| Saturday, 12th February 2022, 9:50 pm

'വനിത വേദവ്യാസിന്റെ കമന്റ്'; മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കേരളാ പൊലീസിന്റെ വീഡിയോക്കെതിരെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളാ പൊലീസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിനെതിരെ വീണ്ടും ആരോപണം. വസ്തുതകള്‍ മനസിലാക്കാതെയുള്ള വിമര്‍ശനങ്ങള്‍ക്ക് പൊലീസിന് ചെയ്യാനൊന്നുമില്ലെന്ന് തെളിയിക്കാന്‍ തയ്യാറാക്കിയ വീഡയോയിലാണ് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്നത്.

ഒരു കുട്ടി കമ്പിയില്‍ പിടിച്ചു നടക്കുന്ന ദൃശ്യം ഡാമിന്റെ മുകള്‍ ഭാഗത്തുനിന്നുള്ള വീഡിയോ എന്ന നിലയില്‍ എഡിറ്റു ചെയ്ത ഫൂട്ടേജ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ഈ വീഡിയോയാണ് കാര്യങ്ങളുടെ വസ്തുത മനസിലാക്കിയ ശേഷം പ്രതികരിക്കുക എന്ന കണ്‍സെപ്റ്റിന് വേണ്ടി കേരളാ പൊലീസ് ഉപയോഗിച്ചിട്ടുള്ളത്.

‘വെളച്ചില്‍ എടുക്കരുത് കേട്ടോ? സംഭവങ്ങളുടെ വസ്തുത മനസിലാക്കിയ ശേഷം മാത്രം പ്രചരിപ്പിക്കുകയോ പ്രതികരിക്കുകയോ ആകാം,’ എന്നാണ് വീഡിയോക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

വീഡിയോയില്‍ കമന്റ് ചെയ്യുന്ന ആളുകളെന്ന രീതിയല്‍ നല്‍കിയ പേരും ചിത്രവുമാണ് ഇപ്പോള്‍ വിമര്‍ശിക്കപ്പെടുന്നത്. ഇതിലൊരു പേരിന് വനിത വേദവ്യാസ്‌ എന്നാണ് പേര് നല്‍കിയത്.

‘പൊലീസിന്റെ നിഷ്‌കൃയത്വം എന്നല്ലാതെ എന്ത് പറയാന്‍. ആ കുട്ടി അവിടെ കയറും മുമ്പ് തടയാന്‍ അവിടെ പൊലീസ് ഇല്ലേ,’ എന്നാണ് വനിത വേദവ്യാസ്‌ കമന്റു ചെയ്യുന്നതായി അവതരിപ്പിക്കുന്നത്. ഇതാണിപ്പോള്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുന്നത്.

‘ഡി.ജി.പി അനില്‍ കാന്തിന്റെ പേര് ഇതുപോലെ കുറച്ചു മാറ്റം വരുത്തി എനിക്കും ഉപയോഗിക്കാമോ കേരള പോലീസ്?’ എന്നാണ് മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസ് ഇതിന് മറുപടി നല്‍കിയിട്ടുള്ളത്.

പൊലീസിനെ വിമര്‍ശിക്കുന്നവരെ തെരഞ്ഞുപിടിച്ച് ഔദ്യോഗിക ഫേസ്ബുക്കിലൂടെ അപമാനിച്ച് പകവീട്ടാനാണോ കേരള പൊലീസിന്റെ ശ്രമം എന്ന അരോപണവും ഇതിനുപിന്നാലെ ഉയരുന്നുണ്ട്.

അതേസമയം, നിരന്തരം വിമര്‍ശനം ഉണ്ടായിട്ടും പൊലീസിന്റെ ഫേസ്ബുക്ക് പേജുവഴി ആളുകളെ അപമാനിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. എത്ര കേട്ടാലും ഈ പേജിന്റെ അഡ്മിന്മാര്‍ക്കു ഒരു കൂസലുമില്ലാതെ സ്ഥിതിയാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

CONTENT HIGHLIGHTS: Criticism against the video of the Kerala Police insulting the journalist

Latest Stories

We use cookies to give you the best possible experience. Learn more