ചെന്നൈ: ജഡ്ജിക്കെതിരേയുള്ള വിമർശനം അധിക്ഷേപവും കോടതിയലക്ഷ്യവുമല്ലെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിനെതിരായ പരാമർശത്തിൽ ഡി.എം.കെ നേതാവ് ആർ.എസ്. ഭാരതിക്കെതിരെ യൂട്യൂബർ സവുക്കു ശങ്കർ ഹരജി നൽകിയിരുന്നു. ഈ ഹരജി തള്ളി കൊണ്ടായിരുന്നു ജസ്റ്റിസ് എസ്. എം. സുബ്രഹ്മണ്യം, ജസ്റ്റിസ് വി. ശിവജ്ഞാനം എന്നിവരടങ്ങിയ ബെഞ്ചിന്റെ നീരീക്ഷണം.
ഭാരതിയുടെ പരാമർശത്തെ സ്വാഗതം ചെയ്യുന്ന സ്ഥാപനമാണ് ജുഡീഷ്യറിയെന്നും ആ പരാമർശം ഒരു വിമർശനമാണെന്നും പറഞ്ഞ കോടതി നീതിപീഠത്തിന്റെ അടിസ്ഥാനം സുതാര്യതയാണെന്നും ഇത്തരം വിമർശനങ്ങൾ കോടതിയുടെ പ്രവർത്തങ്ങൾ മെച്ചപ്പെടുത്തുന്നുവെന്നും അഭിപ്രായപ്പെട്ടു.
ജഡ്ജിമാർക്ക് വിമർശനങ്ങളിൽ നിന്ന് മാറി നിൽക്കാനാകില്ലെന്നും കോടതിയലക്ഷ്യ നടപടി കോടതിയെന്ന സ്ഥാപനത്തെ സംരക്ഷിക്കാനാണെന്നും കോടതി പറഞ്ഞു. ജഡ്ജിമാരെന്നാൽ സ്ഥാപനമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി സ്ഥാപനം എന്നും നിലനിൽക്കുമെന്നും ജഡ്ജിമാരുടെ പെരുമാറ്റവും വിധിന്യായങ്ങളുമാണ് വിമർശനങ്ങൾക്കുള്ള ഉത്തരമെന്നും പറഞ്ഞു.
ജഡ്ജിമാരെ വിധിക്കുന്നത് ജനങ്ങൾക്ക് വിടണമെന്നും കോടതി കൂട്ടിച്ചേർത്തു. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പരാതിപ്പെടാത്തതിനാൽ ഭാരതിക്കെതിരേയുള്ള കോടതിയലക്ഷ്യ ഹരജി നിലനിൽക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
Content Highlight: Criticism of judge not abuse and contempt of court: Madras High Court