കോഴിക്കോട്: സമസ്ത മുശാവറ യോഗത്തില്‍ മുസ്‌ലിം ലീഗ് ഉപാധ്യക്ഷന്‍ മായിന്‍ ഹാജിക്കെതിരെ രൂക്ഷ വിമര്‍ശനം. കോഴിക്കോട് ചേര്‍ന്ന യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്.
മായിന്‍ ഹാജി സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും മുശാവറ അംഗം കൂടിയായ മുക്കം ഉമര്‍ ഫൈസിക്കെതിരെ യോഗം വിളിച്ചെന്നുമായിരുന്നു വിമര്‍ശനം.
ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമസ്ത അന്വേഷണ സമിതിയെ നിയോഗിക്കുകയും ചെയ്തു. സമസ്ത പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പെടെയുള്ള എട്ടംഗ സമിതിയെ ആണ് നിയോഗിച്ചത്.
നേരത്തെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ക്കെതിരെ താന്‍ മോശം പരാമര്‍ശം നടത്തിയെന്ന് വ്യാജപ്രചരണം നടക്കുന്നുവെന്നാരോപണവുമായി എം.സി മായിന്‍ഹാജി രംഗത്തെത്തിയിരുന്നു. ആലിക്കുട്ടി മുസ്‌ലിയാരെ പട്ടിക്കാട്ടേക്കും പാണക്കാട്ടേക്കും കയറ്റുകയില്ല എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഓര്‍മ്മ വെച്ച കാലം മുതല്‍ ബഹു.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയേയും, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റേയും അടിയുറച്ച അനുയായിയാണ് താനെന്നും വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നില്‍ സമസ്തയിലെ വിഘടിത വിഭാഗമാണെന്നും മായിന്‍ഹാജി പറഞ്ഞിരുന്നു.
അതേസമയം സമസ്തയുടേത് സ്വതന്ത്ര നിലപാടാണെന്നും ആര് വിളിക്കുന്ന യോഗത്തിലും പങ്കെടുക്കാന്‍ അംഗങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും അധ്യക്ഷനായ ജിഫ്രി തങ്ങള്‍ പ്രതികരിച്ചു.
സര്‍ക്കാര്‍ വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നും സമസ്തയുടെ അധികാരത്തില്‍ ആര്‍ക്കും ഇടപെടാന്‍ അധികാരമില്ലന്നും മുശാവറ യോഗത്തിനു ശേഷം ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക