ഉക്രൈന്‍-ഫലസ്തീന്‍ വിഷയത്തില്‍ ഐറിഷ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഐറിഷ് പാര്‍ലമെന്റ് അംഗം. പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് പാര്‍ട്ടി എം.പിയായ ബോയ്ഡ് ബാരറ്റ് ആണ് ഉക്രൈന്‍ ഫലസ്തീന്‍ വിഷയത്തില്‍ ലോകരാജ്യങ്ങളെയടക്കം വിമര്‍ശിച്ച് രംഗത്തെത്തിയത്.
ഉക്രൈനിലെ സൈനികനടപടിയെ തുടര്‍ന്ന് റഷ്യയ്ക്കുമേല്‍ ഉപരോധം പ്രഖ്യാപിക്കാനുള്ള ഐറിഷ് ഭരണകൂടത്തിന്റെ നടപടിയില്‍ പ്രതികരിക്കവേയാണ് ബാരെറ്റ് നിലപാട് വ്യക്തമാക്കിയത്.
”വ്ളാഡിമിര്‍ പുടിന്‍ മനുഷ്യരാശിക്കെതിരെ നടത്തുന്ന കുറ്റകൃത്യങ്ങളെ വിശേഷിപ്പിക്കാന്‍ ഏറ്റവും ശക്തവും ഊക്കുള്ളതുമായ വാക്കുകള്‍ കൃത്യമായി ഉപയോഗിക്കാനായതില്‍ നിങ്ങള്‍ സന്തുഷ്ടരാണ്. എന്നാല്‍, ഫലസ്തീനികളോടുള്ള ഇസ്രഈലിന്റെ പെരുമാറ്റം വിവരിക്കുമ്പോള്‍ നിങ്ങളുടെ ഭാഷയ്ക്ക് ആ ശക്തിയുണ്ടാകില്ല.” ബാരെറ്റ് പറഞ്ഞു.
‘ഇസ്രഈല്‍ ഫലസ്തീനികളുടെ അവകാശങ്ങള്‍ കവരുകയും ഗാസയ്ക്കുമേല്‍ ആക്രമണം അഴിച്ചുവിടുകയും ഫലസ്തീന്‍ ഭൂമിയില്‍ അധിനിവേശം നടത്തുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഇങ്ങനെ പ്രതികരിക്കില്ല. വംശീയവിവേചനമെന്ന വാക്കുപോലും ഉപയോഗിക്കില്ല.
ഉപരോധങ്ങളുമുണ്ടാകില്ല. പുടിനും അയാളുടെ സംഘത്തിനുമെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ അഞ്ചു ദിവസമാണ് എടുത്തത്. എന്നാല്‍, 70 വര്‍ഷമായി ഫലസ്തീനികള്‍ പീഡനമനുഭവിക്കുന്നു. ഉപരോധമൊന്നുമുണ്ടായില്ല. നിങ്ങള്‍ എന്താണ് അതേക്കുറിച്ച് പറഞ്ഞത്? അവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നത് ‘സഹായകരം’ ആകില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വംശീയവിവേചനം നടത്തുന്ന ഇസ്രഈല്‍ വൃത്തങ്ങള്‍ക്കെതിരെ ആസൂത്രിതമായ ഉപരോധത്തിന് ആംനെസ്റ്റി ആഹ്വാനം ചെയ്തിരുന്നതാണെന്ന് റിച്ചാര്‍ഡ് ബോയ്ഡ് ബാരെറ്റ് ചൂണ്ടിക്കാട്ടി. ഇസ്രഈലിന്റെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ രാജ്യാന്തര കോടതിയിലേക്ക് റഫര്‍ ചെയ്യണമെന്നും ആംനെസ്റ്റി ആവശ്യപ്പെട്ടിരുന്നു.
അതേസമയം പുടിന്‍, റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്റ്റിന്‍ തുടങ്ങി നൂറോളം റഷ്യന്‍ നേതാക്കള്‍ക്ക് ന്യൂസിലന്‍ഡ് ഉപരോധം ഏര്‍പ്പെടുത്തി.
റഷ്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഉക്രൈനില്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശവുമായി ബന്ധപ്പെട്ട മറ്റ് വ്യക്തികള്‍ക്കും ന്യൂസിലാന്‍ഡിലേക്കുള്ള യാത്രാനിരോധനം ലക്ഷ്യമിടുന്നതായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനും വിദേശകാര്യ മന്ത്രി നനയ്യ മഹൂട്ടയും ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
റഷ്യന്‍ സ്ഥാനപതിയെ രാജ്യത്ത് നിന്ന് പുറത്താക്കുന്നത് പരിഗണിക്കുകയാണെന്ന് ജസീന്ത ആര്‍ഡന്‍ പറഞ്ഞിരുന്നു.
Content Highlight: Criticism of Irish MP on the action against Russia