| Monday, 20th November 2023, 6:55 pm

ഇന്ത്യയുടെ ജി.ഡി.പി നാല് ട്രില്യൺ പിന്നിട്ടുവെന്ന് വ്യാജവാർത്ത; പ്രചരിപ്പിച്ച കേന്ദ്രമന്ത്രിമാർക്കെതിരെ വിമർശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഇന്ത്യയുടെ ജി.ഡി.പി നാല് ട്രില്യൺ പിന്നിട്ടു എന്ന് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ കഴിഞ്ഞ ദിവസം പ്രചരിപ്പിച്ച വാർത്ത തെറ്റ്.

ഇന്ത്യ മുഴുവൻ ക്രിക്കറ്റ്‌ ലോകകപ്പ് മത്സരത്തിൽ മുഴുകിയിരിക്കുമ്പോൾ ബി.ജെ.പി നേതാക്കൾ ഈ വാർത്ത പ്രചരിപ്പിച്ചത് ആളുകളുടെ പ്രശംസ പിടിച്ചുപറ്റാനുള്ള ദയനീയ ശ്രമമാണെന്ന് കോൺഗ്രസ്‌ നേതാവ് ജയ്റാം രമേശ്‌ എക്‌സിൽ വിമർശിച്ചു.

‘ഇന്നലെ ഉച്ചയ്ക്ക് 2.45 മുതൽ വൈകീട്ട് 6.45 വരെ രാജ്യം മുഴുവൻ ക്രിക്കറ്റ്‌ മാച്ചിന് മുമ്പിൽ കണ്ണും നട്ടിരിക്കുമ്പോൾ, ഇന്ത്യയുടെ ജി.ഡി.പി ഇന്നലെ നാല് ട്രില്യൺ കടന്നുവെന്ന് രാജസ്ഥാനിൽ നിന്നും തെലങ്കാനയിൽ നിന്നുമുള്ള കേന്ദ്രമന്ത്രിമാർ, മഹാരാഷ്ട്രയിലെ ഉപമുഖ്യമന്ത്രി, അതുപോലെ പ്രധാനമന്ത്രിയുടെ ഏറ്റവും പ്രിയപ്പെട്ട ബിസിനസുകാർ ഉൾപ്പെടെ മോദി സർക്കാരിന്റെ സ്തുതിപാടകർ ട്വീറ്റ്‌ ചെയ്തിരുന്നു.

ഇത് തികച്ചും വ്യാജവും വസ്തുതാവിരുദ്ധവുമാണ്. ഇത് കയ്യടിപ്പിക്കാനും മുഖസ്തുതി പാടാനുമുള്ള ദയനീയമായ ശ്രമങ്ങളുടെ ഭാഗമാണ്,’ ജയ്റാം രമേശ്‌ എക്‌സിൽ പോസ്റ്റ്‌ ചെയ്തു.

ഐ.എം.എഫ് പ്രകാരമുള്ള എല്ലാ രാജ്യങ്ങളുടെയും ജി.ഡി.പിയുടെ ലൈവ് ട്രാക്കിങ് എന്ന പേരിൽ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ഒരു സ്ക്രീനിന്റെ ചിത്രം പ്രചരിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ അർജുൻ രാം മേഘ്‌വാൾ, ജി. കിഷൻ റെഡ്‌ഡി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉൾപ്പെടെ നിരവധി ബി.ജെ.പി നേതാക്കളാണ് ഇത് ഏറ്റുപിടിച്ചത്.

ഇന്ത്യയുടെ ആഗോള സാന്നിധ്യത്തിലെ നിർണായക നേട്ടമാണ് ഇതെന്നായിരുന്നു മേഘ്‌വാൾ എക്‌സിൽ പോസ്റ്റ്‌ ചെയ്തത്.

തുടർന്ന് ദേശീയ മാധ്യമങ്ങളും ഇത് വലിയ വാർത്തയാക്കിയിരുന്നു.

Content Highlight: Criticism against Union ministers for spreading fake news India become a $4 trillion economy

We use cookies to give you the best possible experience. Learn more