'എന്‍.എസ്.എസിന്റെ സ്ഥാപനങ്ങളിലെ നായര്‍ സംവരണം ഒഴിവാക്കുമോ'; സുകുമാരന്‍ നായരുടെ സംവരണ വിരുദ്ധ നിലപാടില്‍ വിമര്‍ശനം
Kerala News
'എന്‍.എസ്.എസിന്റെ സ്ഥാപനങ്ങളിലെ നായര്‍ സംവരണം ഒഴിവാക്കുമോ'; സുകുമാരന്‍ നായരുടെ സംവരണ വിരുദ്ധ നിലപാടില്‍ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th December 2022, 9:33 am

തിരുവനന്തപുരം: ജാതി സംവരണം അവസാനിപ്പിക്കണമെന്നും പകരം സമ്പത്തിന്റെ അടിസ്ഥാത്തില്‍ സംവരണം നടപ്പാക്കണമെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

ഏത് ജാതിയില്‍പ്പെട്ടവരായാലും അതിലെ പാവപ്പെട്ടവര്‍ക്കാണ് സംവരണം നല്‍കേണ്ടതെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. എന്നാല്‍ സുകുമാരന്‍ നായരുടെ ഈ പ്രസ്താവനക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് ഉയരുന്നത്.

ജാതിസംവരണം തൊഴിലിനുള്ള കുറുക്കുവഴിയല്ല, മറിച്ച് തലമുറയായി നീതി നിഷേധിക്കപ്പെവര്‍ക്ക് സാമൂഹ്യ നീതിക്കുവേണ്ടിയുള്ള ചുവടുവെപ്പാണ്, ജാതികള്‍ തമ്മിലുള്ള അസമത്വം അവസാനിക്കും വരെ ജാതി സംവരണം തുടരണമെന്നാണ് ആളുകള്‍ പറയുന്നത്.

എന്‍.എസ്.എസിന്റെ ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ നായര്‍ കമ്മ്യൂണിറ്റിയിലെ ആളുകള്‍ക്ക് മാത്രമുള്ള സംവരണം നിര്‍ത്തിയിട്ട് ബാക്കി നോക്കാം. ഇന്ത്യന്‍ സാഹചര്യത്തില്‍ സംവരണം ഒരിക്കലും ഒരു ദാരിദ്ര്യ നിര്‍മാര്‍ജന പ്രക്രിയയല്ല, അതിന് അല്ലാതെ തന്നെ നിരവധി ക്ഷേമ പദ്ധതികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആസൂത്രണം ചെയ്യുന്നുണ്ട് തുടങ്ങിയ അഭിപ്രായവും ഉയര്‍ന്നു.

സാമ്പത്തിക സംവരണം വഴി 10 ശതമാനം ക്വാട്ട നിലവില്‍ ചില മുന്നോക്കജാതിക്കാര്‍ക്ക് മാത്രമായി (രണ്ടര ഏക്കര്‍ ഭൂമിയൊക്കെയുള്ള അവരിലെ സമ്പന്നര്‍ക്ക് പോലും!) പരിമിതപ്പെടുത്തിയിട്ടുണ്ട്. അത് ജാതി ഭേദമന്യേ എല്ലാ പാവപ്പെട്ടവര്‍ക്കുമാക്കണം, അങ്ങനെയാണെങ്കില്‍ സുകുമാരന്‍ നായര്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നായിരുന്നു ഒരു പരിഹാസം.

സാമ്പത്തിക സംവരണം എന്ന ആവശ്യത്തില്‍ നിന്നും ഒരടി പോലും എന്‍.എസ്.എസ് പിന്നോട്ടു പോകില്ലെന്നും സമ്പന്നന്നര്‍ ജാതിയുടെ പേരില്‍ സംവരണാനുകൂല്യങ്ങള്‍ അടിച്ചുമാറ്റുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

ഇതിനുള്ള മറുപടി, സംവരണത്തെ അടിച്ചുമാറ്റുന്നതിനാണ് സാമ്പത്തിക സംവരണം കൊണ്ടുവന്നതെന്നും, 10 ശതമാനം സാമ്പത്തിക സംവരണം തന്നെ നിലവിലുള്ള സംവരണത്തെ അട്ടിമറിക്കാനുള്ള പ്രകൃയയാണെന്നുമായിരുന്നു.

അതേസമയം, സാമ്പത്തിക സംവരണം പത്ത് ശതമാനം എന്നുള്ളത് മാറി തൊണ്ണൂറു ശതമാനം സാമ്പത്തിക സംവരണം ഉണ്ടാകുന്ന അവസ്ഥ വരുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

Content Highlight: Criticism of G. Sukumaran Nair’s anti-reservation stance