| Saturday, 6th January 2024, 7:31 pm

കണ്ണൂര്‍ സ്‌ക്വാഡ്, നേര്, ആട്ടം; ആണ്‍ബോധത്തിന്റെ ആവര്‍ത്തിക്കുന്ന റേപ് ചിന്തകള്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്തിടെ റിലീസ് ചെയ്ത, വാണിജ്യപരമായോ, അല്ലാതെയോ ഇവിടെ സംസാരവിഷയമായ സിനിമകളുടെ മിക്കതിന്റെയും ത്രെഡ് പരിശോധിച്ചാല്‍, അതൊരു റേപ്പിലോ, അതില്‍ നിന്നും പുരുഷനുണ്ടാകുന്ന സങ്കടത്തിലോ, കുറ്റബോധത്തിലോ ചെന്നെത്തി നില്‍ക്കും.

ഒരു പക്ഷെ ചോലയില്‍ തുടങ്ങി തുടര്‍ന്ന് പോകുന്ന ഒരു വിജയഫോര്‍മുല കൂടെയാണ് ഇത്.

റേപ്പ് എന്നത് വിജയസാധ്യതയുള്ള ഒരു കഥാതന്തുവായി മാറുന്ന അവസ്ഥ. ഒന്നോര്‍ത്തു നോക്കൂ, ഒരാള്‍ കടന്നു പോകുന്ന ഏറ്റവും മോശമായ, ദുരിതപൂര്‍ണ്ണമായ അവസ്ഥയാണ് നിങ്ങള്‍ക്ക് ആഘോഷമാക്കാനുള്ള കഥയായി മാറുന്നത്. അതിലെ അവസാന കണ്ണിയാണ് ഇന്നലെ റിലീസ് ചെയ്ത, ആനന്ദ് ഏകര്‍ഷി ചിത്രം ‘ആട്ടം’.

ചിത്രത്തെ സ്‌ക്രൂട്ടിനൈസ് ചെയ്യുക എന്നതല്ല ലക്ഷ്യം. അത് ഇവിടെയുള്ള ആളുകളെ പറഞ്ഞു പഠിപ്പിക്കുക എന്നത് എന്റെ ഉത്തരവാദിത്തമായും എനിക്ക് തോന്നുന്നില്ല; അങ്ങനെ ആയിക്കൊണ്ടിരിക്കുന്നെങ്കില്‍ പോലും. എന്തുകൊണ്ട് ആട്ടം ഒരു മോശം സിനിമയാകുന്നു എന്ന് എന്നെ ബോധിപ്പിക്കാന്‍ എനിക്ക് നൂറു കാരണങ്ങളുണ്ട്. അതിന്റെ രാഷ്ട്രീയവശം അങ്ങനെ തിരസ്‌കരിക്കപ്പെടുന്നു എന്നത് ശരിക്കും ഭയപ്പെടുത്തുന്നുമുണ്ട്.

ഒരു പക്ഷെ ഈ സിനിമകളൊക്കെയും നിര്‍മിക്കപ്പെടുന്നത് ആണുങ്ങളാല്‍ ആണുങ്ങള്‍ക്ക് വേണ്ടിയാണ് എന്നത്‌കൊണ്ടായിരിക്കാം അതിന്റെ വലിയ ടാര്‍ഗറ്റ് മിണ്ടാതാക്കപ്പെടുന്നതും തെറ്റിദ്ധരിക്കപ്പെടുന്നതും. നേരും, കണ്ണൂര്‍ സ്‌ക്വാഡും, ചിറ്റയും അടക്കം വലിയ തോതില്‍ അപ്രീഷിയേറ്റ് ചെയ്യപ്പെട്ട ചിത്രങ്ങള്‍ പരിശോധിച്ചാല്‍ (സ്ത്രീകള്‍ നേരിട്ട അബ്യുസ് അവതരിപ്പിച്ച സിനിമകള്‍ എന്നതുകൊണ്ട് തെരഞ്ഞെടുത്തത്) ഇതെല്ലാം ലക്ഷ്യം വയ്ക്കുന്ന പ്രേക്ഷകര്‍ ഏത് എന്ന ഒരു പ്രശ്‌നമുണ്ട്.

ഒരിക്കലും അതൊരു സ്ത്രീയാണെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍, ഇത്തരം അവസ്ഥകളിലൂടെ കടന്നു പോയ സ്ത്രീകള്‍ക്ക് ( അബ്യുസ് നേരിടുന്നത് സ്ത്രീകള്‍ മാത്രമെന്ന് ഉദ്ദേശിക്കുന്നില്ല) ഈ സിനിമകള്‍ കണ്ടിരിക്കാനോ അംഗീകരിക്കാനോ സാധിക്കുമെന്നും തോന്നുന്നില്ല (ജനറലൈസ് ചെയ്യാനും ഉദ്ദേശമില്ല).

ഇവിടെ ഈ അവസ്ഥകള്‍ കാണിച്ചുകൊണ്ട് പുരുഷനില്‍ പുരുഷന്‍ തന്നെ കുറ്റബോധം ജനിപ്പിക്കുകയും ആ വികാരത്തെ മാര്‍ക്കറ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്. എത്ര എളുപ്പം വര്‍ക്ക് ഔട്ട് ആകുന്ന ഫോര്‍മുല ആണല്ലേ? എഴുതുന്ന കഥയില്‍ ഒരു സ്‌ട്രോങ്ങ് ഇമോഷന്‍ കൊണ്ടുവരാനോ, അല്ലെങ്കില്‍ ഒരു സ്‌ട്രോങ്ങ് മോട്ടീവ് ക്രിയേറ്റ് ചെയ്യാനോ, അവിടെ ഒരു അബ്യുസ് നടന്നതായി വരുത്താം എന്ന നിലയിലാണ്.

ഇതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ് കണ്ണൂര്‍ സ്‌ക്വാഡിലേത്. കഥാനായകന് പ്രതിയെ അന്വേഷിക്കാന്‍ വേണ്ട സാഹചര്യങ്ങള്‍ ഉണ്ടായിരുന്നിട്ട് പോലും യഥാര്‍ത്ഥ സംഭവത്തില്‍ ഇല്ലാതിരുന്ന ഒരു റേപ്പ് ഇന്‍സിഡന്റ് കൊണ്ട് വരുന്നുണ്ട്. അയാള്‍ക്ക് കേസ് തെളിയിക്കാന്‍ മരണപ്പെട്ട ആള്‍ക്ക് സംഭവിച്ച അനീതി എന്നത് തക്കതായ കാരണമായിരുന്നിട്ടും, ആ മകള്‍ക്ക് കൊടുത്ത വാക്ക് എനിക്ക് പാലിക്കണമെന്ന് പറയുന്ന പൊലീസുകാരന്‍ കുറച്ചുകൂടെ കൺവിൻസിങ് ആവുകയാണ്.

സമാനമായ സാഹചര്യമാണ് ഇരട്ടയിലും. വിനോദ് കുമാറെന്ന പൊലീസുകാരന്‍ അയാളുടെ എല്ലാ ചെയ്തിയിലും തെറ്റുകാരന്‍ തന്നെയാണ്. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത അയാളെ ആണുങ്ങള്‍ക്ക് കുറച്ചൂടെ വ്യക്തമാകുന്ന രീതിയില്‍ കുറ്റക്കാരനാക്കാന്‍ മോറലി കൂടുതല്‍ ചലഞ്ചിങ് ആക്കും വിധം റേപ്പിനെയും അതിനെ പിന്തുണക്കുന്നതിനെയും ചിത്രീകരിച്ചിട്ടുണ്ട്. എന്തിന്? ആര്‍ക്കുവേണ്ടി? നിങ്ങള്‍ക്ക് ഒരു ‘കഥ’യുമില്ലെങ്കില്‍ പിന്നെ എന്തുചെയ്യും അല്ലേ?

സിനിമക്കുള്ളിലേക്ക് കഴിഞ്ഞ കുറച്ച് കാലങ്ങളായി നുഴഞ്ഞു കയറുന്ന ഫാസിസ്റ്റു നരേറ്റീവുകള്‍ പോലെ തന്നെയാണ് ഇത്തരം നരേറ്റീവുകളും. നിങ്ങളറിയാതെ പോലും നിങ്ങള്‍ ആഘോഷിക്കുന്നത്, കണ്ട് സംതൃപ്തരാവുന്നത് മറ്റൊരാള്‍ ഒരു ജീവിതം മുഴുവനും കൊണ്ട് മറികടക്കാന്‍ ശ്രമിക്കുന്ന അവരുടെ ട്രോമകളാണ്. ‘നോട് ഓള്‍ മെന്‍’ എന്ന ടാഗ് ലൈനിന്റെ പുത്തന്‍ സിനിമാറ്റിക് വേര്‍ഷന്‍.

ഇതിലെല്ലാം നായകന്‍ സ്ത്രീയുടെ രക്ഷകനായി മാറുമ്പോള്‍, അയാളോട് എമ്പതൈസ് ചെയ്യുന്ന സിനിമയും പ്രേക്ഷകനും ‘മോശം ആണെ’ന്നും ‘നല്ല ആണെ’ന്നും രണ്ട് കാറ്റഗറികള്‍ സൃഷ്ടിച്ചുകൊണ്ട് ‘ഓള്‍ മെന്‍ ആര്‍ പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റ്’ എന്ന യാഥാര്‍ത്ഥ്യത്തെയാണ് മറച്ചുവെക്കുന്നത്. ഞാന്‍ അത്തരം ഒരാണല്ല എന്ന് പറയുമ്പോഴും, അത്തരമൊരു ആണാവാനുള്ള എല്ലാ സോഷ്യല്‍ കാപ്പിറ്റലുമുള്ള, എന്നാല്‍ അങ്ങനെ ആവരുതെന്ന് ആഗ്രഹിക്കുന്ന, ശ്രമിക്കുന്ന ഒരാണാണ് നിങ്ങളെന്ന് മറന്നു പോവുകയാണ്.

നിങ്ങളവിടെ സ്വയം ഒരു ജോര്‍ജ് മാര്‍ട്ടിനോ, വിജയമോഹനോ, ഈശ്വരനോ ഒക്കെയാവുകയാണ്. ശരിക്കും നിങ്ങളെന്ന രക്ഷകനെക്കാളും നിങ്ങളില്‍ നിന്നൊക്കെയുള്ള രക്ഷ ആഗ്രഹിക്കുന്ന സ്ത്രീകളാണ് നമുക്ക് ചുറ്റുമുള്ളവരില്‍ ഭൂരിഭാഗവും.

ഇതിനേക്കാള്‍ ഭയാനകം, ഒരു സര്‍വൈവര്‍ എങ്ങനെയായിരിക്കും എന്നതിന്റെ ഒരുപാട് മെന്റല്‍ സ്ട്രക്ച്ചറുകള്‍ നിര്‍മിക്കപ്പെടുന്നുവെന്നതാണ്. തുറന്നു പറഞ്ഞിട്ടില്ലാത്ത അബ്യുസുകളും സര്‍വൈവേര്‍സുമാണ് നമുക്ക് ചുറ്റും എന്നതു കൊണ്ട് തന്നെ ആളുകള്‍ക്ക് കൂടുതല്‍ പരിചയമുള്ള സര്‍വൈവേഴ്‌സ് സിനിമകളിലെ കഥാപാത്രങ്ങള്‍ ആയിരിക്കും.

ഒരു പക്ഷെ നിങ്ങള്‍ അബ്യുസ് ചെയ്തവര്‍ പോലും പിന്നീട് എങ്ങനെ ജീവിക്കുന്നു എന്നത് നിങ്ങള്‍ അറിഞ്ഞിരിക്കാന്‍ വഴിയില്ല.

അത് സമൂഹത്തെ പഠിപ്പിക്കുന്ന ധര്‍മം ഇപ്പോള്‍ മലയാള സിനിമ ഏറ്റെടുത്തിട്ടുണ്ട്. നിങ്ങളെപ്പോലെതന്നെ മറ്റൊരു പുരുഷന്റെ ഭാവനയിലുള്ള അതിജീവനമാണത്. നിലനില്‍ക്കുന്ന ബാരിയറുകള്‍ക്ക് പുറമെ, ഒരു അതിജീവിത പൊളിക്കേണ്ടിവരുന്ന മറ്റൊരു ബാരിയര്‍. അഥവാ അവര്‍ക്ക് നല്‍കുന്ന അധികജോലി.

ഇവിടെ തന്നെ നോക്കൂ, സിനിമ കണ്ട ശേഷം ഒരു നല്ല സിനിമ കണ്ട തൃപ്തിയില്‍ നിങ്ങള്‍ ( ആണുങ്ങള്‍/ അബ്യൂസ് നേരിടേണ്ടി വന്നിട്ടില്ലാത്ത മനുഷ്യര്‍) നിങ്ങളുടെ ദൈനംദിന ചര്യകളിലേക്ക് സുഗമമായി പോകും പോലെയല്ല എനിക്ക്. എന്നില്‍ ഉണ്ടായ കോണ്‍ഫ്‌ലിക്റ്റുകള്‍ക്ക് അപ്പുറം ഇതിനെക്കുറിച്ച് മറ്റൊരാളെ പറഞ്ഞു പഠിപ്പിക്കുകയെന്ന ഉത്തരവാദിത്തം കൂടെയാണ് ഏല്പിക്കപ്പെടുന്നത്.

ആട്ടം ഉദാഹരണമായി എടുത്താല്‍, സമാനസാഹചര്യങ്ങളില്‍ ഒരു പെണ്‍കുട്ടി കടന്നു പോകുന്നത് അഞ്ജലി കടന്നുപോകും പോലെയല്ല എന്ന് പറയുമ്പോള്‍, പിന്നെ എങ്ങനെയാണ് എന്ന് പറഞ്ഞു ബോധ്യപ്പെടുത്തേണ്ടി കൂടി വരുന്നുണ്ട്. ഡൂ വീ ട്രൂലി ഡിസര്‍വ് ഇറ്റ് ?

ആനന്ദ് ഏകര്‍ഷിയുടെ ഇന്റര്‍വ്യൂവില്‍ അയാള്‍ പൊളിറ്റിക്കല്‍ ‘കറക്‌നെസ്സിന്റെ പ്രേതം’ സര്‍ഗാത്മകതയെ ബാധിച്ചിരിക്കുകയാണ് എന്ന് പറഞ്ഞത് കേട്ടു. അങ്ങനെ ഒരു ബാധ ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു കഥ നിങ്ങള്‍ക്ക് എഴുതാനോ സിനിമയാക്കി മാറ്റാനോ സാധിക്കില്ലായിരുന്നു. അത്തരമൊരു ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നെങ്കിൽ ഇത്ര ആയാസത്തോടെ നിങ്ങള്‍ ഒരു മി ടൂ ആരോപണത്തെ കാന്‍സല്‍ ചെയ്യാന്‍ സമൂഹത്തെ എജുക്കേറ്റ് ചെയ്യില്ലായിരുന്നു.

content highlights: Kannur Squad, Neram, Aattam; Repetitive masculinity rape thoughts

We use cookies to give you the best possible experience. Learn more