തിരുവനന്തപുരം: പാറശാലയില്‍ ബി.എസ്.സി വിദ്യാര്‍ഥി ഷാരോണ്‍ രാജ് കൊലപാതകക്കേസുമായി ബന്ധപ്പെട്ട് സ്വാമി സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റുകള്‍ക്കെതിരെ വിമര്‍ശനം.
കേസിലെ പ്രതിയായ ഗ്രീഷ്മ ഷാരോണിന് സ്ഥിരമായി ജ്യൂസ് നല്‍കിയിരുന്നുവെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ജ്യൂസ് ചലഞ്ചിന്റെ വീഡിയോയും പ്രചരിച്ചിരുന്നു.
ഇതിന്റെ പശ്ചത്തലത്തില്‍ ‘കാമുകിയില്‍ നിന്ന് ജ്യൂസ് കുടിച്ചാല്‍’ കുഴപ്പമാകും എന്ന തരത്തില്‍ നിലവാരം കുറഞ്ഞ, സ്ത്രീവിരുദ്ധ ട്രോളുകള്‍ ചില ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. ഇത് ഏറ്റെടുത്ത സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റുകളാണ് വിമര്‍ശനത്തിനിരയാകുന്നത്.
‘വിഷരഹിതമായത് ശതമാനം വിശ്വസിച്ച് കാമുകനും കാമുകിക്കും കുടിക്കാവുന്നത്,
ഒരു ദിനേശ് ഉത്പന്നം.(എന്‍.ബി; കുടിക്കുന്നതിന് മുന്‍പ് സീല്‍ പൊട്ടിയിട്ടില്ല എന്ന് ഉറപ്പു വരുത്തുക.),’ എന്ന ക്യാപ്ഷനോടെ മാംഗോ ഫ്രൂട്ടി പിടിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ച ഒരു പോസ്റ്റും വിഷയത്തെ ജനറലൈസ് ചെയ്യുന്ന മറ്റൊരു സ്ത്രീ വിരുദ്ധ ട്രോളുമാണ് സന്ദീപാനന്ദഗി ഷെയര്‍ ചെയ്തിരിക്കുന്നത്.
‘നല്ല നിലവാരം. നല്ല നമസ്‌കാരം, എമ്മാതിരി തോല്‍വി, സ്വാമി ഓവറാക്കി ചളമാക്കുന്നു, ഇയാളൊക്കെ എന്ത് സന്യാസിയാണ്, എന്തൊരു ബോറാണ്, ഇനിയും വരില്ലേ ഇതുവഴി പുരോഗമനവും പറഞ്ഞുകൊണ്ട്, ഒരു സ്വയം പ്രഖ്യാപിത സ്വാമിയുടെ ദയനീയ പതനം,’ തുടങ്ങിയ കമന്റുകളാണ് രണ്ട് പോസ്റ്റുകള്‍ക്ക് താഴെയും വന്നുകൊണ്ടിരിക്കുന്നത്.
Content Highlight: Criticism against the posts shared by Swami Sandeepananda giri on Facebook regarding the murder case of Sharon Raj in Parasala