മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് സി.ബി.ഐ 5 ദി ബ്രെയ്ന്‍ പ്രേക്ഷകരിലേക്കെത്തിയത്. മലയാള സിനിമയില്‍ തരംഗമായ സി.ബി.ഐ സീരിസുകള്‍ 1988 മുതല്‍ വിവിധ തലമുറകളെ സ്വാധീനിച്ചിരുന്നു.
എന്നാല്‍ റിലീസിന് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അഞ്ചാം ഭാഗത്തിന്റെ റിലീസിന് ശേഷം മുന്‍ സി.ബി.ഐ സിനിമകളുടെ നിലവാരം പുലര്‍ത്താനായില്ല എന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. മാറിയ കാലത്തിനനുസരിച്ചുള്ള മേക്കിംഗും തിരക്കഥയും ഒരുക്കിയില്ല എന്നതാണ് പ്രധാനമായും വിമര്‍ശകര്‍ ഉന്നയിച്ചത്.
ചിത്രത്തിന്റെ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ പരിഹാസ പാത്രമാവുകയാണ്. അടുത്തിടെ ഇറങ്ങിയ പോസ്റ്ററിലെ ക്യാപ്ഷനുകളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമാവുന്നത്.
‘സ്ത്രീകളെ വേദനിപ്പിച്ചാല്‍ സേതുരാമയ്യര്‍ സഹിക്കില്ല
ഒരു തരി വെറുപ്പ് മതി ഒരു മലയാളം സ്‌നേഹം ഇല്ലാതാക്കാന്‍
പ്രകൃതിക്ക് ഒരു നിയമമുണ്ട്, ഈശ്വരന് ഒരു നിശ്ചയമുണ്ട്, ഒരു കൊലപാതകം ചെയ്താല്‍ ഒരു കടുകുമണിയോളം തെളിവ് ബാക്കിവെച്ചേ മതിയാകൂ
വരും തലമുറക്കള്ള സന്ദേശവുമായെത്തിയ സേതുരാമയ്യര്‍ക്ക് വന്‍ സ്വീകരണം,’ എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങള്‍.
10 വര്‍ഷം മുമ്പേ ഇറങ്ങിയ ചിത്രങ്ങള്‍ക്ക് പോലും ഇത്തരം ക്യാപ്ഷനുകള്‍ ഇല്ലായിരുന്നു എന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. വൈകീട്ട് ആറ് മണിക്ക് ശേഷം സംപ്രേഷണം ചെയ്യുന്ന സീരിയലുകളുടെ ക്യാപ്ഷനുകളോടാണ് മറ്റ് ചിലര്‍ പോസ്റ്ററിലെ വാചകങ്ങളോട് ഉപമിച്ചത്.
സീരിയലുകളിലെ ക്യാപ്ഷനുകള്‍ക്ക് ഡബ്ബ് ചെയ്യുന്ന അലിയാരുടെ ശ്ബ്ദത്തില്‍ ഈ വാചകങ്ങള്‍ സങ്കല്‍പിച്ച് നോക്കാനാണ് ചിലര്‍ ആവശ്യപ്പെടുന്നത്. ചിത്രത്തിന്റെ കഥയുമായി ഒരു ബന്ധവുമില്ലാത്ത വാചകങ്ങളാണ് പോസ്റ്ററില്‍ ഉപയോഗിച്ചത് എന്നും വിമര്‍ശനമുണ്ട്.
കഥാപാത്രങ്ങളെ കുത്തിനിറച്ച് ആദ്യമിറങ്ങിയ പോസ്റ്ററിനും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കഥാപാത്രങ്ങളുടെ ആധിക്യം തന്നെ വിമര്‍ശനമുയര്‍ത്തിയിരുന്നു എന്നത് മറ്റൊരു കാര്യം. മാളവിക മേനോന്‍, അന്‍സിബ, സുദേവ് നായര്‍, സ്വാസിക, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് ഒരു പ്രാധാന്യവുമില്ലാതെ സിനിമയിലെത്തിയിരിക്കുന്നത്.
‘ഈ സിനിമ നിങ്ങളിലെ ആത്മവിശ്വാസത്തെ ഉണര്‍ത്തും
പഠിക്കാനും മനസിലാക്കാനും തലമുറകള്‍ക്ക് കൈ മാറാനും ഒരു നല്ല സിനിമ,’ എന്നതായിരുന്നു ഈ പോസ്റ്ററിലെ ക്യാപ്ഷന്‍.
Content Highlight: criticism for the posters og cbi 5 the brain