തിരുവനന്തപുരം: നേതാക്കള്‍ ഹെലികോപ്റ്ററില്‍ കറങ്ങിയപ്പോള്‍ ബൂത്ത് തല വോട്ടുകള്‍ ഒലിച്ചുപോയെന്ന് ബി.ജെ.പി നേതൃയോഗത്തില്‍ വിമര്‍ശനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബി.ജെ.പി ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും ഓണ്‍ലൈന്‍ യോഗത്തില്‍ ആയിരുന്നു നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. ഹെലികോപ്റ്ററില്‍ കറങ്ങാന്‍ പണം പൊടിപൊടിച്ചെങ്കിലും ബൂത്തുകളില്‍ പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സഹായം ചുരുക്കിയെന്നും ജില്ലാ നേതൃത്വം യോഗത്തില്‍ പറഞ്ഞു. ബൂത്ത് തലങ്ങളിലുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിരുന്നെങ്കില്‍ കുറഞ്ഞ ഭൂരിപക്ഷത്തിന് തോറ്റ മണ്ഡലങ്ങള്‍ വിജയസാധ്യതയുണ്ടായിരുന്നുവെന്നും യോഗം വിലയിരുത്തി.
‘ബൂത്ത് തല പ്രവര്‍ത്തനത്തിലെ വീഴ്ച ബി.ജെ.പിയെ ഞെട്ടിപ്പിക്കുന്നതാണ്. മറ്റൊരു പാര്‍ട്ടിക്കും അവകാശപ്പെടാന്‍ കഴിയാത്ത കെട്ടുറപ്പുള്ള ബൂത്ത് തല സംവിധാനം ഉണ്ടെന്നാണ് ബി.ജെ.പി വിശ്വസിച്ചിരുന്നത്. ബി.ജെ.പി നേതാക്കള്‍ക്കു പുറമേ ആര്‍.എസ്.എസ് സംയോജകരും ബൂത്ത് തലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമിക്കപ്പെട്ടിരുന്നു. എന്നിട്ടും വോട്ട് ചോര്‍ന്നുവെന്നതാണു ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നത്,’ നേതൃയോഗം വിലയിരുത്തി.
അതേസമയം, മൂന്നു കോപ്റ്ററുകളാണു തെരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലേക്കു ബി.ജെ.പി വാടകയ്‌ക്കെടുത്തത്. രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കേരളത്തിലെ പ്രവര്‍ത്തനം ഏകോപിപ്പിച്ച കേന്ദ്രമന്ത്രി വി. മുരളീധരനും പിന്നെ കേരളത്തിലെത്തുന്ന കേന്ദ്രനേതാക്കള്‍ക്കും വേണ്ടിയായിരുന്നു ഇവ. ഇതില്‍ ഒരു എന്‍ജിന്‍ ഉള്ള കോപ്റ്ററിനു രണ്ട് മണിക്കൂറിനു രണ്ട് ലക്ഷം രൂപയായിരുന്നു വാടക. ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്ററിനു രണ്ട് മണിക്കൂറിന് നാല് ലക്ഷം വരെയും. കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ച കെ. സുരേന്ദ്രന് രണ്ട് ദിവസം കൂടുമ്പോള്‍ പറക്കേണ്ടി വന്നതും ചെലവ് വര്‍ധിപ്പിച്ചു.
നേരത്തെ ബി.ജെ.പി തിരുവനന്തപുരം ജില്ലാ നേതൃയോഗത്തില്‍ നേതാക്കള്‍ തമ്മിലുണ്ടായ തര്‍ക്കം വാര്‍ത്തയായിരുന്നു. ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, എസ്. സുരേഷ്, ജെ. ആര്‍ പത്മകുമാര്‍ എന്നിവര്‍ തമ്മിലായിരുന്നു വാക്പോര്. മണ്ഡലം പ്രസിഡന്റുമാര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ എല്ലായിടത്തും എന്‍.എസ്.എസ് വോട്ടുകള്‍ ചോര്‍ന്നുവെന്നും വിലയിരുത്തലുണ്ട്.
നെടുമങ്ങാട്ടെ തോല്‍വിയിലെ റിപ്പോര്‍ട്ട് അവതരണത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ജെ. ആര്‍ പത്മകുമാറിനെ മണ്ഡലം പ്രസിഡന്റ് വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് ജില്ലാ നേതൃത്വത്തില്‍ നിന്നും വേണ്ട സഹായം ലഭിച്ചില്ലെന്നാണ് പത്മകുമാര്‍ മറുപടി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Criticism at BJP leadership meeting on Kerala Assembly defeat