| Tuesday, 11th October 2022, 5:33 pm

ദയാബായിയുടെ നിരാഹാര സമരത്തിനെതിരായ വിമര്‍ശനം; കെ.കെ. കൊച്ചിനെതിരായ സൈബര്‍ ആക്രമണം അവസാനിപ്പിക്കണം: അശോകന്‍ ചരുവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സാഹിത്യകാരന്‍ കെ.കെ. കൊച്ചിനെതിരെയുള്ള സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍.

ദളിത് പരിസ്ഥിതിവാദികളായി ചമഞ്ഞ ബ്രാഹ്‌മണിസ്റ്റുകള്‍ നവമാധ്യമങ്ങളില്‍ കെ.കെ.കൊച്ചിനെതിരെ ആക്രോശിച്ചു കൊണ്ടിരിക്കുകയാണ്. ചില മഴവില്‍ ബ്രാഹ്‌മണിസ്റ്റുകള്‍ അദ്ദേഹത്തെ ദളിത് പരിസ്ഥിതിവാദവും ജനകീയപ്രശ്നങ്ങളും പഠിപ്പിക്കാന്‍ ഒരുമ്പെടുന്നുണ്ട്. മാര്‍പ്പാപ്പയെ കുര്‍ബാന പഠിപ്പിക്കുന്നത് പോലെയാണതെന്നും അശോകന്‍ ചരുവില്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കേരളത്തില്‍ ദളിത് ജീവിതം ഇന്ന് ധൈഷണികമായ സമരോത്സുകതയില്‍ ഉറച്ചുനിന്ന് തല കുനിക്കാതെ മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് പ്രധാന കാരണമായത് കെ.കെ. കൊച്ചിന്റെ കയ്യിലെ പേനയാണ്. ചരിത്രവും വസ്തുതയുമറിയാത്ത സി.പി.ഐ.എം വിരോധം മാത്രം കൈമുതലുള്ള നിഷ്‌ക്കളങ്ക ശിശുക്കള്‍ കെ.കെ.കൊച്ചിനെതിരെ നടത്തുന്ന ഇന്നത്തെ സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്നും അശോകന്‍ ചരുവില്‍ കൂട്ടിച്ചേര്‍ത്തു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വേണ്ടി സാമൂഹ്യ പ്രവര്‍ത്തക ദയാബായി സെക്രട്ടറയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരവുമായി ബന്ധപ്പെട്ട കെ.കെ. കൊച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് വലിയ രീതിയില്‍ സൈബര്‍ ആക്രമണം ഉണ്ടായത്.

‘പ്രശ്‌നം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടേതാണത്രേ! എന്നാല്‍ സമര സമിതി സര്‍ക്കാരിന് നല്‍കിയ നാലാവശ്യങ്ങളുടെ വിശദീകരണത്തില്‍ ദുരിത ബാധിതര്‍ക്ക് വേണ്ടി ക്യാമ്പ് നടത്തുകയെന്ന ഒരാവശ്യം മാത്രമാണുള്ളത്. മറ്റു മുഴുവന്‍ കാര്യങ്ങളും കാസര്‍ഗോഡ് ജില്ലയുടെ നീതിയുക്തമായ ആരോഗ്യാവശ്യങ്ങളാണ്. ഇത്തരം ആവശ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുള്‍പ്പെടുന്ന ജില്ലയിലെ ജനങ്ങളുടെ പ്രാതിനിധ്യത്തില്‍ മുന്നോട്ടുവെക്കാതെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പേരിലായിരിക്കുകയും സമരം ഇറക്കുമതി ചെയ്ത ആയമ്മയുടെ പേരിലായിരിക്കുന്നതെന്തുകൊണ്ടാണ് ?

ഇത്തരം പൊറാട്ടു നാടകങ്ങള്‍ക്കു പിന്നിലെ താല്‍പര്യങ്ങള്‍ തിരിച്ചറിഞ്ഞ് കപട വേഷങ്ങളെ തിരിച്ചറിയാന്‍ നമുക്ക് കഴിയണം. കാരണം നീലകണ്ഠന്മാരുടെ വരുതിയില്‍ വന്ദനാ ശിവ, മേധാ പട്കര്‍, പ്രശാന്ത് ഭൂഷണ്‍ എന്നിങ്ങനെയുള്ള കുലം കുത്തികളുമുണ്ടെന്ന കാര്യം മറക്കാതിരിക്കുക.’ എന്നായിരുന്നു കെ.കെ. കൊച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശം.

കെ.കെ. കൊച്ചിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ദയാബായിയുടെ നിരാഹാര സത്യാഗ്രഹം
മധ്യപ്രദേശിലെ ആദിവാസി മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന 82 വയസ്സുള്ള ഭയാബായി ഒക്ടോബര്‍ രണ്ട് മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം അനുഷ്ഠിക്കുകയാണ്. പ്രശ്‌നം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടേതാണത്രേ! എന്നാല്‍ സമര സമിതി സര്‍ക്കാരിന് നല്‍കിയ നാലാവശ്യങ്ങളുടെ വിശദീകരണത്തില്‍ ദുരിത ബാധിതര്‍ക്ക് വേണ്ടി ക്യാമ്പ് നടത്തുകയെന്ന ഒരാവശ്യം മാത്രമാണുള്ളത്. മറ്റു മുഴുവന്‍ കാര്യങ്ങളും കാസര്‍ഗോഡ് ജില്ലയുടെ നീതിയുക്തമായ ആരോഗ്യാവശങ്ങളാണ്. ഇത്തരം ആവശ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുള്‍പ്പെടുന്ന ജില്ലയിലെ ജനങ്ങളുടെ പ്രാതിനിധ്യത്തില്‍ മുന്നോട്ടുവെയ്ക്കാതെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പേരിലായിരിക്കുകയും സമരം ഇറക്കുമതി ചെയ്ത ആയമ്മയുടെ പേരിലായിരിക്കുന്നതെന്തുകൊണ്ടാണ് ?

കേരളത്തിന്റെ മനസ്സാക്ഷിക്കു മുന്നില്‍ ഉയര്‍ന്നു വന്നൊരു സമരമാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടേത്. സംസ്ഥാനത്തിലെ ഒട്ടേറെ ശ്രേ ഷ്ഠ വ്യക്തിത്വങ്ങള്‍ ഇടപെട്ട തിന്റെ ഫലമായി കുറെ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അക്കമിട്ടു നിരത്തി ഇനി ചെയ്യേണ്ട കാര്യങ്ങള്‍ മുന്നോട്ടു വെയ്ക്കു കയാണ് ഉത്തരവാദപ്പെട്ടവര്‍ നിവേദനത്തിലൂടെ ചെയ്യേണ്ടത്. ഇവിടെയാ കട്ടെ സര്‍ക്കാരിനെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പേരില്‍ പ്രതിക്കൂട്ടില്‍ നിറുത്താന്‍ കഴിയുന്ന നിവേദനമാണ് സമര്‍പ്പിച്ചിരി ക്കുന്നത്. ഈ പ്രചരണത്തിന് വൈകാരികമായ ചൂടു പകരാനാണ് ദയാബായിയെ ഇറക്കുമതി ചെയ്തിരിക്കുന്നത്.

സമര സംഘാടനത്തിന് പിന്നിലുള്ള മുഖ്യ അവതാരം സി.ആര്‍. നീലകണ്ഠനാണ്, കൂടെ നല്ല സമരക്കാരിയായി ഉമാ തോമസ് എം.എല്‍.എയുമുണ്ട്. സമര സമതിയുടെ ആവശ്യങ്ങളെ ക്കുറിച്ചൊരു വാക്കുരിയാടാതെ വി.ഡി. സതീശന്‍ ദയാബായിയുടെ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ വിശ്വസ്ത വോട്ടുബാങ്കായ നക്‌സലുകള്‍ മുതലുള്ള വര്‍ കഥയറിയാതെ ആയമ്മയുടെ പ്രായം ചൂണ്ടിക്കാട്ടി വി.ഡി. സതീശന്റെ വിശ്വസ്ത ഭൃത്യയായിരിക്കുകയാണ്. ഈ കളിയില്‍ വിജയിച്ചിരിക്കുന്നത് നീലകണ്ഠന്‍ ആന്റ് കോയാണ്.

കേരളത്തിലെ ജനങ്ങളെ മണ്ണുതീറ്റിക്കുന്ന ഈ വിനോദം നാളേറെയായി തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. വെള്ളവും വളവും നല്‍കുന്നത് അല്‍പ്പ ബുദ്ധി കളായ മാധ്യമ പ്രവര്‍ത്തകരാണ്. ഇവരുടെ പരിപാടിയെക്കുറിച്ച് ദീര്‍ഘമായി വിവരിക്കുന്നില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദിലീപ് കേസിലെ അതിജീവിതയുടെ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി വഞ്ചി സ്‌ക്വയറില്‍ നടന്ന പ്രകടനത്തിലെ മിന്നുന്നതാരം അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് ഇറക്കി കൊണ്ടുവന്ന ഉമാ തോമസായിരുന്നു.

ഈ ഏകാംഗ നാടകത്തിന്റെ ഏകലക്ഷ്യം ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുള്ള വോട്ടുപിടുത്തമായിരുന്നു. ഇതേ വേതാളങ്ങളുടെ ചാണക്യ ബുദ്ധി വാളയാറിലെ അമ്മയെ മുഖ്യ കഥാപാത്രമാക്കി എറണാകുളത്ത് മറ്റൊരു നാടകം നടത്തിയതിന്റെ ലക്ഷ്യവും തൃക്കാക്കര തെരഞ്ഞെടുപ്പ് തന്നെ. അതിന്റെ മറ്റൊരു കളിയാണ് ദയാബായിയുടെ സത്യാഗ്രഹവും. ഇത്തരം പൊറാട്ടു നാടകങ്ങള്‍ക്കു പിന്നിലെ താല്‍പ്പര്യങ്ങള്‍ തിരിച്ചറിഞ്ഞ് കപട വേഷങ്ങളെ തിരിച്ചറിയാന്‍ നമുക്ക് കഴിയണം. കാരണം നീലകണ്ഠന്മാരുടെ വരുതിയില്‍ വന്ദനാ ശിവ, മേധാ പട്കര്‍, പ്രശാന്ത് ഭൂഷണ്‍ എന്നിങ്ങനെയുള്ള കുലം കുത്തി കളുമുണ്ടെന്ന കാര്യം മറക്കാതിരിക്കുക.

Content Highlight: Criticism of Dayabai’s hunger strike; Cyber Attack against KK Koch

We use cookies to give you the best possible experience. Learn more