| Thursday, 24th March 2022, 8:44 am

ഭഗത് സിംഗിന് കാവി തലപ്പാവ്, ഉണ്ണി മുകുന്ദന്റെ പോസ്റ്റിനെതിരെ വിമര്‍ശനം, രാഷ്ട്രീയ ഉദ്ദേശമില്ലെന്ന് താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വാതന്ത്ര്യ സമര സേനാനികളായ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ അനുസ്മരിച്ച് ഉണ്ണി മുകുന്ദന്‍ ഷെയര്‍ ചെയ്ത പോസ്റ്റിനെതിരെ വിമര്‍ശനം. ഭഗത് സിംഗിന്റെ തലപ്പാവ് കാവിയാക്കിയതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് നിരവധി വിമര്‍ശനങ്ങളാണ് കമന്റില്‍ വന്നത്.

‘ഭഗത് സിംഗിന്റേതായി നാല് ചിത്രങ്ങള്‍ മാത്രമേ ലഭ്യമായുള്ളൂ. ഒരു തൊപ്പി വെച്ചത്(പ്രശസ്തമായത്), തലപ്പാവ് വെക്കാതെ ജയിലില്‍ ഇരിക്കുന്ന ഒന്ന്, വെള്ള തലപ്പാവ് അണിഞ്ഞ ഒന്ന്. മാത്രവുമല്ല അവസാന നിമിഷങ്ങളില്‍ അദ്ദേഹം ലെനിനെയാണ് വായിച്ചുകൊണ്ടിരുന്നത്. ഭഗത് സിംഗ് മഞ്ഞ തലപ്പാവ് ധരിച്ചതിന് ചരിത്രപരമായി ഒരു രേഖയുമില്ല,’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

ഇതിനു മറുപടിയായി ഉണ്ണി മുകുന്ദന്‍ കുറിച്ചത് ഇങ്ങനെ. ‘പഞ്ചാബിന്റെ ചരിത്രം പരിശോധിച്ചാല്‍ ഈ പോസ്റ്റിന് രാഷ്ട്രീയ ഉദ്ദേശ്യമില്ലെന്ന് നിങ്ങള്‍ക്ക് മനസിലാവും. ഇപ്പോള്‍ എന്തു ചെയ്താലും അതൊരു പൊളിറ്റിക്കല്‍ സ്‌കാനര്‍ കൊണ്ട് ആളുകള്‍ പരിശോധിക്കും, അതങ്ങനെയാവട്ടെ.

ഞാന്‍ ഭഗത് സിംഗിന്റെ കടുത്ത അനുയായി ആണ്. അദ്ദേഹം എഴുതിയ കത്ത് താങ്കള്‍ കാണണം. അദ്ദേഹത്തിന്റെ ഭാഷയും കയ്യക്ഷരവും അവിശ്വസനീയമാം വിധം മനോഹരമാണ്. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അതിന്റെ കോപ്പി ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്,’.

മറുപടിക്കൊപ്പം ഒരു കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് കൂടി ഉണ്ണി മുകുന്ദന്‍ പോസ്റ്റ് ചെയ്തിരുന്നു. മുമ്പ് പഞ്ചാബില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ സമരത്തില്‍ അവര്‍ ബസന്തി നിറം(മഞ്ഞ/കാവി) തങ്ങളുടെ പ്രതിഷേധ ആയുധമായി ഉപയാഗിച്ചിരുന്നു. അതിനു ശേഷം ഭഗത് സിംഗുമായി ബന്ധപ്പെട്ട സിനിമകളില്‍ അദ്ദേഹം മഞ്ഞ നിറത്തിലുള്ള തലപ്പാവ് അണിഞ്ഞിരുന്നു എന്നും എന്നാല്‍ അതിന് തെളിവുകള്‍ ഒന്നുമില്ലെന്നും പ്രൊഫ. ലാല്‍ പറഞ്ഞിരുന്നു എന്നാതാണ് ഈ സ്‌ക്രീന്‍ ഷോട്ടിന്റെ സാരാംശം.


Content Highlight: Criticism against Unni Mukundan’s post  that saffronisation of Bhagat Singh’s turban

Latest Stories

We use cookies to give you the best possible experience. Learn more