുപടി നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം.
പൊലീസുകാരന് കാര്യമായ പെരുമാറ്റ വൈകല്യം ഉണ്ടെന്നും ഒരു പ്രശസ്ത നടനോട് എങ്ങനെയാണ് ഇത്ര അപമര്യാദയോട് പെരുമാറാന്‍ സാധിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എടാ, പോടാ, നീ, നിന്റെ എന്നൊക്കെ വിളിക്കാന്‍ പൊലീസിന് എവിടെ നിന്നാണ് പരിശീലനം ലഭിച്ചതെന്നും വിനായകനോട് കാട്ടുന്നത് ജാതിവെറിയാണെന്നും വിമര്‍ശനങ്ങളുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ പിടിയിലായ ദിലീപ് ആയിരുന്നു വിനായകന്റെ സ്ഥാനത്തെങ്കില്‍ പൊലീസ് ഇതുപോലെ പെരുമാറുമായിരുന്നോ? ആനക്കൊമ്പ് കേസിലെ മോഹന്‍ലാലും, ബലാത്സംഗത്തിന് കൂട്ടുനിന്നുവെന്ന് പരാതിയുള്ള ഉണ്ണിമുകുന്ദനുമൊക്കെ ആയിരുന്നു വിനായകന്റെ സ്ഥാനത്തെങ്കില്‍ പൊലീസ് സാറേ എന്ന് വിളിക്കുമായിരുന്നില്ലേ? എന്നും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ കുറിച്ചു.
Content Highlights: Criticism of police action against actor Vinayakan