ന്യൂദല്‍ഹി: മണിപ്പൂര്‍ കലാപത്തിലെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വ്യാജ വിവരം പ്രചരിപ്പിച്ചതിന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്കെതിരെ വിമര്‍ശനം.
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും നഗ്‌നരാക്കി പൊതുനിരത്തിലൂടെ നടത്തുകയും ചെയ്ത സംഭവത്തിലെ പ്രതികളുടെ വിവരങ്ങള്‍ സംബന്ധിച്ചാണ് എ.എന്‍.ഐ തെറ്റായ വിവരം നല്‍കിയത്.
സംഭവത്തില്‍ അറസ്റ്റിലായ പ്രധാനപ്രതി മെയ്തി സമുദായത്തില്‍പ്പെട്ട ഹുയ്റെം ഹെരോദാസിന് പകരം മുസ്‌ലിം നാമധാരിയുടെ പേരാണ് എ.എന്‍.ഐ ആദ്യം അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചത്. ഇതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.
ഇന്ത്യയുടെ ഔദ്യോഗിക ന്യൂസ് എജന്‍സിയായി അറിയപ്പെടുന്ന എ.എന്‍.ഐ യാതൊരു ഫാക്ട് ചെക്കും ചെയ്യാതെയാണോ വിവരങ്ങള്‍ നല്‍കുന്നതെന്നാണ് വിമര്‍ശനം. ഇന്ത്യയിലെ വലിയൊരു വിഭാഗം പത്ര/ദൃശ്യ/ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആശ്രയിക്കുന്ന വാര്‍ത്ത ഏജന്‍സിയുടെ ഉത്തരവാദിത്തം ഇത്രയേയുള്ളുവെന്നും ചോദ്യമുയരുന്നു.
ജൂലൈ 20ലെ ട്വീറ്റില്‍ എ.എന്‍.ഐ പറഞ്ഞത് കൂട്ടബലാത്സംഗ കേസില്‍ പ്രധാന
പ്രതി അബ്ദുള്‍ ഹില്‍മി ആണെന്നായിരുന്നു. എന്നാല്‍ പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി ഓഫ് കങ്ലീപാകിന്റെ പ്രവര്‍ത്തകനായ അബ്ദുള്‍ഹില്‍മിയെ പടിഞ്ഞാറന്‍ ഇംഫാലില്‍ നിന്ന് മണിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത് മറ്റൊരു കേസിനാണ്.
പൊതുക്രമസമാധാനനിലയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുള്ള മണിപ്പൂര്‍ പൊലീസിന്റെ വ്യാഴാഴ്ചത്തെ പത്രക്കുറിപ്പിലായിരുന്നു അബ്ദുള്‍ ഹില്‍മിന്റെ പേര് പരാമര്‍ശിച്ചത്. ഇതിനെയാണ് എ.എന്‍.ഐ ബലാത്സംഗക്കേസുമായി ബന്ധിപ്പിച്ച് പറഞ്ഞത്. എന്നാല്‍, പിന്നീട് ഈ ട്വീറ്റ് എ.എന്‍.ഐ പിന്‍വലിക്കുകയും ചെയ്തു. പൊലീസ് കുറിപ്പ് തെറ്റായി വ്യാഖ്യാനിച്ചെന്നും അതില്‍ ഖേദിക്കുന്നുവെന്നുമാണ് മറ്റൊരു ട്വീറ്റില്‍ വാര്‍ത്ത ഏജന്‍സി പറഞ്ഞത്.
അതേസമയം, എ.എന്‍.ഐ ട്വീറ്റ് ഉദ്ധരിച്ച് കൂട്ടബലാത്സംഘക്കേസില്‍ ഒരു മുസ്‌ലിമാണ് പ്രധാന പ്രതിയെന്ന് ചൂണ്ടിക്കാണിച്ച് സംഘപരിവാര്‍ പ്രൊഫൈലുകള്‍ വിദ്വേഷ പ്രചരണം നടത്തിയിരുന്നു.
Content Highlight: Criticism against the news agency ANI for spreading false information regarding the rape case in Manipur riots