മാധ്യമം സമരത്തില്‍ ജോയ് മാത്യുവിന്റെ സാന്നിദ്ധ്യം സംഘപരിവാര്‍ അജണ്ടയെന്ന് വിമര്‍ശനം; മറുപടിയുമായി ജീവനക്കാര്‍; വിവാദം
Kerala News
മാധ്യമം സമരത്തില്‍ ജോയ് മാത്യുവിന്റെ സാന്നിദ്ധ്യം സംഘപരിവാര്‍ അജണ്ടയെന്ന് വിമര്‍ശനം; മറുപടിയുമായി ജീവനക്കാര്‍; വിവാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd September 2023, 8:26 am

കോഴിക്കോട്: തിരുവോണ നാളില്‍ മാധ്യമം ദിനപത്രത്തിലെ ജീവനക്കാര്‍ നടത്തിയ പട്ടിണി സമരത്തില്‍ നടന്‍ ജോയ് മാത്യുവിനെ പങ്കെടുപ്പിച്ചതിനെതിരെ ജമാഅത്തെ ഇസ്ലാമി, വെല്‍ഫയര്‍ പാര്‍ട്ടി അനുകൂലികള്‍. മാധ്യമം പത്രം പൂട്ടിക്കണമെന്ന താത്പര്യമുള്ള സംഘപരിവാര്‍ അനുകൂലികളാണ് ജോയ് മാത്യുവിനെ സമരത്തില്‍ പങ്കെടുപ്പിച്ചതെന്നാണ് ജമാഅത്ത്, വെല്‍ഫയര്‍ പാര്‍ട്ടി അനുകൂലികള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരോപിക്കുന്നത്.

എന്നാല്‍ ആരോപണങ്ങളെ പൂര്‍ണമായും തള്ളിക്കളയുകയാണ് സമരത്തില്‍ പങ്കെടുത്ത മാധ്യമം ദിനപത്രത്തിലെ ജീവനക്കാര്‍. മൂന്ന് മാസമായി ശമ്പളം ലഭിച്ചില്ല എന്ന കാരണത്താലാണ് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മാധ്യമം ദിനപത്രത്തിലെ ജീവനക്കാര്‍ തിരുവോണ നാളില്‍ പട്ടിണി സമരം നടത്തിയത്. ഇതേ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയുടെ സമരമുണ്ടായിരുന്നു. ഈ സമരത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് ജോയ് മാത്യു വെള്ളിമാട്കുന്നിലെ മാധ്യമത്തിന് മുന്നിലെ സമരത്തിലും പങ്കെടുത്തത്.

ഹിലാല്‍ ബാബു എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പ്രൊഫൈലിലാണ് ആദ്യം സമരത്തില്‍ ജോയ് മാത്യു പങ്കെടുത്തതിനെ വിമര്‍ശിച്ച് കൊണ്ട് പോസ്റ്റ് വന്നത്. ‘പ്രച്ഛന്ന സംഘിയായ’ ജോയ് മാത്യുവിനെ സമരത്തില്‍ പങ്കെടുപ്പിച്ചതിന് പിന്നില്‍ മാധ്യമം പൂട്ടിക്കണമെന്ന അജണ്ടയാണുള്ളതെന്നാണ് ഹിലാല്‍ ബാബുവിന്റെ പോസ്റ്റില്‍ പറയുന്നത്. ഈ പോസ്റ്റ് ജമാഅത്തെ ഇസ്‌ലാമി, വെല്‍ഫയര്‍ പാര്‍ട്ടി അനുകൂലികളായ നിരവധി പേര്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

മാധ്യമം ജീവനക്കാരുടെ സമരത്തില്‍ പുറത്ത് നിന്ന് മറ്റൊരാളെയും പങ്കെടുപ്പിക്കില്ലെന്ന് യൂണിയന്‍ നേതൃത്വം കണ്‍വെന്‍ഷന്‍ വിളിച്ചു അറിയിച്ചിരുന്നു എന്നും എന്നാല്‍ അതിന് വിപരീതമായ കാര്യങ്ങളാണ് ജോയ് മാത്യുവിനെ പങ്കെടുപ്പിച്ചതിലൂടെ സംഭവിച്ചത് എന്നുമാണ് ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രധാനപ്പെട്ടത്.

ആരോപണങ്ങള്‍ക്ക് മറുപടിയുമായി സമരത്തില്‍ പങ്കെടുത്ത ജീവനക്കാരും രംഗത്ത് വന്നിട്ടുണ്ട്. ഹര്‍ഷിനയുടെ സമരത്തില്‍ പങ്കെടുത്ത് മടങ്ങവെ ജോയ് മാത്യു സമരപ്പന്തല്‍ കണ്ട് അവിടെ ഇറങ്ങുകയായിരുന്നു എന്നും തങ്ങള്‍ ക്ഷണിച്ചിട്ടല്ല ജോയ് മാത്യു വന്നത് എന്നുമാണ് ജീവനക്കാര്‍ പറയുന്നത്. മാത്രവുമല്ല ഹര്‍ഷിനയുടെ സമരത്തിന്റെ സമരസമിതി കണ്‍വീനര്‍ മുസ്തഫ പാലാഴി വെല്‍ഫയര്‍ പാര്‍ട്ടിയുടെ കോഴിക്കോട് ജില്ല ജനറല്‍സെക്രട്ടറിയാണെന്നും ഹര്‍ഷിനയുടെ സമരത്തില്‍ പങ്കെടുത്ത ജോയ് മാത്യു വിശിഷ്ട അതിഥിയും മാധ്യമം ജീവനക്കാരുടെ സമരത്തില്‍ പങ്കെടുത്ത ജോയ് മാത്യ സംഘിയുമാകുന്നത് എങ്ങനെയാണെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്.

content highlights: Criticism of Joy Mathew’s presence in the Madhyamam strike as Sangh Parivar Ajanda ; Employees with reply; Controversy