| Tuesday, 28th July 2020, 2:25 pm

പന്നിവേട്ടക്കിറങ്ങുന്ന 'ഒറ്റക്കുഴല്‍ തോക്കുധാരികളായ' മാധ്യമപ്രവര്‍ത്തകര്‍

താഹ മാടായി

കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ മിക്കവാറും ഒരു നെറികെട്ട മാധ്യമ അവതരണ രീതിയാണ് പിന്തുടരുന്നത്. അതിവൈകാരികമായ വ്യാജ നിര്‍മ്മിതിയിലൂടെ അവ ‘ഒറ്റക്കുഴല്‍ തോക്ക്’ പോലെയുള്ള മൈക്കുമായി വിവാദകേന്ദ്രീയമായ ആളിലേക്ക് ഉന്നം വെക്കുന്നു. പന്നിവേട്ടക്കിറങ്ങുന്ന നായാട്ടുകാരുടെ ഇരുണ്ടതും ദുരൂഹവുമായ ഒരു നായാട്ടു സുഖം അതിലൂടെ അവര്‍ അനുഭവിക്കുന്നുണ്ടാവണം. അല്ലെങ്കില്‍, നിയമത്തിനും ചോദ്യം ചെയ്യലിനും ഹാജറാവുന്ന ഒരാള്‍ക്കു പിന്നാലെ ‘ഒറ്റക്കുഴല്‍’ തോക്കുധാരികളെ പോലെ ഇവര്‍ പിന്തുടരുന്നത് എന്തിനാണ്?

ഈ രോഗ കാലത്ത്, എല്ലാ കൂട്ടായ്മകളും സാമൂഹ്യമായ അകലം പാലിക്കേണ്ട ഈ സന്ദര്‍ഭത്തില്‍, ‘തൊട്ടു തൊട്ടു നില്‍ക്കുന്ന’ ഒറ്റക്കുഴല്‍ ‘മാധ്യമധാരികള്‍’, നിരക്ഷരമായ മാധ്യമബോധത്തിന്റെ വൈറസ് വാഹകരാണ്. അത്രയും നിശിതമായ അശ്ലീലമാണ് അത്. അശ്ലീലം, കേവലമായ ആനന്ദാനുഭൂതികള്‍ എങ്കിലും നല്‍കുന്നുണ്ട്. ഇതു പക്ഷെ, വ്യക്തിയെ അയാളുടെ അനുവാദമില്ലാതെ ബലമായി സ്പര്‍ശിക്കുന്ന ക്രൈം ആണ്. അത് ക്രൈം ആയി തന്നെയാണ് കാണേണ്ടത്.

അല്ലെങ്കില്‍, മുന്‍ ഐ.ടി സെക്രട്ടറി ശിവശങ്കരന്‍ ഐ.എന്‍.എയുടെ ചോദ്യം ചെയ്യലിന് പോകുമ്പോള്‍, പിന്തുടരുന്ന ‘മാധ്യമപ്പട’ (ദൃശ്യ മാധ്യമപ്പട) എന്ത് സന്ദേശവും കണ്ടെത്തലുമാണ് നല്‍കുന്നത്? അയാള്‍ കാറില്‍ പോകുന്നു, പിറകെ ഒരു പാട് ഒ ബി വാനുകള്‍. അയാള്‍ പോകുന്നു, അവരും പോകുന്നു. എന്നിട്ട്? അയാള്‍ അതാ കാറില്‍ പോകുന്നു. അവരും, മാധ്യമ പ്രതിനിധികള്‍ ആയ ‘ഒറ്റക്കുഴല്‍ തോക്കുധാരികളും’ പിറകെ പോകുന്നു. എന്നിട്ട്? ഈ ചോദ്യം നമ്മള്‍ മുമ്പ് വായിച്ച കുട്ടിക്കഥകളില്‍ ഉള്ളതാണ്. ആ ‘എന്നിട്ട്’ എന്ന ചോദ്യം കേട്ടു വളര്‍ന്ന ഒരു തലമുറയുടെ നൈതിക വിരുദ്ധമായ ആകാംക്ഷകള്‍ ഇപ്പോഴും തുടരുന്നു. എന്നിട്ട്? അയാള്‍ കാറില്‍ പോകുന്നു. പിറകെ അവരും പല വാഹനങ്ങളില്‍ പോകുന്നു.

സ്വാഭാവികമായ ഒരു ചോദ്യം, ജീവിക്കുന്നതിനു മാത്രമല്ല, മരിച്ചു കഴിഞ്ഞ് കുഴിച്ചിടുന്നതിനു പോലും കൊവിഡ് പ്രോട്ടോകോള്‍ ഉള്ള ഈ കാലത്ത് മാധ്യമ പ്രവര്‍ത്തകരുടെ ഈ ‘തിക്കിത്തിക്കി’യുള്ള ഒന്നിച്ചു ചേരലിന് ഒരു പ്രോട്ടോകോളുമില്ലേ? എല്ലാ പ്രോട്ടോകോളിനും പുറത്താണോ ഇവര്‍? ആരാണ് ഇത്രയും വമ്പിച്ച അറ്റന്‍ഷന്‍ ഇവര്‍ക്കു നല്‍കുന്നത്?

ഇന്നലെ കോട്ടയത്ത് കൊവിഡ് ബാധിച്ചു മരിച്ചയാളുടെ ശവസംസ്‌കാരം തടഞ്ഞത്, ഈ കാലത്തെ ഏറ്റവും അരോചകമായ കാഴ്ചയായിരുന്നു. ബി.ജെ.പി/സംഘപരിവാര്‍ ഭീഷണിക്കു മുന്നില്‍ പകച്ചു നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും, പോലീസും. എന്നാല്‍, എത്ര സൗമ്യമായി ‘ഒരു പുല്ലാങ്കുഴല്‍’ കേള്‍പ്പിക്കുന്നത്ര മധുരമായിട്ടാണ് മിക്കവാറും ദൃശ്യമാധ്യങ്ങള്‍ അത് പകര്‍ത്തിയത്. ന്യൂസ് അവര്‍ ചര്‍ച്ചകളോ, പിന്തുടരലുകളോ ഇല്ല. എന്തൊരു സാംസ്‌കാരികമായ സമചിത്തത! പാമ്പുകടിയേറ്റ കൊവിഡ് ബാധിതനെ, ഒരു കമ്യൂണിസ്റ്റുകാരന്‍ രക്ഷിച്ച വാര്‍ത്തകള്‍ക്കിടയിലാണ് അക്ഷര നഗരിയില്‍ ഈ നിരക്ഷര വിളയാട്ടമെന്നോര്‍ക്കുക. ഇങ്ങനെയൊരു സംഭവം നടന്ന ദിവസം രാത്രിയില്‍ നാം എന്താണ് മാധ്യമ ചര്‍ച്ചകളില്‍ പ്രതീക്ഷിക്കുക?

ഒന്ന്

നമ്മുടെ ശാസ്ത്രാവബോധത്തിന്റെ പരിമിതികള്‍ തുറന്നു കാട്ടുന്ന ചര്‍ച്ച, ശാസ്ത്ര യുക്തിയുടെ അന്തസത്ത പ്രകടിപ്പിക്കുന്ന പ്രചോദനം നിറഞ്ഞ അവതരണം.

രണ്ട്

ശാസ്ത്ര സാഹിത്യ പരിഷത്ത് പോലെയുള്ള സംഘടനകള്‍ തെരുവുകളിലും ഗ്രാമങ്ങളിലും ഒരിക്കല്‍ അവര്‍ നടത്തിക്കൊണ്ടിരുന്ന ഗൃഹ സമ്പര്‍ക്ക ശാസ്ത്ര ബോധവല്‍ക്കരണ പരിപാടികളുടെ തുടര്‍ച്ച ആവശ്യപ്പെടുന്ന ഒരു സമൂഹികാന്തരീക്ഷം നിലവിലുണ്ട് എന്ന സംവാദം. അവരൊഴിഞ്ഞ ഗ്രാമങ്ങളിലും നഗരങ്ങളിലുമാണ് മരിച്ചവരെ ദഹിപ്പിക്കുന്ന പുക പോലും വൈറസ് പടര്‍ത്തും എന്ന ധാരണയുള്ളത്.

മൂന്ന്

നമ്മുടെ മുഖ്യമന്ത്രിയുടെ നിരന്തരമായ കൊവിഡ്കാല പത്രസമ്മേളനം, നമ്മുടെ സമൂഹികാന്തരീക്ഷത്തെ ഒട്ടും മെച്ചപ്പെടുത്തിയിട്ടില്ല എന്ന ആത്മവിമര്‍ശനം. കൊവിഡ് രോഗികളോടു പലയിടത്തും നടക്കുന്ന സാമൂഹ്യമായ ഒറ്റപ്പെടുത്തല്‍ നീറി പുകയുന്ന അനുഭവമായി പലരും എഴുതിയിട്ടുണ്ട്. ‘പത്രസമ്മേളനത്തിലൂടെ രൂപപ്പെട്ട നായകനിര്‍മ്മിതി’ പ്രചോദിതമായ ഒരു സാമൂഹികാവസ്ഥ ഉണ്ടാക്കിയില്ല.

നാല്

ഗ്രാമങ്ങളിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ഇപ്പോഴുള്ള സാമൂഹ്യ സ്വാധീനം, അധികാര പരിരക്ഷ, ആള്‍ക്കൂട്ടത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ഏത് നിരുത്തരവാദിത്വബോധത്തിനും കിട്ടുന്ന ശക്തി ബോധം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പക്ഷെ, ഇതല്ല നമ്മുടെ ദൃശ്യമാധ്യമങ്ങളുടെ പരിഗണനാ വിഷയങ്ങള്‍. അത് സമൂഹത്തിന്റെ ഒരു സാംസ്‌കാരിക/ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്ന ജനാധിപത്യ ശാസ്ത്ര സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നു മാത്രമല്ല, ഒട്ടും അനുവദിക്കുന്നുമില്ല.

സ്വര്‍ണ്ണക്കടത്ത് തീര്‍ച്ചയായും പ്രധാനപ്പെട്ട ഒരു വാര്‍ത്തയാണ്. ഔദ്യോഗികമായ സംവിധാനങ്ങള്‍ സ്വര്‍ണം കടത്താന്‍ ചിലര്‍ ഉപയോഗിച്ചു എന്നതാണ് ആ വാര്‍ത്തയെ ശ്രദ്ധേയമാക്കുന്നത്. എന്നാല്‍, മാധ്യമ വിചാരണകളും തുടര്‍ച്ചയായ ‘വ്യക്തികേന്ദ്രീകൃത അവതരണ രീതികളും’ ശരിയായ വിധി തീര്‍പ്പുകളിലെത്തും മുമ്പേ, ‘ശിക്ഷ’ ചാര്‍ത്തി നല്‍കുന്നു. അതായത്, മാധ്യമ പ്രവര്‍ത്തകര്‍ നൈതികമായി പുലര്‍ത്തേണ്ട പ്രോട്ടോകോള്‍ നിരന്തരമായി ലംഘിക്കപ്പെടുന്നു. അതു മാത്രമല്ല, കൊവിഡ് കാല പ്രോട്ടോകോളും നഗ്‌നമായി ലംഘിക്കപ്പെടുന്നു.

സാമൂഹ്യ ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങളും repetition ചെയ്യുന്നതിനു പകരം, സെലക്ടീവായി ചില വ്യക്തികളെ വെറുക്കാനും സെലക്ടീവായ ചിലരെ പരിരക്ഷിക്കാനുമാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ആരോപണ വിധേയരെന്നു പറഞ്ഞു കേള്‍ക്കുന്ന ഭീമന്‍മാരായ ജ്വല്ലറി ഉടമകളെ ഒരു ന്യൂസ് അവര്‍ അവതാരകനും വിരട്ടുകയില്ല. എന്നിട്ട്, പ്രേക്ഷകര്‍ക്ക് മുന്നില്‍ പൃഷ്ഠം കാണിച്ചിരുന്നു മാധ്യമ ജനാധിപത്യത്തെക്കുറിച്ചും പാര്‍ട്ടികളുടെ പ്രാകൃത ബോധത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യും. ‘ഒത്തുതീര്‍പ്പുകളുടെ കല’ കൂടിയാണ് ചില മാധ്യമപ്രവര്‍ത്തനം എന്ന് ആര്‍ക്കാണറിയാത്തത്?

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താഹ മാടായി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more