കോഴിക്കോട്: അനുസ്മരണ പ്രതികരണം എടുക്കുന്നതിനിടെ ഉമ്മന്‍ ചാണ്ടിയെ അനുകരിക്കാന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ടര്‍ക്കെതിരെ വിമര്‍ശനം. ഇന്നത്തെ ദിവസം അത് ആവശ്യപ്പെടുന്നത് ഔചിത്യം ഇല്ലാത്ത പ്രവൃത്തിയാണെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നത്. സ്ഥലകാല ബോധമില്ലാതെയുള്ള ചോദ്യമാണ് റിപ്പോര്‍ട്ടര്‍ ഉന്നയിച്ചതെന്നാണ് നെറ്റിസെണ്‍സ് അഭിപ്രായപ്പെടുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ മരണാനന്തര അനുസ്മരണ പ്രതികരണം എടുക്കവെ ഇപ്പോള്‍ ഒന്ന് അദ്ദേഹത്തെ അനുകരിച്ച് കാണിക്കുമോ എന്നാണ് മാതൃഭൂമിയിലെ റിപ്പോര്‍ട്ടര്‍ കോട്ടയം നസീറിനോട് ചോദിക്കുന്നത്. എന്നാല്‍ താരം ഈ ആവശ്യം നിരാകരിക്കുകയായിരുന്നു.
‘അനുകരിക്കുന്നില്ല എന്നുള്ളത് കുറച്ച് മുമ്പ് പറഞ്ഞുകഴിഞ്ഞു. അല്ലങ്കില്‍ തന്നെ ഈ സമയത്ത് അത് ചെയ്യുന്നത് ശരിയല്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍,’ എന്നാണ് കോട്ടയം നസീര്‍ പറയുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ ശബ്ദം ഏറ്റവും മനോഹരമായി അനുകരിക്കുന്ന കലാകാരന്‍മാരില്‍ ഒരാളാണ് കോട്ടയം നസീര്‍. എന്നാല്‍ ഇനി ഉമ്മന്‍ ചാണ്ടിയുടെ ശബ്ദം അനുകരിക്കില്ലെന്ന് അദ്ദേഹത്തിന്റെ മരണ ശേഷം കോട്ടയം നസീര്‍ പറഞ്ഞിരുന്നു. നേരത്തെ കെ.കരുണാകരന്‍ മരണപ്പെട്ട സമയത്തും കരുണാകരന്റെ ശബ്ദം അനുകരിക്കുന്നത് കോട്ടയം നസീര്‍ അവസാനിപ്പിച്ചിരുന്നു.
കോട്ടയം നസീര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്
ഉമ്മന്‍ ചാണ്ടിയെ പോലൊരു ജനകീയ നേതാവിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമായേ നമുക്ക് കിട്ടാറുള്ളൂ. രാഷ്ട്രീയ എതിരാളികളോട് പോലും സൗമ്യമായി സംസാരിക്കുന്ന അദ്ദേഹത്തെ പോലൊരു നേതാവിനെ കണ്ടുകിട്ടാന്‍ തന്നെ ബുദ്ധിമുട്ടാണ്. അദ്ദേഹത്തെ അനുകരിക്കുന്ന ഒരു കലാകരനെന്ന നിലയില്‍ എന്നോടൊക്കെ കാണിക്കുന്ന സ്നേഹവും എനിക്ക് തന്നിട്ടുള്ള അംഗീകാരവുമൊക്കെ വളരെ വിലപ്പെട്ടതാണ്.
ഒരു ചാനല്‍ ഷോയില്‍ ഉമ്മന്‍ ചാണ്ടി എന്നെ കുറിച്ച് പറഞ്ഞത്, അദ്ദേഹത്തെ അനുകരിക്കുന്നവരില്‍ ഏറ്റവും ഇഷ്ടപ്പെട്ട കലാകാരന്‍ ഞാനായിരുന്നു എന്നാണ്. അനുകരണവും അനുകരണത്തിലെ വിമര്‍ശനവുമെല്ലാം പോസിറ്റീവായ രീതിയിലായിരുന്നു അദ്ദേഹം എടുത്തിരുന്നത്.
എന്റെ പിതാവ് മരണപ്പെട്ട സമയത്ത് ഇവിടെ വരികയും എന്നെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. കൂടെപ്പിറപ്പിനെ പോലെയായിരുന്നു ഉമ്മന്‍ ചാണ്ടി. അനുകരിക്കുന്നതില്‍ ഒരിക്കലും വിഷമം കാണിച്ചിരുന്നില്ല. ഇനി അദ്ദേഹത്തെ ഞാന്‍ അനുകരിക്കുന്നത് ആര്‍ക്കും കാണാന്‍ കഴിയില്ല. ഉമ്മന്‍ ചാണ്ടിയെ അനുകരിക്കുന്നത് ഞാന്‍ അവസാനിപ്പിക്കുകയാണ്.