ചരിത്രത്തിൽ സാമാന്യ മനുഷ്യന് ഇടം നൽകിയ കവിതകളെയാണ് മുദ്രവാക്യക്കവിതകൾ എന്ന് വിളിക്കുന്നത് അത്തരത്തിൽ മികച്ച കവിതയാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ഒരു മുദ്രവാക്യക്കവിത’ എന്ന് അശോകൻ ചരുവിൽ.
എന്നാൽ പ്രസ്താവനയെ വിമർശിച്ച് ഡോ.ആസാദ്. കുഞ്ഞപ്പ പട്ടാനൂരോ ഉമേഷ്ബാബുവോ എഴുതിയാൽ മികച്ച കവിതയായി കണക്കാക്കുമോയെന്ന് ആസാദ് ചോദിക്കുന്നു.
ദേശാഭിമാനി വാരികയിൽ 36ാം ലക്കത്തിൽ വന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയായ “ഒരു മുദ്രവാക്യക്കവിത” ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു അശോകൻ ചെരുവിൽ.
“ചരിത്രത്തിൽ സാമാന്യ മനുഷ്യന് ഇടം നൽകിയ കവിതകളെയാണ് മുദ്രവാക്യക്കവിതകൾ എന്ന് വിളിക്കുന്നത്, മുദ്രാവാക്യങ്ങൾ എന്നും പറയാം പ്രിയപ്പെട്ട ബാലചന്ദ്രൻ ഞാൻ വീണ്ടും പറയുന്നു നിങ്ങളുടെ സമകാലികനായി ജീവിക്കാൻ കഴിഞ്ഞതാണ് എൻറെ സൗഭാഗ്യം” എന്നായിരുന്നു അശോകൻ ചരുവിൽ ഫേസ്ബുക്കിൽ പങ്കുവെച്ചത്. എന്നാൽ അശോകൻ ചരുവിലിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരനായ ഡോ.ആസാദ്.
അശോകൻ ചരുവിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് ഡോ.ആസാദ് വിമർശിക്കുന്നത്. ഒരു മുദ്രവാക്യക്കവിത വായിച്ചു എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം, ദേശാഭിമാനി വാരികയിൽ വന്ന ഒരു മുദ്രവാക്യക്കവിതക്ക് പുതുമ തോന്നേണ്ടതില്ലെന്ന് പറയുന്നു.
ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതുമ്പോൾ മാത്രമാണോ ചോര തിളക്കുന്നതും മികച്ച മുദ്രവാക്യക്കവിതയാകുന്നതെന്നും ആസാദ് ചോദിക്കുന്നു.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ മികച്ച മുദ്രവാക്യക്കവിതകൾ ആയിരുന്നു എന്ന് പറയുന്ന ആസാദ് ചിലിയിലെയും ലാറ്റിനമേരിക്കയിലെയും ഖനിത്തൊഴിലാളികൾ നെരുദയെ വായിച്ചതുപോലെ എൺപതുകൾ ആ കവിതയിൽ മുഴുകിയിട്ടുണ്ടെന്നും പറയുന്നു.
എന്നാൽ ഇപ്പോൾ വന്നത് മുദ്രാവാക്യ കവിതയല്ല, ഈ കവിതയെക്കാൾ കഷ്ടമാണ് കവികളെ മുൻനിർത്തി നിരൂപണം നടത്തുന്നവർ എന്നും ഡോ.ആസാദ് പറയുന്നു.
പുരോഗമന കവികളെ മുദ്രാവാക്യ കവികൾ എന്ന് അധിക്ഷേപിച്ചു കേട്ടിട്ടുണ്ട് അതിൽ പെട്ട ചിലരെ ഇപ്പോഴും അക്കാദമിയെ പരിപാടികളുടെ നാലയലത്ത് കയറ്റാത്ത സാംസ്കാരിക നായകന്മാരാണ് മുദ്രവാക്യക്കവിതയെ പുകഴ്ത്തുന്നത് എന്നും അത് ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയാൽ വിശുദ്ധ പെടും എന്നെ അവർ കരുതുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുഞ്ഞപ്പ പട്ടാനൂരോ ഉമേഷ്ബാബുവോ എഴുതിയാൽ ഇത്തരക്കാർ അത് കവിതയായി കണക്കാക്കുമോ എന്നും ചോദിക്കുന്ന അദ്ദേഹം തമ്പ്രാക്കൾക്ക് അവർ അസ്പൃശ്യരാണെന്നും പറയുന്നു.
ബാലചന്ദ്രൻ ചുള്ളിക്കാട് സമര ചരിത്രം ഓർമിപ്പിക്കുകയാണ്, അത് ധ്വനിസമൃദ്ധിയുടെ പലവഴികൾ തുറക്കാതെ വ്യക്തവും നിശിതവുമായ വിമർശനമായി മാത്രമാണ് എഴുതിയിരിക്കുന്നതെന്ന് പറയുന്ന ആസാദ് കവിത എതിർക്കുന്ന ഫ്യൂഡൽ മൂല്യങ്ങളെ എങ്ങനെ പുതുമ സംസ്കരിച്ച് പ്രയോഗിക്കുന്നു എന്ന വിമർശനാത്മക വിചാരത്തിലേക്ക് കടക്കുകയാണ് വേണ്ടതെന്നും കൂട്ടിച്ചേർക്കുന്നു.
കൂടാതെ ദേശാഭിമാനിക്ക് കൊടുക്കേണ്ടതാണ് ബാലചന്ദ്രൻ ചുള്ളിക്കാട് ദേശാഭിമാനിക്ക് കൊടുക്കുന്നതെന്നും ഞാനായിരുന്നു പത്രാധിപരെങ്കിൽ അങ്ങനെ ഒരു കവിത ബാലചന്ദ്രന്റെ പേരിൽ ദേശാഭിമാനിയിൽ വരില്ലായിരുന്നുവെന്നും അതിൻറെ കുറ്റം താൻ ഏൽക്കുമെന്നും ആസാദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
എന്നാൽ ആസാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കഞ്ഞിക്കുഴിക്കാലം സ്വപ്നം കാണുന്ന മറ്റൊരു കൃഷ്ണകുമാരൻ കവിത വായിച്ച് അസ്വസ്ഥനാവുന്നു എന്നായിരുന്നു അശോകൻ ചരുവിലിന്റെ മറുപടി.