പത്തനംതിട്ട: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള തിരുവല്ല മഹാക്ഷേത്രത്തില്‍ ഹിന്ദുമതവുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം വ്യക്തികളും ബി.ജെ.പി-ആര്‍.എസ്.എസ് അനുകൂലികള്‍. ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം വ്യാപകമായി വിമര്‍ശനത്തിന് വിധേയമാവുന്നുണ്ട്.
ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സമിതിയംഗം അഡ്വ. പി. അഞ്ജന ദേവി , ബി.ജെ.പി ബൗദ്ധിക സെല്‍ സംസ്ഥാന കണ്‍വീനര്‍ അഡ്വ. ശങ്കു ടി. ദാസ്, ബൗദ്ധിക സെല്‍ സംസ്ഥാന സമിതിയംഗം ഡോ. പി.എസ്. മഹേന്ദ്രകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
കൂടാതെ ക്ഷേത്ര കമ്മിറ്റി പുറത്തിറക്കിയ പ്രഭാഷണം നടത്തുന്നവരുടെ പട്ടികയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സന്ദീപ് വാചസ്പതി മുതല്‍ ആര്‍.എസ്.എസ് ജില്ലാ സംഘ ചാലക് വരെയുണ്ട്.
ആര്‍.എസ്.എസ് ജില്ലാ സംഘ ചാലക് വി.പി. വിജയമോഹന്‍ ഹിന്ദുകുടുംബം എങ്ങനെ ആകണമെന്നും അവരുടെ ജീവിത രീതി എപ്രകാരമായിരിക്കണമെന്നും പഠിപ്പിക്കുമെന്ന് നോട്ടീസിലുണ്ട്. ഭാരതീയ സ്ത്രീ സങ്കല്‍പ്പത്തെ കുറിച്ചാണ് അഞ്ജന ദേവി സംസാരിക്കുന്നത്. സന്ദീപ് വാചസ്പതി കൈകാര്യം ചെയ്യുന്നതാണെങ്കില്‍ കേരളത്തിലെ ഹിന്ദു നവോത്ഥാനവും.
ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനത്തില്‍ ദേവസ്വം ബോര്‍ഡ് ഇടപെടാത്തതിലും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഫെബ്രുവരി 13 രാത്രി വരെ ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഉടമസ്ഥതയിലാണെന്നും പിന്നീട് അങ്ങോട്ട് ഉടമസ്ഥതയില്‍ മാറ്റം വരുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.