| Monday, 13th June 2022, 4:55 pm

എന്നാലും എന്റെ ചഹലേ... പിന്തുണച്ചവര്‍ക്കിട്ട് തന്നെ ഇങ്ങനെ താങ്ങണമായിരുന്നോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു. ആദ്യമത്സരത്തിന്റെ മികവ് പോലും പുലര്‍ത്താതെയാണ് ഇന്ത്യ രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ടത്.

കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ ക്യാപ്റ്റന്‍ റിഷബ് പന്തിന്റെ കണ്ണീര്‍ ഒരിക്കല്‍ക്കൂടി വീഴുകയായിരുന്നു. ബൗളിംഗിലെ പോരായ്മ തന്നെയാണ് ഇന്ത്യയ്ക്ക് വീണ്ടും വിനയായത്.

ഇന്‍ ഫോം ബൗളര്‍ യൂസ്വേന്ദ്ര ചഹല്‍ അടിവാങ്ങിക്കൂട്ടിയതോടെയാണ് ഇന്ത്യയുടെ പരാജയം വേഗത്തിലായത്. പത്ത് പന്ത് ബാക്കി നില്‍ക്കവെയായിരുന്നു ഇന്ത്യയുടെ പരാജയം.

ഇന്ത്യന്‍ നിരയില്‍ ഭുവനേശ്വര്‍ കുമാര്‍ മാത്രമാണ് പ്രതീക്ഷ കാത്തത്. പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയതാവട്ടെ ചഹലും.

നാല് ഓവര്‍ പന്തെറിഞ്ഞ് 12.25 എക്കോണമിയില്‍ 49 റണ്‍സാണ് ചഹല്‍ വിട്ടുനല്‍കിയത്. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചഹലിനെതിരെ വിമര്‍ശനമുയരുന്നത്.

കഴിഞ്ഞ മത്സരത്തില്‍ ചഹലിനെ പിന്തുണച്ചവര്‍ തന്നെയായിരുന്നു ഇത്തവണ താരത്തെ ക്രൂശിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

കഴിഞ്ഞ മത്സരത്തില്‍ ചഹലിന് മുഴുവന്‍ ഓവറും എറിയാന്‍ സാധിച്ചിരുന്നില്ല. 2.1 ഓവര്‍മാത്രമായിരുന്നു താരം കഴിഞ്ഞ മത്സരത്തില്‍ എറിഞ്ഞത്. ചഹലിനെ കൊണ്ട് മുഴുവന്‍ ഓവറും എറിയിക്കാത്തതിനാല്‍ ക്യാപ്റ്റന്‍ റിഷബ് പന്തിനെതിരെയും വിമര്‍ശമുയര്‍ന്നിരുന്നു.

എന്നാല്‍, രണ്ടാം മത്സരത്തില്‍ ചഹലിന് മുഴുവന്‍ ഓവറും നല്‍കിയതാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. 12.25 എന്ന കണക്കിലായിരുന്നു ചഹല്‍ പ്രോട്ടീസിന് റണ്‍ വാരിക്കോരി നല്‍കിയത്.

ഹെന്റിച്ച് ക്ലാസനായിരുന്നു ചഹലിനെ തല്ലിയൊതുക്കിയത്. ചഹല്‍ വഴങ്ങിയ 49 റണ്‍സില്‍ 30 റണ്‍സും നേടിയത് ക്ലാസനായിരുന്നു.

ആദ്യമത്സരത്തിലും ചഹല്‍ അത്യാവശ്യം റണ്‍സ് വിട്ടുനല്‍കിയിരുന്നു. 13 പന്തെറിഞ്ഞ താരം 26 റണ്‍സാണ് വിട്ടുനല്‍കിയത്.

ഐ.പി.എല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ മുമ്പനായിരുന്ന ചഹലാണോ ഇപ്പോള്‍ പന്തെറിയുന്നത് എന്ന് തോന്നിപ്പോവുന്ന തരത്തിലാണ് താരം അടിവാങ്ങിക്കൂട്ടുന്നത്. ഐ.പി.എല്‍ കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും താരത്തിന്റെ ഫോം എവിടെപ്പോയി എന്ന സംശയത്തിലാണ് ആരാധകര്‍.

വരാനിരിക്കുന്ന മത്സരത്തിലും ഈ പോക്ക് തന്നെയാണ് തുടരുന്നതെങ്കില്‍ ലോകകപ്പ് ടീമില്‍ താരത്തിന്റെ ഭാവി എന്താവുമെന്ന് കണ്ടറിയുക തന്നെ വേണ്ടി വരും.

Content Highlight: Criticism against Yuzvendra Chahal after poor performance in second T20

We use cookies to give you the best possible experience. Learn more