അതായത് കൊലപാതകമോ, ബലാല്‍സംഗമൊ, പീഡോഫീലിയയോ ചിത്രീകരിച്ചു എന്നതുകൊണ്ട് മാത്രം ഒരു കലാസൃഷ്ടി അവയുടെ പക്ഷം പിടിക്കുന്നു എന്ന് വ്യാഖ്യാനിക്കാനാവില്ല. എത്ര വിശദമായി ചിത്രീകരിക്കപ്പെട്ടു എന്ന് പറഞ്ഞാലും ഒരു കൊലപാതക ദൃശ്യം പ്രതീതിയല്ലാതെ വാസ്തവമാകുന്നില്ലല്ലൊ. അപ്പോള്‍ ബാക്കിയാവുന്നത് പ്രേക്ഷകനിലേയ്ക്ക് കൈമാറപ്പെടുന്ന അനുഭവമാണ്. “മെമ്മറീസ് ഓഫ് എ മെഷിന്‍” എന്ന ഹൃസ്വ ചിത്രം താരതമ്യേനെ തീവ്രത കുറഞ്ഞ ഒരു വ്യക്തിഗത അനുഭവത്തെ സാമാന്യവല്‍ക്കരിച്ച് നീചമായ ഒരു കൃത്യത്തെ വെളുപ്പിക്കാന്‍ ശ്രമിക്കുന്നു.
സൈബര്‍ ലോകത്തെ പിടിച്ച് കുലുക്കുകയും വമ്പന്‍ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുകയും ചെയ്ത കിങ് ജോണ്‍സിന്റെയും, സാം മാത്യുവിന്റെയും കവിതകള്‍ക്ക് ശേഷം ഇന്നിതാ വൈറലാകാനുള്ള ഊഴം “മെമ്മറീസ് ഓഫ് എ മെഷീന്‍” എന്ന ഹൃസ്വചിത്രത്തിന്‍
ആദ്യത്തെ രണ്ടും എന്നത് പോലെ ഇതും ചര്‍ച്ചയാകുന്നത് അതാത് സൃഷ്ടികളുടെ പാഠം ( ടെക്സ്റ്റ്) എന്ന കലയില്‍ വസ്തുനിഷ്ഠമായുള്ള ഒരേയൊരു ഘടകത്തെ മുന്‍ നിര്‍ത്തിയല്ല എന്നത് ഇവിടെ വീണ്ടും ശ്രദ്ധേയമാകുന്നു. ചര്‍ച്ചകള്‍ അധികവും എന്താണ് കല, എന്താണ് പോണ്‍, എന്താണ് ഇതിനിടയിലെ അതിര്‍വരമ്പ്, കലയില്‍ പോണില്ലേ, പോണില്‍ കല ഉണ്ടായിക്കൂടേ തുടങ്ങിയ അടിസ്ഥാനപരമായ ധാരണക്കുറവുകളില്‍ നിന്നോ അബദ്ധ ധാരണകളില്‍ നിന്നോ ഉല്പാദിപ്പിക്കപ്പെടുന്ന സങ്കീര്‍ണ്ണതകളില്‍ക്കുടി തന്നെയാണ് ഇവിടെയും വികസിക്കുന്നത്.
ഒപ്പം പീഡോഫീലിയ, റേപ്പ്, സ്റ്റോക് ഹോം സിന്‍ഡ്രോം തുടങ്ങിയവയെ വിവേചനരഹിതമായി കൂട്ടിക്കുഴയ്ക്കുമ്പോള്‍ ഉണ്ടാകുന്ന മറ്റൊരുപറ്റം അസംബന്ധങ്ങളും.
എല്ലാം ആഖ്യാനങ്ങളാണ്, നട്ടപിരാന്തും “നോളജ്” ആണെന്ന് ഫൂക്കോ പറഞ്ഞിട്ടുണ്ട് തുടങ്ങിയ പതിവ് ഉത്താരാധുനിക ചേരുവകള്‍ കൂടിയാകുമ്പോള്‍ പെട്ടിയില്‍ കിടന്ന് ഫൂക്കോ ഒന്നുകൂടി കറങ്ങും, ഇല്ലൊന്നിനും ഒരു നിശ്ചയം എന്ന് പറഞ്ഞ് ചര്‍ച്ച പിരിയും. അതാണ് സമ്പ്രദായം!
സാധാരണ ഗതിയില്‍ അവഗണിക്കപ്പെടേണ്ടതില്‍ അപ്പുറം ഒരു ഉള്ളടക്കവുമില്ലാത്ത “മെമ്മറിസ് ഒഫ് എ മെഷീന്‍” എന്ന ഹൃസ്വചിത്രം ഇന്ന് ഉണ്ടാക്കിയിരിക്കുന്ന വിവാദത്തിന്റെ കാരണം ഇവിടെയാണ് തേടേണ്ടത്. അന്തസത്തയെ കുറിച്ച് ഒരു ബോദ്ധ്യവുമില്ലാത്ത അഭിപ്രായപ്രകടനങ്ങളും , ഒപ്പം സംവാദ വിമുഖമായ സര്‍ക്കാസങ്ങളിലൂടെ എന്തൊ ഉണ്ടെന്ന പ്രതീതി ജനിപ്പിക്കുന്ന കേവല നിഷേധങ്ങളും ചേരുമ്പോള്‍ ഒരു വന്‍ വിഭാഗം മനുഷ്യരില്‍ ബാക്കിയാവുന്നത് ആശയകുഴപ്പങ്ങള്‍ മാത്രമാണ്.
കിങ് ജോണ്‍സ് തന്റെ കവിതയ്ക്ക് വേണ്ടി വരച്ച ചിത്രം
അവയിലൂടെ ഒരു വശത്ത് പ്രകടമായ പ്രാഥമിക അബദ്ധങ്ങള്‍ക്ക് പോലും ഒരുതരം നിഷേധ മൂല്യം കൈവരുന്നു. മറുവശത്ത് എല്ലാ തരം നിഷേധങ്ങളുടെയും അന്തസത്തയെ യാഥാസ്ഥിതികത്വത്തിന് എളുപ്പം ചോദ്യം ചെയ്യാവുന്ന, അവരുടെ തിരഞ്ഞെടുക്കപ്പെട്ട മാതൃകകളായി ഇവ മാറുന്നതിലെ അപകടവും.
ഇത് രണ്ടും ചേര്‍ന്ന് ഉണ്ടാക്കുന്ന വലിയ സാംസ്‌കാരിക പ്രതിസന്ധികളെയാവട്ടെ അവഗണിച്ച് അപ്രസക്തമാക്കുകയും എളുപ്പമല്ല. ഇത്തരം പ്രതിസന്ധികളെ കായിക താരങ്ങള്‍ തങ്ങളുടെ കരിയറിലെ കഷ്ടകാലങ്ങളെ മറികടക്കാന്‍ സ്ഥിരമായി ഉപയൊഗിച്ച് പോരുന്ന ആ തത്വമുപയോഗിച്ചേ ഇവിടെയും മറികടക്കാനാവു. “സ്റ്റിക്ക് ടു ബേസിക്‌സ്” എന്നതാണത്.
എന്താണീ കലയിലെ പോണും, പോണിലെ കലയും?
മാനുഷിക വ്യവഹാരങ്ങളെയാകെ ശ്ലീലവും അശ്ലീലവുമായി വേര്‍പെടുത്തി അടയാളപ്പെടുത്തുന്ന യാഥാസ്ഥിതിക സദാചാരത്തിന്റെ രേഖീയ യുക്തികളെ കുറിച്ചുള്ള വിമര്‍ശനങ്ങളൊക്കെ തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. പോണ്‍ വീഡിയോ എന്ന പൊതുവിഭാഗത്തില്‍ പെടുന്ന ചലിക്കുന്ന ചിത്രങ്ങളെ സൂചിപ്പിക്കുന്ന ഒന്ന് എന്ന നിലയില്‍ അശ്ലീല ചലചിത്രമെന്ന മലയാളപദത്തെ എടുക്കാം.
ലൈംഗീകതയോ, രതിയോ പ്രമേയമാകുന്നു എന്നതുകൊണ്ടോ ഉടലിന്റെ നഗ്‌നത പ്രദര്‍ശിപ്പിക്കുന്നു എന്നതുകൊണ്ടോ, സംഭോഗരംഗങ്ങള്‍ പച്ചയായി തന്നെ ചിത്രീകരിച്ചിരിക്കുന്നു എന്നതുകൊണ്ടോ അല്ല ഒരു ചലിക്കുന്ന ചിത്രം അശ്ലീല ചലചിത്രമാകുന്നത്; കേവലമായ വോയറിസ്റ്റിക് പ്ലഷറിനപ്പുറം ഒന്നും അതിലെ നഗ്‌നതയ്‌ക്കോ, രതിക്കോ മുന്നോട്ട് വയ്ക്കാനില്ലാതാകുമ്പോഴാണ്.
സാംമാത്യു
ഇനി അതിമനോഹരമായ, കലാപരമായ, വിപ്ലവകരമായ, നിഷേധാത്മകമായ പോണിനെ ഞാന്‍ കാണിച്ചുതരാം എന്ന് പറയുന്ന വിപ്ലവകാരികളോട്. സര്‍, ഇങ്ങനെയുള്ള ഘടകങ്ങള്‍ ഉണ്ട് എന്ന് കണ്ടെത്തിയിട്ടും അതിനെ പിന്നെയും പോണ്‍ എന്ന് തന്നെ വിശേഷിപ്പിക്കുന്ന അങ്ങയോട് എന്തരോ മഹാനുഭാവുലൂ എന്നല്ലാതെ എന്ത് പറയാന്‍!
വജൈന മോണോലോഗിനെ വിപ്ലവ പോണ്‍ ആയും, ആലിയ മഗ്ദി പ്രസിദ്ധീകരിച്ച ചിത്രത്തെ നിഷേധ അശ്ലീല ചിത്രമായും, ബെര്‍ഗ്മാന്‍ സിനിമയിലെ സ്വയംഭോഗ രംഗത്തെ കലയിലെ പോണ്‍ ആയും ഒക്കെ വാദിക്കാന്‍ തുടങ്ങിയാല്‍ സംഗതി കൈവിട്ട് പോകും എന്നതാണ് സത്യം. അതുകൊണ്ട് ഒന്നുകൂടി ആവര്‍ത്തിക്കട്ടേ, ലൈംഗീകതയോ, രതിയോ പ്രമേയമാകുന്നു എന്നതുകൊണ്ടോ ഉടലിന്റെ നഗ്‌നത പ്രദര്‍ശിപ്പിക്കുന്നു എന്നതുകൊണ്ടോ, സംഭോഗരംഗങ്ങള്‍ പച്ചയായി തന്നെ ചിത്രീകരിച്ചിരിക്കുന്നു എന്നതുകൊണ്ടോ അല്ല ഒരു ചലിക്കുന്ന ചിത്രം അശ്ലീല ചലചിത്രമാകുന്നത്; കേവലമായ വോയറിസ്റ്റിക് പ്ലഷറിനപ്പുറം ഒന്നും അതിലെ നഗ്‌നതയ്‌ക്കോ, രതിക്കോ മുന്നോട്ട് വയ്ക്കാനില്ലാതാകുമ്പോഴാണ്.
അടുത്ത പേജില്‍ തുടരുന്നു
വോയറിസം ഒരു മാനസിക വൈകല്യമായൊക്കെയായാണ് പൊതുവില്‍ എണ്ണപ്പെടുന്നത് എങ്കിലും അത് വ്യത്യസ്ത അനുപാതങ്ങളില്‍ മനുഷ്യ സമൂഹങ്ങളില്‍ ഒക്കെയും നിലനില്‍ക്കുന്നുണ്ട്. വ്യക്തിതലം വിട്ടാല്‍ അന്യരതിയുടെ കാഴ്ചകൊണ്ട് മാത്രം തൃപ്തിപ്പെടുത്താനാവുന്ന ലൈംഗീകത എന്ന നിലയിലല്ല അത് പല സമൂഹങ്ങളിലും നിലനില്‍ക്കുന്നത്.
സദാചാര ബന്ധിയായ കഠിന നിയന്ത്രണങ്ങളുടെ പ്രത്യാഘാതം എന്നത് മുതല്‍ ഒറ്റയിണയെ ശരീരബാഹ്യവും, ചിലപ്പോള്‍ വികാരബാഹ്യം തന്നെയുമായ സാമൂഹ്യ നൈതീകതാ ബന്ധിയായ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി നിലനിര്‍ത്തി പോരുന്നവര്‍ പരസ്പര സമ്മതത്തോടെ ഉത്തേജനത്തിന് ആശ്രയിക്കുന്ന ഒരു ഉപാധി എന്ന നിലവരെ ഇതിന് വിവിധങ്ങളായ നിലനില്‍പ്പുകളുണ്ട്. ഈ ഒരു വിശാലവും സങ്കീര്‍ണ്ണവുമായ സോഷ്യോ സൈക്കിക് മേഖലയിലാണ് പോണ്‍ വ്യവസായം തങ്ങളുടെ വികേന്ദ്രീകൃത കച്ചവട സാദ്ധ്യത നിലനിര്‍ത്തി പോരുന്നത്.
എന്നാല്‍ ഉപഭോക്താവ് ഇതിനെ എന്തിന് ആശ്രയിക്കുന്നു എന്നതിലേ ഇത്രകണ്ട് സങ്കീര്‍ണ്ണമായ സാമൂഹ്യ, മനശാസ്ത്ര മാനങ്ങളുള്ളു. വിറ്റ് പോകുന്നതിനെ പിന്നെയും ഉല്പാദിപ്പിക്കുക എന്ന കമ്പോള സിദ്ധാന്തത്തില്‍ അതില്ല. അതുകൊണ്ട് തന്നെയാണ് പോണ്‍ വ്യവസായം ഒന്ന്, രണ്ട് മൂന്ന് എന്ന വിഭജന്മൊന്നുമില്ലാതെ തന്നെ എല്ലാ ലോകങ്ങളിലും നിലനില്‍ക്കുന്നതും, എന്നാല്‍ അവയ്ക്കിടയില്‍ ചില സൂക്ഷ്മ വൈജാത്യങ്ങള്‍ ഉണ്ടാകുന്നതും.
പോണ്‍ വ്യവസായം
അശ്ലീലചലച്ചിത്രങ്ങളുടെ വിപണി ഇന്ത്യയിലോ, കേരളത്തിലോ ആയി ചുരുങ്ങുന്ന ഒന്നല്ല. പക്ഷേ അവയുടെ വിദേശ വിപണിയും, നമ്മുടെ ആഭ്യന്തര വിപണിയും തമ്മില്‍ സ്വഭാവത്തില്‍ വലിയ വ്യത്യാസമുണ്ട്. വിദേശനിര്‍മ്മിത അശ്ലീല ചലചിത്രങ്ങളുടെ കൂട്ടത്തില്‍ വളരെ പ്രൊഫഷണലായി സിനിമകളെ വെല്ലുന്ന സാങ്കേതിക തികവോടെ നിര്‍മ്മിക്കപ്പെടുന്നവവരെയുണ്ടെങ്കില്‍ നമ്മുടേത് ഒരു കാലത്തും അങ്ങനെ ആയിരുന്നില്ല.
നഗ്‌നമായ പെണ്ണുടലിലേയ്ക്ക് ഒരു നോട്ടം എന്നത് നമ്മുടെ മറ്റെല്ലാ പരിഗണകളെയും വെല്ലുന്ന ഒന്നായിരുന്നു എന്നതിനാല്‍ തന്നെ അതില്‍ നിലവാര ബന്ധിയായ നിഷ്ഠകളൊന്നും നമുക്ക് താങ്ങാന്‍ പറ്റുന്ന ആഢംബരങ്ങളായിരുന്നില്ല. കുളിക്കടവില്‍ നിന്ന് ഒളിഞ്ഞ് നോക്കുമ്പോള്‍ ക്ലാരിറ്റി, കളര്‍, തെളിച്ചം, ആങ്കിള്‍ എന്നൊന്നും പറയാന്‍ പറ്റില്ലല്ലൊ. ഏതാണ്ട് അതേ അവസ്ഥയില്‍ തീയേറ്ററില്‍ കയറി തുണ്ട് സിനിമ കാണുമ്പോഴും ഉള്ളതിങ്ങ് പോരട്ടെ എന്നതല്ലാതെ ഡിമാന്റുകള്‍ക്ക് സാദ്ധ്യതയേ ഇല്ലല്ലൊ.
കേരളത്തിന്റെ കാര്യമെടുത്താല്‍ തൊണ്ണുറുകളില്‍ ഷക്കീല തരംഗം എന്ന് അറിയപ്പെടുമ്പൊഴും യഥാര്‍ത്ഥത്തില്‍ രേഷ്മ എന്ന നടിയുടെ ഉടലിന്റെ ദൃശ്യപരമായ വില്‍പന സാധ്യതകള്‍ ഉണ്ടാക്കിയ തള്ളലിലാണ് സിനിമാ വ്യവസായം അന്നതിന്റെ പ്രതിസന്ധികളെ മറികടന്നത്. കത്രികാ നിയമങ്ങളെ പല ഭാഷ്യങ്ങളില്‍, പല സാദ്ധ്യതകള്‍ ഉപയോഗിച്ച് കൊട്ടകകള്‍ മറികടക്കാന്‍ ശ്രമിക്കുമ്പോഴും അന്ന് അശ്ലീല ചലചിത്രവിപണി നിലനിന്നത് സിനിമ കൊട്ടകയ്ക്കുപരി സി.ഡി കച്ചവടം വഴി ആയിരുന്നു എന്നതും സത്യം.
ഷക്കീല
പിന്നീട് വിവര സാങ്കേതിക വിദ്യയിലെ വിപ്ലവം സി.ഡി എന്ന ഖര അശ്ലീലത്തെ കണ്ടശേഷം ഉടന്‍ മായ്ച്ച് കളയാവുന്ന മറ്റൊരു സ്റ്റോര്‍ റൂം ഇതര സാദ്ധ്യതയിലേയ്ക്ക് മോചിപ്പിച്ചു. തങ്ങള്‍ക്ക് മുകളില്‍ റെയ്ഡിന് അവകാശമുള്ള ആരും ഇല്ലാത്ത അണുകുടുംബങ്ങളിലെ അധികാരികള്‍ പോലും മക്കളെങ്ങാന്‍ അബദ്ധത്തില്‍ ഇട്ട് കണ്ടാലൊ എന്ന് ഭയന്ന് ഗര്‍ഭ നിരോധന ഉറകള്‍ക്കൊപ്പം സി.ഡി ഒളിപ്പിക്കാന്‍ ആവാസ വ്യവസ്ഥയില്‍ സുരക്ഷിത ഇടം തേടുന്ന അവസ്ഥ മാറി. അശ്ലീല സി.ഡി വ്യവസായം എതാണ്ട് പൂട്ടി.
ഇത് ഒരു കട പൂട്ടിയതിന്റെ വിവരണം മാത്രം. കഥ അവിടെ നില്‍ക്കുന്നില്ല.പുതിയ നൂറ്റാണ്ടിലെ പോണിലേയ്ക്ക് എത്തുമ്പൊഴേയ്ക്കും സംഗതി അവിടന്നും പോയി . അശ്ലീല ചലചിത്രങ്ങള്‍ ഒളിച്ച് കാണുന്ന കപടസദാചാരത്തിന്റെ ദൈന്യതകളെയും കടന്ന് “ഒളിച്ച് നോട്ടം” എന്നത് ഇന്ന് ഒരു ഭാവുകത്വപരമായ ഡിമാന്റ് തന്നെ ആയിരിക്കുന്നു. സെറ്റിട്ട്, പ്രൊഫഷണല്‍ അഭിനേതാക്കളെ കൊണ്ട് അഭിനയിപ്പിച്ച് പ്രൊഫഷണല്‍ ക്യാമറാമാനെ വച്ച് സംവിധായകന്‍ ഷൂട്ട് ചെയ്തതാണ് എന്ന പ്രതീതി വരുന്നതോടെ അശ്ലീല ചിത്രത്തിന് അതിന്റെ അശ്ലീല സുഖം നഷ്ടമാകുന്ന അവസ്ഥ.
ഒളിഞ്ഞ് നോട്ടം ഒരു ഗതികേട് വിട്ട് ലൈംഗീക ഭാവുകത്വം തന്നെ ആയിതീരുകയാണിവിടെ. അതില്‍ നായിക കുളിക്കാനായി കുളത്തില്‍ ചാടുമ്പോള്‍ ക്യാമറയും ഒപ്പം ചാടുക എന്നത് തമാശയല്ല, ആവശ്യമാണ്. അവ്യക്തതയും, തെളിച്ച കുറവും, ഇടയ്ക്കിടെ വരുന്ന മറവുകളും ഒക്കെ ഒളിച്ച് നോട്ടത്തിനിടയില്‍ സ്വാഭാവികമായിരിക്കണമല്ലോ. അതുകൊണ്ട് തന്നെ ഇന്നത്തെ നമ്മുടെ ജനപ്രിയ അശ്ലീല ചിത്രങ്ങളിലുള്ള ഇത്തരം പ്രശ്‌നങ്ങള്‍ ഒരു പരാധീനതയല്ല, പരിഗണനയായി തീരുന്നു.
അടുത്ത പേജില്‍ തുടരുന്നു
രേഷ്മ
ലീക്ഡ് വീഡിയോ
സ്വകാര്യ ആവശ്യത്തിനായി ഇണകള്‍ പരസ്പരം സമ്മതത്തോടെയും, അര്‍ദ്ധ സമ്മതത്തോടെയും ഒരാളിന്റെ നിര്‍ബന്ധത്തിന് വിയോജിപ്പുകളോടെ വഴങ്ങിയും ഒക്കെ ചിത്രീകരിക്കുന്ന സ്വകാര്യ ദൃശ്യങ്ങള്‍ പിന്നീട് ലീക്കായി നമ്മുടെ കണ്ണുകളിലേയ്ക്ക് എത്തുമ്പോള്‍ ഒളിഞ്ഞ് നോട്ടം എന്ന കായിക പ്രക്രിയയിലുള്ള അപകടങ്ങള്‍ കൂടി നീങ്ങി അത് ലളിതമാവുകയാണ്. അര്‍ദ്ധരാത്രി വല്ലവരുടെയും വീട്ടിലെ കിടപ്പുമുറിയുടെ കര്‍ട്ടന്‍ നീക്കി “സീന്‍ പിടി”ക്കുന്നവന്‍ പിടിക്കപ്പെട്ടാലുള്ള പ്രത്യാഘാതങ്ങള്‍ ഇതേ സീന്‍ ആന്‍ഡ്രോയ്ഡ് ഫോണിലിട്ട് സൗകര്യമുള്ളപ്പോള്‍ കാണുന്നതില്‍ ഇല്ലല്ലൊ. ഇതൊക്കെ തെളിയിക്കുന്നത് നമ്മുടെ ലൈംഗീക ഉത്തേജനങ്ങള്‍ സ്വന്തം ഉടലിലോ, രതിയിലോ പോലുമല്ല, അതിനും പുറത്ത് വെറും വോയറിസറ്റിക്ക് ആനന്ദങ്ങളില്‍ മാത്രം ഊന്നിനില്‍ക്കുന്ന ഒന്നാണെന്നല്ലേ?
ദൃശ്യബന്ധിയായി ഏതാണ്ട് ഇതേ ഘടന പിന്തുടരുന്ന ഒന്നാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് “വൈറലാ”യി കഴിഞ്ഞ “മെമ്മറി ഒഫ് എ മെഷീന്‍” എന്ന ഹൃസ്വ ചിത്രവും. പെണ്ണുടല്‍ തന്നെയാണ് ക്യാമറയില്‍. പകര്‍ത്തുന്ന ആള്‍ ശബ്ദം കൊണ്ട് മാത്രം നിലനില്‍ക്കുന്നു. പക്ഷേ അദൃശ്യമായ ആ ആണുടല്‍ തന്നെയാണ് ആ ദൃശ്യങ്ങളുടെ നേര്‍ സംവിധാനം കൈകാര്യം ചെയ്യുന്നതും.(ഹൃസ്വ ചിത്രത്തിന്റെ സംവിധായിക ഷൈലജയാണെന്നത് വേറെ കാര്യം). അതില്‍ ആദ്യ ലൈംഗീക അനുഭവം എന്ത് എന്ന ചോദ്യത്തെ അവര്‍ പരസ്പരം ഉന്നയിക്കുന്നു. പക്ഷേ മറുപടി പെണ്ണിന്റെ മാത്രമാണ്. ആണ് ദൃശ്യങ്ങളെ സംവിധാനം ചെയ്യുന്നതല്ലാതെ ആ പരസ്പര ആകാംക്ഷയില്‍ പങ്കാളിയായ സ്ത്രീയും മറുപടി അര്‍ഹിക്കുന്നുണ്ട് എന്നത് പരിഗണിക്കുന്നതേ ഇല്ല. അതിനല്ലല്ലൊ മാര്‍ക്കറ്റ്!
എട്ടുവയസ്സില്‍ ആണ്‍സ്പര്‍ശം വഴി തന്നെ ഓര്‍ഗാസം എന്തെന്നറിഞ്ഞ പെങ്കുട്ടി ഏഴ് വര്‍ഷം കഴിഞ്ഞ് ഒരു പ്രണയബന്ധത്തിലൂടെ ഒരു ഹൃസ്വകാലം കടന്നുപോകുന്നുണ്ട്. അപ്പൊഴും ഒരു ചുംബനത്തിന്റെ ഭാഗമായി ആകെ നനഞ്ഞ അവള്‍ കാമുകനായ പയ്യനോട് തന്റെ ലൈംഗീകാവയവത്തില്‍ തൊടാന്‍ പറഞ്ഞത് അവന് വലിയ പ്രശ്‌നമായി.
അവന്‍ നാണമില്ലേ എന്ന് ആക്രോശിച്ച് അവളുടെ മുഖത്തടിച്ചത്രെ! കൂടാതെ അവിടെ കിടക്കുന്ന ഒരു കല്ലെടുത്ത് അവന്റെ മുഖത്തേക്ക് ഒറ്റ എറിയും വച്ചുകൊടുത്തത്രേ!. ഇത് പറയുന്നതിനിടയില്‍ വന്‍ ആശ്വാസത്തോടെ താന്‍ ഇട്ടിരിരിക്കുന്ന ബ്രാ ഊരി ആശ്വാസത്തോടെ സ്വതന്ത്രയാകുന്നുമുണ്ട് നായിക ( ബ്രാ കത്തിക്കല്‍ സമരം).
ഇതും കഴിഞ്ഞ് അടുത്ത ഘട്ടമാണ് ഇതുവരെ പറഞ്ഞതില്‍ ഒക്കെയും കിടിലം. സ്വന്തമായി തൊഴിലെടുത്ത് ജീവിക്കുന്ന ഘട്ടമായി അപ്പോഴേയ്ക്കും നായിക. എന്നുവച്ചാല്‍ മുതിര്‍ന്നു. ഒരു ദിവസം വീട്ടില്‍ വന്നപ്പോള്‍ അവിടെ ആളുമില്ല, കറണ്ടുമില്ല. ആ നിലയ്ക്ക് പുള്ളിക്കാരി കതക്‌പോലും അടയ്ക്കാതെ ഹോളില്‍ ഇരുന്ന് ബാല്യകാലം തൊട്ട് തുടര്‍ന്ന് പോരുന്ന സ്വയംഭോഗം ആരംഭിക്കുകയും തുടര്‍ന്ന് പെട്ടന്ന് കറണ്ട് വന്നപ്പോള്‍ അച്ഛനും അമ്മയും മുമ്പില്‍ നില്‍ക്കുന്ന അവസ്ഥയാവുകയും ചെയ്തത്രേ.
അതോടെ നാട്ടുനടപ്പ് പോലെ പെണ്ണിന് കല്യാണാലോചന തുടങ്ങുകയും ആദ്യം കണ്ട ചെറുക്കന്‍ തന്നെ ഇഷ്ടപ്പെട്ട് കല്യാണം കഴിക്കുകയും ചെയ്തു. അങ്ങനെ ഒരു പരിചയവുമില്ലാത്ത അയാളെ “അവള്‍ക്ക് ഒരുപാട് ഇഷ്ടമായി”. പിന്നെ പതിവ് ഡയലോഗുകളും ചേഷ്ടകളും തന്നെ.
ഇവിടെ ചില തിരഞ്ഞെടുക്കപ്പെട്ട യാദൃശ്ചികതകളെ നമ്മള്‍ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. പ്യൂണ്‍ ചേട്ടന്‍ എടുത്ത മുന്‍ കൈ സന്ദര്‍ഭവശാല്‍ ക്ലൈമാക്‌സിലേക്ക് എത്തിയില്ല. തുടര്‍ന്ന് പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് കിട്ടിയ കാമുകന്‍ അവള്‍ എടുത്ത മുന്‍ കൈയ്യെ കപട സദാചാരബോധം മുന്‍ നിര്‍ത്തി തട്ടിക്കളയുകയായിരുന്നു.
തുടര്‍ന്ന് പ്രണയമേ നിര്‍ത്തി ലൈംഗീക സ്വയം പര്യാപ്തത ആര്‍ജ്ജിച്ച അവള്‍ അതും കപട സദാചാരബോധത്താല്‍ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയില്‍ കിട്ടിയ ആദ്യ അവസരം ഉപയോഗിച്ച് തന്നെ ഇതില്‍ നിന്നൊക്കെ സ്വതന്ത്രയായി ബാംഗ്ലൂരില്‍ എത്തി. ഭയങ്കര ഇഷ്ടം, ഭയങ്കര ആത്മ വിനിമയം, പഴഞ്ചന്‍ ക്യാമറ. അത് മാറണം. പക്ഷേ ഇവിടെ പുരുഷന്റെ കാഴ്ചയ്ക്ക് ഒരു പരിക്കും പറ്റിയിട്ടില്ല. തൊട്ടും ഉമ്മവച്ചും ഒക്കെ നോക്കിയിട്ടും കന്യകാത്വം സ്റ്റോക്കാണേ!
അതായത് പഴഞ്ചന്‍ ക്യാമറ എന്ന് ആദ്യം മുതല്‍ക്കേ പരാതിപ്പെടുമ്പൊഴും പുരുഷാഖ്യാനത്തിന്റെ അറുപഴഞ്ചന്‍ പേട്രിയാര്‍ക്കിക് ആഖ്യാന പരിസരത്ത് നിന്നുകൊടുക്കുന്നു നായിക. കൂടാതെ അതിനെ ആദര്‍ശവല്‍ക്കരിക്കുകയും ചെയ്യുന്നു. ചൈല്‍ഡ് മൊളസ്റ്റേഷന്‍ എന്ന സാമൂഹ്യ കുറ്റകൃത്യത്തിനെ അതിന്റെ സാമൂഹ്യവും നിതീകവുമായ ഉള്ളടക്കങ്ങളെയൊക്കെ മാച്ചുകളഞ്ഞ് കേവലമായ വ്യക്തിഗത സമ്മതം കൊണ്ട് ന്യായീകരിച്ചെടുക്കുകയാണ് ഈ ചലചിത്രം.
പണ്ടേ സ്ഥിരമായി ചെയ്ത് പോരുന്നതാണെങ്കിലും ഒളിഞ്ഞ് നോട്ടം എന്ന കൃത്യം പോലും കപട ലൈംഗീക സദാചാരത്തിന്റെ വികൃതമായ മുഖത്തിന് നേരേ തുറന്നുപിടിച്ച നിഷേധത്തിന്റെ കണ്ണുകളാണ് എന്ന തരം വ്യാഖ്യാനങ്ങള്‍ വഴി ഒരുകാലത്ത് സാധൂകരിക്കപ്പെടാം എന്ന് അന്നൊന്നും അത്തരം കുറ്റവാളികള്‍ പോലും സ്വപനം കണ്ട്‌പോലുമുണ്ടാവില്ല. ഇന്നാകട്ടേ അങ്ങനെയും ആയിക്കൂടേ എന്ന നിഷ്‌കളങ്കമായ സംശയം ചിലരിലെങ്കിലും ഉല്പാദിപ്പിക്കപ്പെടുകയും അവര്‍ തങ്ങളുടെ സൂക്ഷ്മ വലയങ്ങളിലെങ്കിലും അതിനെ ധൈഷണിക വിപ്‌ളവമായി കൊണ്ടാടുകയും ചെയ്യുന്ന അവസ്ഥയുണ്ട്.
അത് കേവല നിഷേധത്തെ സാംസ്‌കാരിക നിഷേധമായി തെറ്റിദ്ധരിച്ച അവസ്ഥയില്‍ നിന്ന് ഉണ്ടാകുന്നതാണ്. നിങ്ങള്‍ എന്ത് ഭക്ഷിക്കണം, എന്ത് ധരിക്കണം എന്നൊക്കെ രാഷ്ട്രീയവും, സാമൂഹ്യവും, സാംസ്‌കാരികവുമായ അധികാരമാളുന്നവര്‍ അതിന്റെ ഇരകളില്‍ നിയമമായി അടിച്ചേല്‍പ്പിക്കുന്നതിലെ ഫാഷിസം പോലെ അതിന്റെ ഒരു ശരീശശാസ്ത്രപരമായ ഫാഷിസ്റ്റ് സമാന്തരമാണ് വാ കൊണ്ട് മാത്രം ഭക്ഷണം കഴിക്കാനാവുന്ന അവസ്ഥയും. ഇവയൊക്കെ ഒരുപോലെ ചെറുക്കപ്പെടേണ്ടതാണ് എന്ന തരം സിദ്ധാന്തവല്‍ക്കരണങ്ങള്‍ക്ക് പോലും വരിക്കാര്‍ ഉണ്ടാകുന്ന അവസ്ഥ!
അടുത്ത പേജില്‍ തുടരുന്നു
സംശയങ്ങള്‍
“മെമ്മറീസ് ഒഫ് എ മെഷീന്‍” എന്ന ഹൃസ്വ ചിത്രത്തെ ഒരു വിഭാഗം മനുഷ്യര്‍ “നികൃഷ്ടം” എന്ന് പാടെ തിരസ്‌കരിച്ചപ്പോള്‍ മറ്റൊരു വിഭാഗം അതിനെ കല വേറെ, പീഡോഫീലിയ എന്ന പ്രതിഭാസം വേറെ എന്ന നിലപാടെടുത്തു. മറ്റ് ചിലര്‍ ലൈംഗീകത എന്ന വികാരം സ്റ്റേറ്റ് നിശ്ചയിക്കുന്ന പ്രായപൂര്‍ത്തി മാനദണ്ഢം പൂര്‍ത്തീകരിക്കുംവരെ വ്യക്തികളില്‍ അധമമായി നിലനില്‍ക്കണൊ എന്ന സര്‍ക്കാസവുമായി മുന്നോട്ട് വന്നു. മൂന്നാമതൊരു വിഭാഗം ബാല ലൈംഗീകത എന്നത് നൈസര്‍ഗ്ഗികമല്ലെ എന്ന പ്രശ്‌നം ഉന്നയിക്കുന്നു.
പീഡോഫീലിയ ചിത്രീകരിച്ചു എന്നത് കൊണ്ട് മാത്രം ഒരു കലാസൃഷ്ടി അതിനെ ന്യായീകരിക്കുന്നതാവുന്നില്ല; കൊലപാതകമോ, റേപ്പോ ഞെട്ടിപ്പിക്കുംവിധം വിശദമായി ചിത്രീകരിച്ചതുകൊണ്ട് ആ കലാസൃഷ്ടി അവയെ ന്യായീകരിക്കുന്നതാവണമെന്നില്ല എന്നത് പോലെ. കല സംവദിക്കുന്നത് ഭാഷയിലൂടെയോ, ദൃശ്യങ്ങളിലൂടെയോ, ശബ്ദങ്ങളിലൂടെയോ അല്ല, അത് കൈമാറാന്‍ ശ്രമിക്കുന്ന അനുഭവത്തിലൂടെയാണ്.
അതായത് കൊലപാതകമോ, ബലാല്‍സംഗമൊ, പീഡോഫീലിയയോ ചിത്രീകരിച്ചു എന്നതുകൊണ്ട് മാത്രം ഒരു കലാസൃഷ്ടി അവയുടെ പക്ഷം പിടിക്കുന്നു എന്ന് വ്യാഖ്യാനിക്കാനാവില്ല. എത്ര വിശദമായി ചിത്രീകരിക്കപ്പെട്ടു എന്ന് പറഞ്ഞാലും ഒരു കൊലപാതക ദൃശ്യം പ്രതീതിയല്ലാതെ വാസ്തവമാകുന്നില്ലല്ലൊ. അപ്പോള്‍ ബാക്കിയാവുന്നത് പ്രേക്ഷകനിലേയ്ക്ക് കൈമാറപ്പെടുന്ന അനുഭവമാണ്. “മെമ്മറീസ് ഓഫ് എ മെഷിന്‍” എന്ന ഹൃസ്വ ചിത്രം താരതമ്യേനെ തീവ്രത കുറഞ്ഞ ഒരു വ്യക്തിഗത അനുഭവത്തെ സാമാന്യവല്‍ക്കരിച്ച് നീചമായ ഒരു കൃത്യത്തെ വെളുപ്പിക്കാന്‍ ശ്രമിക്കുന്നു.
തിരക്കുള്ള ബസില്‍ മുമ്പില്‍ നില്‍ക്കുന്ന സ്ത്രീയുടെ ഉടലിലേയ്ക്ക് തഞ്ചത്തില്‍ ലിംഗം ഉരസുന്ന പുരുഷന്‍ ചെയ്യുന്ന പ്രവര്‍ത്തി മുമ്പില്‍ നില്‍ക്കുന്ന സ്ത്രീ ആസ്വദിക്കുക എന്ന വിദൂരമായ ഒരു സാദ്ധ്യതയൊക്കെയുണ്ട്. അത് പക്ഷേ പലപ്പൊഴും പുരുഷ ലൈംഗീക ഫാന്റസികളില്‍ നിന്ന് ഉണ്ടാവുകയും സ്ത്രീകളിലേയ്ക്ക് ആരോപിക്കപ്പെടുകയും ചെയ്യപ്പെടുന്ന ഒന്നാകാനാണ് അതിലും വലിയ സാദ്ധ്യത.
ഇവിടെ “മെമ്മറീസ് ഓഫ് എ മെഷിന്‍” മുന്നോട്ട് വയ്ക്കുന്നത് അതില്‍ അഭിനയിച്ച സ്ത്രീയ്ക്ക് ഉണ്ടായ അനുഭവത്തിന്റെ സാക്ഷ്യമാണൊ? ആണെങ്കില്‍ അതിനെ നമ്മള്‍ നിരസിക്കുന്നില്ല. അതിന്റെ പേരില്‍ അവള്‍ അസാന്മാര്‍ഗ്ഗിയും ആവുന്നില്ല. ഇനി അത് ആ കഥ എഴുതിയ, സംവിധാനം ചെയ്ത ആരുടെയെങ്കിലും വ്യക്തിഗത അനുഭവമാണെങ്കില്‍ അതിനെയും. അതില്‍ ലിംഗഭേദമൊന്നുമില്ല.
എട്ട് വയസുള്ള ആണിന് പത്തിരുപത്തിയഞ്ച് വയസ്സുള്ള പെണ്ണില്‍ നിന്ന് കിട്ടുന്ന ആദ്യ ലൈംഗീക ഉത്തേജനം എന്നത് “കമ്പി” കഥ മുതല്‍ “ഉദാത്ത” സാഹിത്യത്തില്‍ വരെ പ്രായത്തില്‍ ചില്ലറ സാന്ദര്‍ഭിക മാറ്റങ്ങളൊടെ നമ്മള്‍ വായിച്ചിട്ടുള്ളതാണല്ലോ. ഇവിടെ അതിന്റെ വിമര്‍ശനമല്ല, വെളുപ്പിക്കലാണ് നടക്കുന്നത്. ഗൗരവമുള്ളത് എന്ന് നാം ചരിത്രാനുഭവങ്ങളിലൂടെ മനസിലാക്കിയ ഏതൊരു അനുഭവത്തിന്റെയും വ്യക്തിഗത സാദ്ധ്യതകള്‍ ഉപയൊഗിച്ചുള്ള ലളിതവല്‍ക്കരണം, അത് കലയിലായാലും, സാഹിത്യത്തിലായാലും, വിമര്‍ശിക്കപ്പെടെണ്ട ഒന്ന് തന്നെയാണ്.
പ്ലാസ്റ്റിക് കറന്‍സി വിനിമയത്തിനും, ഈ മാര്‍ക്കറ്റിങ്ങിനും ഒക്കെ പുറത്തുള്ള, എങ്ങനെ പോയാലും അന്‍പത് ശതമാനത്തിന് പുറത്ത് വരുന്ന ഒരു ജനവിഭാഗം അനുഭവിക്കുന്ന കഷ്ടപ്പാടുകളെ ഞാന്‍ ഇന്നലെയും സാധങ്ങള്‍ വാങ്ങി, പുറത്തുനിന്ന് ഭക്ഷണം കഴിച്ച്, സിനിമയും കണ്ട്, പെട്രോളും അടിച്ച് ഒരു പ്രശ്‌നവുമില്ലാതെ തിരിച്ചുവന്നു, ആകെ അഞ്ചാറുതവണ സൈ്വപ്പ് ചെയ്യേണ്ടിവന്നെന്നല്ലാതെ ഒരു അടിയന്തിരവും ഇല്ല, ഇവനൊക്കെ കഴപ്പല്ലെ വെറുതേ ഒരു നല്ല നീക്കത്തെ ആക്രാന്തം പിടിച്ച് തകര്‍ക്കാന്‍, രാജ്യദ്രോഹികള്‍ എന്ന് പറയുന്നത് പോലെയാണത്.
കനി അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന പ്യൂണ്‍ ചേട്ടന്‍ തൊട്ടത് അവര്‍ക്ക് ഇഷ്ടപ്പെട്ടു. അവര്‍ക്ക് ഭയം ഉണ്ടായപ്പോള്‍ ചേട്ടന്‍ തൊടല്‍ നിര്‍ത്തുകയും ചെയ്തു. പിന്നെയെന്താ പ്രശ്‌നം! കുട്ടികള്‍ ലൈംഗീകമായി പീഢിപ്പിക്കപ്പെടുകയും പീഢനാനന്തരം കൊല്ലപ്പെടുക തന്നെയും ചെയ്യപ്പെടുന്നതിന്റെ വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്ന ഒരു വര്‍ത്തമാന ചരിത്ര പശ്ചാത്തലത്തിലാണ് ഇത്തരം ഒരു പ്രമേയത്തിന്റെ തിരഞ്ഞെടുപ്പ് എന്ന് പ്രത്യേകം ഓര്‍ക്കണം. കലയിലെ രാഷ്ട്രീയം കലാകാരി/കാരന്‍ നടത്തുന്ന തിരഞ്ഞെടുപ്പുകളിലാണ്. അത് പ്രമേയം മുതല്‍ രൂപവും, ഘടനയും, ബിംബങ്ങള്‍ വരെയുള്ള ചമല്‍ക്കാരങ്ങളിലും പ്രത്യക്ഷപ്പെടുന്നു.
അടുത്ത പേജില്‍ തുടരുന്നു
ബാല്യ ലൈംഗീകത
സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പ്രായപൂര്‍ത്തി പരിധി കടക്കുന്നതിന്റെ പിറ്റേന്ന് പൊടുന്നനെ വ്യക്തികളില്‍ ഉണ്ടാകുന്ന ഒന്നല്ല ലൈംഗീകത. അതിന് വ്യക്തിപരവും, സാമൂഹ്യവും, ചിലപ്പോള്‍ വര്‍ഗ്ഗപരം തന്നെയുമായ ഉപപാഠങ്ങള്‍ ഉണ്ടാകാം. ബാല്യം മുതല്‍ക്കെ പല തലങ്ങളില്‍ വികസിച്ച് വരുന്ന അതിജീവന ചോദനകളില്‍ പെട്ട ഒന്ന് തന്നെ ലൈംഗീകതയും എന്ന് അംഗീകരിക്കാനും ബുദ്ധിമുട്ടില്ല. പക്ഷേ പീഡോഫീലിയ എന്നത് ബാല്യ ലൈഗീകത അല്ലല്ലൊ.
വയസ്സറിയിക്കുക എന്നൊക്കെ പറയുമ്പോലെ ശാരീരികമായ ലൈഗീക സജ്ജതയുടെ ശാരീരികം തന്നെയായ പ്രഖ്യാപനങ്ങളെ പ്രായപൂര്‍ത്തിയായതിന്റെ കേവല പ്രഖ്യാപനങ്ങളായി നാം ഇന്ന് എടുക്കാത്തതും ലൈംഗീകത പോലെയുള്ള വിഷയങ്ങളില്‍ ഏജ് ഓഫ് കണ്‍സെന്റ് അഥവാ സമ്മതം അറിയിക്കാന്‍ പോന്ന പ്രായം തുടങ്ങിയ വിഷയങ്ങളില്‍ പോലും സംവാദങ്ങളും അന്വേഷണങ്ങളും തുടരുന്നതും ബാല്യം മുതല്‍ക്കേ ലൈംഗീക താല്പര്യവും വികസിക്കാന്‍ തുടങ്ങുന്നു എന്ന അടിസ്ഥാന ധാരണ ഇല്ലാത്തതുകൊണ്ടൊന്നുമല്ല.
മറിച്ച് പൂര്‍ണ്ണമായി വികസിക്കാത്ത ധാരണകള്‍ പലതരം ചൂഷണങ്ങളിലേയ്ക്ക് വഴിതെളിച്ചേയ്ക്കാം എന്നതിനാലാണ്. പ്രായപൂര്‍ത്തി ആയിട്ടും ലിംഗപരവും, വര്‍ഗ്ഗപരവും, വംശീയവും ഒക്കെയായ അധികാരം ഉണ്ടാക്കുന്ന പരോക്ഷമായ നിരവധി കാരണങ്ങളാല്‍ ലൈംഗീക ചൂഷണം നടക്കുന്നു എന്ന വര്‍ത്തമാന യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ് ഇത്തരം ബാലിശമായ സംശയങ്ങള്‍.
ആദര്‍ശ തലത്തില്‍ കണ്‍സന്റ് അഥവാ സമ്മതം സാധുവാകണമെങ്കില്‍ അതില്‍ പങ്കുചേരുന്ന രണ്ടോ, അതിലധികമോ വ്യക്തികള്‍ പരസ്പരം ലിംഗപരമായും, വര്‍ഗ്ഗപരമായും, വംശീയമായും തുല്യാധികാരമുള്ളവര്‍ ആയിരിക്കണം. അങ്ങനെയെങ്കില്‍ മാത്രമെ സമ്മതിയുടെ പിന്‍വലിക്കലിലും ഒരേ മാനദണ്ഢങ്ങള്‍ സാധുവാകു.
അത്തരം സൂക്ഷ്മ യാഥാര്‍ത്ഥ്യങ്ങളെയൊന്നും പരിഗണിക്കാതെ അധികാരം, ഭരണകൂടം, നിയമം തുടങ്ങിയവ ഒക്കെയും നിഷേധിക്കപ്പെടേണ്ടതാണ്, അതാണ് “ഹീറോയിസം” എന്ന് പറയുന്ന ധൈഷണിക “സീറൊയിസ”ങ്ങളെ കുറിച്ച് എന്ത് പറയാന്‍! ബാല ലൈംഗീകതയെ നിഷേധിക്കാനൊ, അടിച്ചമര്‍ത്താനോ വേണ്ടിയല്ല പീഡോഫീലിയ ശിക്ഷാര്‍ഹമായ ഒരു കുറ്റകൃത്യമായി എണ്ണപ്പെടുന്നത്. ബാല്യ, കൗമാര പ്രായങ്ങളില്‍ ഉള്ളവര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെ നടത്തുന്ന ലൈംഗീക പ്രകടനങ്ങളെ ആരും പീഡോഫീലിയയായി എണ്ണാറുമില്ല. ഇവിടെയും “സ്റ്റിക് റ്റു ബേസിക്‌സ്” എന്നത് തന്നെയാണ് വേണ്ടത്.
എന്താണീ പീഡോഫീലിയ എന്ന് ചുമ്മാ ഒന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടും,”Pedophilia or paedophilia is a psychiatric disorder in which an adult or older adolescent experiences a primary or exclusive sexual attraction to prepubescent children. … In popular usage, the word pedophilia is often applied to any sexual interest in children or the act of child sexual abuse.” എന്ന്.
അതായത് ഒരു കുഞ്ഞിന് നൈസര്‍ഗ്ഗികമായി ഉണ്ടാകുന്ന ലൈംഗീക ഉണര്‍വുകളെ അത് സ്വയം കൈകാര്യം ചെയ്യുന്നതും അതിനെ മുതിര്‍ന്ന ഒരാള്‍ തനിക്കനുകൂലമായി ദുരുപയോഗം ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഇവിടെ ഈ ഹൃസ്വചിത്രത്തിലെ നായികയുടെ അനുഭവം എടുത്താലും വരികള്‍ക്കിടയിലൂടെ അവള്‍ക്ക് ബോദ്ധ്യങ്ങളല്ല, കേവലമായ കൗതുങ്ങളായിരുന്നു ഉണ്ടായിരുന്നത് എന്ന് മനസിലാക്കാന്‍ പ്രയാസമില്ല.
അവളുടെ പ്യൂണ്‍ ചേട്ടനാവട്ടെ താന്‍ ചെയ്യുന്നത് എന്താണെന്നതില്‍ കൗതുകമല്ല, കൃത്യമായ ബോദ്ധ്യം ഉണ്ടായിരുന്നു എന്നും. ” ആ ചേട്ടന് അറിയാമായിരുന്നു എന്നെ എങ്ങനെ തൊടണമെന്ന് കെട്ടോ” എന്ന് ഇന്ന് പ്രായപൂര്‍ത്തി ആയികഴിഞ്ഞ നായികയുടെ വാക്കുകളിലും അത് അറിയാതെ പ്രത്യക്ഷപ്പെടുന്നു. അറിവിലൂടെ ആര്‍ജ്ജിക്കുന്ന അധികാരം എങ്ങനെ അതില്ലാത്തവരുടെ സമ്മതിയെ മാനിപ്യുലേറ്റ് ചെയ്യുന്നു എന്നത് പക്ഷേ ഇവിടെ നാം സ്വതന്ത്രമായി വായിച്ചെടുക്കേണ്ടിവരും എന്ന് മാത്രം.
അത്തരം സൂക്ഷ്മാംശങ്ങളിലുമല്ല ചിത്രം ഊന്നുന്നത്, മറിച്ച് എട്ടുവയസ്സുള്ള ഒരു കുട്ടിക്ക് ഇരുപത്തിയഞ്ച് വയസ്സുള്ള ഒരു മുതിര്‍ന്ന ആളുമായി വളരെ സ്വാഭാവികമായി തന്നെ ഒരു ലൈംഗീക പാരസ്പര്യം സാദ്ധ്യമാണ് എന്നതിലാണ്. “മെമ്മറീസ് ഓഫെ മെഷീന്‍” എന്ന ഹൃസ്വ ചിത്രം ഒരു സാംസ്‌കാരിക ദുരന്തമാകുന്നത് അവിടെയാണ്
ആ അപകടം വെളിപ്പെടുത്താന്‍ ഒരു ലേഖനം എഴുതേണ്ടിവരുന്നു എന്നത് അതിലും വലിയ ദുരന്തമാകുന്നതും!
Read more: പോണ്‍ വ്യവസായം എങ്ങനെ പ്രവര്‍ത്തിക്കുന്നു? ഞെട്ടിക്കുന്ന വിവരങ്ങള്‍ (ഗ്രാഫിക് ചിത്രീകരണം)