| Friday, 18th February 2022, 9:42 am

കേന്ദ്രത്തിനെതിരെയുള്ള വിമര്‍ശനം വായിച്ച് ഗവര്‍ണര്‍; നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിന് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരെയുള്ള വിമര്‍ശനം വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതം കുറയുന്നുവെന്നും ചെലവ് കൂടിയിട്ടും വിഹിതം കൂട്ടിയില്ലെന്നും നയപ്രഖ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാറിന് വിമര്‍ശനമുന്നയിക്കുന്നുണ്ട്.

ഫെഡറലിസം ഒഴിച്ചുകൂടാനാവാത്ത ഘടകമാണെന്നും സാമ്പത്തിക പ്രതിസന്ധി സമയത്ത് കേന്ദ്രത്തിന് സഹായിക്കാന്‍ ബാധ്യതയുണ്ടെന്നും പ്രസംഗത്തില്‍ പറയുന്നു.

കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് കേന്ദ്രം പരിഹാരം കാണണം. സില്‍വര്‍ ലൈന്‍ പദ്ധതി പരിസ്ഥിതി സൗഹൃദമാണ്. വേഗതയും സൗകര്യവും വര്‍ധിപ്പിക്കും. സില്‍വര്‍ ലൈന്‍ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കും. കെ റെയിലില്‍ കേന്ദ്രത്തിന്റെ അനുമതി പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.

കേന്ദ്രം നിയമനിര്‍മാണങ്ങള്‍ നടത്തുന്നത് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്താതെയാണെന്നും പ്രസംഗത്തില്‍ പറയുന്നു.

വിലപേശലുകള്‍ക്കൊടുവിലാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവെച്ചത്. പൊതുഭരണ സെക്രട്ടറിയെ മാറ്റിയതിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ നടപടി.

പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെയാണ് തല്‍സ്ഥാനത്ത് നിന്ന് മാറ്റിയത്.

ഗവര്‍ണറുടെ അഡീഷണല്‍ പി.എ. സ്ഥാനത്ത് ഹരി എസ്. കര്‍ത്തയുടെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവില്‍ ജ്യോതിലാല്‍ വെച്ച കത്താണ് ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത്. പ്രകടമായ രാഷ്ട്രീയ ബന്ധമുള്ളവരെ രാജ്ഭവനില്‍ നിയമിക്കുന്നതിലെ അഭിപ്രായ ഭിന്നതയാണ് ഈ കത്തിലുണ്ടായിരുന്നത്.

പൊതുഭരണ സെക്രട്ടറിയായ കെ.ആര്‍. ജ്യോതിലാലിനെ മാറ്റി പകരം ശാരദാ മുരളീധരനെ സെക്രട്ടറിയായി നിയമിച്ചു. മാറ്റം സര്‍ക്കാര്‍ ഔദ്യോഗികമായി രാജ്ഭവനെ അറിയിച്ചിട്ടുണ്ട്.


Content Highlights: Criticism agianst Center in policy statement read by Governor Arif Muhammed Khan

We use cookies to give you the best possible experience. Learn more