സിയാറ്റില്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തെ പറ്റി പറഞ്ഞ് ചിരിക്കുന്ന അമേരിക്കന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോക്കെതിരെ വിമര്‍ശനം. 23കാരിയായ ജാഹ്നവി കണ്ടൂല യു.എസ്. പൊലീസിന്റെ പട്രോളിങ് വാഹനം ഇടിച്ചാണ് സിയാറ്റിലില്‍ വെച്ച് കൊല്ലപ്പെട്ടത്. മരണത്തെ പറ്റി തമാശ പറയുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന് ശക്തമായ നടപടി ആവശ്യപ്പെട്ട് ഇന്ത്യ രംഗത്തെത്തി.
കഴിഞ്ഞ ജനുവരിയിലാണ് കെവിന്‍ ഡെവ് എന്ന ഉദ്യോഗസ്ഥന്‍ ഓടിച്ചിരുന്ന പട്രോള്‍ വാഹം ഇടിച്ച് ഡാഹ്നവി കൊല്ലപ്പെട്ടത്. സംഭവത്തെ പറ്റി ഡാനിയല്‍ ഒര്‍ഡറര്‍ എന്ന ഉദ്യോഗസ്ഥന്‍ പ്രതികരിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ജീവന് പരിമിതമായ മൂല്യമാണ് ഉള്ളതെന്നും ഒരു ചെക്ക് എഴുതി നല്‍കേണ്ട ആവശ്യമേയുള്ളുവെന്നുമാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്. ഇത് പറഞ്ഞ് അദ്ദേഹം ചിരിക്കുന്നതും കേള്‍ക്കാം.
പരാമര്‍ശത്തിന്റെ ഗൗരവത്തെ പറ്റി അറിയാമെന്നും വിഷയം പോലീസിന്റെ മോശം പെരുമാറ്റം അന്വേഷിക്കുന്ന ഏജന്‍സിയായ പോലീസ് അക്കൗണ്ടബിലിറ്റി ഓഫീസിന് കൈമാറിയെന്നും സിയാറ്റില്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പരാമര്‍ശം നടത്തിയ സാഹചര്യത്തെ പറ്റി അന്വേഷിക്കുമെന്നും സിയാറ്റില്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
എന്നാല്‍ പെണ്‍കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്തം എങ്ങനെ കുറക്കാമെന്ന് സിറ്റി അറ്റോര്‍ണിമാര്‍ ശ്രമിക്കുമെന്നത് അനുകരിക്കാനാണ് ശ്രമിച്ചതെന്നും അതിനെ അവര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നും ഓര്‍ത്ത് ചിരിച്ചതാണെന്നും ഒര്‍ഡറര്‍ പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയതാണെന്നും ഒര്‍ഡറര്‍ പറഞ്ഞു.
Content Highlight: Criticism against the video of the American police officer laughing at the Indian student